Quantcast

ബന്ദികളെ വിട്ടുകിട്ടാതെ വെടിനിർത്തലിനില്ലെന്ന്​ ഇസ്രായേൽ; ഗസ്സയില്‍ നരഹത്യ തുടർന്ന്​ സൈന്യം

യു.എസ്​ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇന്ന്​ ഗൾഫ്​ മന്ത്രിമാരെ കാണും

MediaOne Logo

Web Desk

  • Updated:

    2023-11-04 03:23:18.0

Published:

4 Nov 2023 1:03 AM GMT

Rejecting the temporary ceasefire
X

ഗസ്സ സിറ്റി: താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി, ഗസ്സയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെ ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ. അൽ ശിഫ ആശുപത്രിക്കും പരിക്കേറ്റവരെ കൊണ്ടു പോകുന്ന ആംബുലൻസുകൾക്കും നേരെ ഇന്നലെ നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ആക്രമണം തുടർന്നാൽ ലബനാനിലും യെമനിലും പുതിയ യുദ്ധമുഖങ്ങൾ തുറക്കാൻ മടിക്കില്ലെന്ന്​ ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല മുന്നറിയിപ്പ് നല്‍കി. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം പുനഃപരിശോധിക്കണമെന്ന്​ ഇസ്രായേലിനോട്​ നിർദേശിച്ചതായി അമേരിക്ക അറിയിച്ചു.

ബന്ദിക​ളെ വിട്ടുകിട്ടാതെ താൽക്കാലിക വെടിനിർത്തലിന്​ തയാറല്ലെന്ന്​ യു.എസ്​ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനു മുമ്പാകെ വ്യക്​തമാക്കിയ ഇസ്രായേൽ ഗസ്സയിൽ കൊടുംക്രൂരതകൾ ആവർത്തിക്കുകയാണ്​. അൽ ശിഫാ ആശുപത്രിക്ക്​ നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 15 പേർ മരപ്പെട്ടു. 60 പേർക്ക്​ പരിക്കുണ്ട്​. ആശുപത്രിയുടെ മുൻഭാഗത്താണ്​ മിസൈൽ പതിച്ചത്​. യുദ്ധത്തിൽ പരിക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലൻസുകൾക്ക്​ നേരെയും സൈന്യം ബോംബാക്രമണം നടത്തി. ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരാണ്​ ആംബുലൻസിൽ ഉണ്ടായിരുന്നത്​. ഹമാസ്​ പോരാളികളാണ്​ ആംബുലൻസിൽ ഉണ്ടായിരുന്നതെന്ന ഇസ്രായേൽ സൈന്യത്തിന്‍റെ വാദം ആരോഗ്യ മന്ത്രാലയം തള്ളി.

രക്ഷതേടി തെക്കൻ ഗസ്സയിലേക്ക്​ പോകുന്നവർക്കു നേരെയും ആക്രമണം ഉണ്ടായി. കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു. ഗസ്സയിൽ ഇതുൾപ്പെടെ 967 കൂട്ടക്കുരുതികൾ ഇസ്രായേൽ നടത്തിയതായി ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം വെളി​പ്പെടുത്തി. ഇന്ധനം ഇല്ലാതായതോടെ പ്രധാന ആശുപത്രികളിൽ പലതിന്‍റെയും പ്രവർത്തനം നിലച്ചു. ലോകം അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ മാനുഷിക ദുരന്തം ഞെട്ടിക്കുന്നതായിരിക്കുമെന്ന്​ ഗസ്സയിലെ യു.എൻ ഏജൻസികൾ സംയുക്​ത പ്രസ്​താവനയിൽ വ്യക്​തമാക്കി. ഗസ്സ സിറ്റി വളഞ്ഞ ഇസ്രായേൽ സൈന്യത്തെ തുരത്താൻ ശക്​തമായ പ്രതിരോധം തുടരുന്നതായി ഹമാസ്​ അറിയിച്ചു. 25 സൈനികൾ കരയുദ്ധത്തിൽ കൊല്ലപ്പെട്ടതായും 160 പേർക്ക്​ പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു. ഗസ്സയിൽ ആക്രമണം തുടർന്നാൽ ലബനാനിലും യെമനിലും യഥാർഥ യുദ്ധമുഖം തുറക്കുമെന്ന്​ ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല പ്രഖ്യാപിച്ചതോടെ യുദ്ധവ്യാപ്​തി സംബന്​ധിച്ച ആശങ്ക വർധിച്ചിരിക്കുകയാണ്​.

മൂന്നാം തവണയും ഇസ്രായേലിൽ എത്തിയ യു.എസ്​ വിദേശകാര്യ നെതന്യാഹു ഉൾപ്പെടെയുള്ളവരുമായി യുദ്ധകാര്യങ്ങൾ ചർച്ച ചെയ്​തു. ഇന്ന്​ ജോർദാൻ രാജാവുമായും ബ്ലിങ്കന്‍ ചർച്ച നടത്തും. ഈജിപ്​ത്​, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരെയും ബ്ലിങ്കന്‍ കാണും. ബന്ദികളെ കണ്ടെത്താൻ അയച്ച ആളില്ലാ വിമാനം ഗസ്സയിൽ നിരീക്ഷണം തുടരുകയാണെന്ന്​ ​അമേരിക്ക വ്യക്​തമാക്കി.

Summary: Rejecting the temporary ceasefire, Israel intensified its attacks on civilian centers in Gaza

TAGS :

Next Story