ഹമാസിന്റെ വെടിനിർത്തൽ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ
ചർച്ചയുടെ തുടർ നടപടികൾക്കായി ഹമാസ് സംഘം കൈറോയിലേക്ക് തിരിക്കും
ദുബൈ: ദീർഘകാല വെടിനിർത്തൽ സംബന്ധിച്ച് ഹമാസ് നേതൃത്വം മുന്നോട്ടുവെച്ച നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. ഹമാസിനെ അമർച്ച ചെയ്യാതെ പിൻമാറില്ലെന്നും ഗസ്സ ഭാവിയിൽ ഇസ്രായേലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.
നിലവിലെ സ്ഥിതിയിൽ മാസങ്ങൾക്കകം ഗസ്സയിൽ ഇസ്രായേൽ സേനക്ക് സമ്പൂർണ വിജയം നേടാനാകുമെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇന്ന് ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസ് നിർദേശം ചർച്ച ചെയ്യും.
ദീർഘകാല വെടിനിർത്തലിന് ഇസ്രായേൽ നേതാക്കളെ പ്രേരിപ്പിക്കാനുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകന്റെ നീക്കം വിജയം കണ്ടില്ല. ഹമാസ് മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ ചിലതിനോട് യോജിപ്പില്ലെങ്കിലും ബന്ദിമോചനം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമാണെന്ന് ഇസ്രായേൽ നേതാക്കളുമായുള്ള ചർച്ചക്കൊടുവിൽ ആൻറണി ബ്ലിൻകൻ പ്രതികരിച്ചു.
ഗസ്സയിൽ സിവിലിയൻ കുരുതി തുടരുന്നതിൽ ആശങ്ക അറിയിച്ച ബ്ലിൻകൻ, ആവശ്യത്തിന് സഹായം ഉറപ്പാക്കാൻ വൈകരുതെന്നും നെതന്യാഹുവിനോട് അഭ്യർഥിച്ചു. വെടിനിർത്തൽ ചർച്ചകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഹമാസ് പ്രതികരണം കരാറിലേക്ക് നയിക്കാൻ സഹായകമാകുമെന്നും ചില കടുത്ത നടപടികൾ സ്വീകരിക്കാൻ ഈ ഘട്ടത്തിൽ എല്ലാവരും നിർബന്ധിതരാണെന്നും ബ്ലിൻകൻ പ്രതികരിച്ചു.
ഇന്നലെ ചേർന്ന മിനി മന്ത്രിസഭാ യോഗത്തിൽ ഹമാസ് വ്യവസ്ഥകൾ സംബന്ധിച്ച് ഭിന്നാഭിപ്രായം രൂപപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേരുന്നുണ്ടെങ്കിലും ഹമാസ് വ്യവസ്ഥകൾക്കനുസൃതമായുള്ള വെടിനിർത്തൽ തള്ളാനാണ് സാധ്യത. അതേസമയം, വെടിനിർത്തൽ ചർച്ചയുടെ തുടർ നടപടികൾക്കായി ഹമാസ് സംഘം കൈറോയിലേക്ക് തിരിക്കും. ഹമാസ് നേതാവ് ഒസാമ ഹംദാനാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രായേലി ബന്ദികളുടെ മോചനത്തിനും സമ്പൂർണ വെടിനിർത്തലിനുമായി 45 ദിവസം വീതമുള്ള മൂന്നുഘട്ട പദ്ധതിയാണ് ഹമാസ് മുന്നോട്ടുവെച്ചത്. നാലര മാസം നീളുന്ന വെടിനിർത്തൽ കാലയളവിനിടെ എല്ലാ ബന്ദികളെയും കൈമാറുമെന്നും അതോടെ ഇസ്രായേൽ സൈന്യം പൂർണമായി ഗസ്സയിൽനിന്ന് പിന്മാറണമെന്നുമാണ് ഹമാസ് നിർദേശം.
അതേസമയം, റഫയിൽ ഇസ്രായേൽ തുടരുന്ന ശക്തമായ ആക്രമണം സിവിലിയൻ കുരുതിക്ക് വ്യാപ്തിയേകുമെന്ന ആശങ്ക ശക്തമായി. ഏറ്റവും കൂടുതൽ അഭയാർഥികൾ തമ്പടിച്ച റഫയിൽ ആക്രമണം കരുതലോടെ വേണമെന്ന് ഇസ്രായേലിനോട് നിർദേശിച്ചതായി ബ്ലിൻകൻ പറഞ്ഞു. അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി ഭയാനകമായിരിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് വ്യക്തമാക്കി.
ഇറാൻ അനുകൂല മീലീഷ്യാ വിഭാഗങ്ങൾക്കെതിരെ അമേരിക്കയുടെ ആക്രമണം ഇന്നലെയും തുടർന്നു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ കാറിനു നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഇറാഖ് ഹിസ്ബുല്ല കമാണ്ടർ ബാഖിർ അൽ സാദി കൊല്ലപ്പെട്ടത്. ബഗ്ദാദിലെ മറ്റു മൂന്നിടങ്ങളിലും ആക്രമണം നടന്നു. ജോർദാൻ അതിർത്തിയിൽ മൂന്ന് യു.എസ് സൈനികരെ വധിച്ചതിനുള്ള പ്രതികാരം എന്ന നിലക്കാണ് അമേരിക്കയുടെ നടപടിയെന്ന് പെൻറഗൺ വൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16