ഫലസ്തീനിൽ ഇസ്രായേൽ വ്യോമാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരിക്ക്
ഇന്ന് പുലർച്ചെ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രായേൽ ആക്രമണം നടന്നത്
ഗസ്സ: ഫലസ്തീനിൽ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പത്തുപേരുടെ നില ഗുരുതരമാണ്.
ഇന്ന് പുലർച്ചെ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രായേൽ ആക്രമണം നടന്നത്. ജെനിനിലെ അഭയാർഥിക്യാംപ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്‌ലാമിക് ജിഹാദ്, ഹമാസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു ഇസ്രായേൽ സേന.
21 വയസുള്ള ഖാലിദ് അസ്സാം ദർവീശ്, 19കാരനായ ഖസ്സാം ഫൈസൽ അബൂ സരിയ, 15കാരനായ അഹ്മദ് യൂസഫ് സഖ്ർ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തിനിടയിലുള്ള പ്രത്യാക്രമണത്തിൽ ഏഴ് ഇസ്രായേൽ സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.
മാധ്യമപ്രവർത്തകർക്ക് നേരെയും ഇസ്രായേൽ സൈന്യം വെടിവെച്ചതായി റിപ്പോർട്ടുണ്ട്. ഇതിന് മുമ്പും നിരവധി തവണ ജെനിനുനേരെ ആക്രമണമുണ്ടായിട്ടുണ്ട്. ഈ വർഷം മാത്രം 26 കുട്ടികളടക്കം 159 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Adjust Story Font
16