ഇസ്രായേലിന്‍റെ ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീര്‍ പാകിസ്താനില്‍; പ്രതിഷേധിച്ചപ്പോള്‍ നീക്കം ചെയ്തു
എഡിറ്ററുടെ പിഴവ് മൂലമാണ് ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതെന്ന് ഇസ്രായേല്‍ അംബാസിഡര്‍ റൂവൻ അസര്‍ വ്യക്തമാക്കി
ജറുസലെം: ജമ്മുകശ്മീരിനെ പാകിസ്താന്‍റെ ഭാഗമായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഭൂപടം ഇസ്രായേല്‍ നീക്കം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ സര്‍ക്കാര്‍ തങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് ഭൂപടം നീക്കം ചെയ്തത്. എഡിറ്ററുടെ പിഴവ് മൂലമാണ് ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതെന്ന് ഇസ്രായേല്‍ അംബാസിഡര്‍ റൂവൻ അസര്‍ വ്യക്തമാക്കി.
“വെബ്സൈറ്റ് എഡിറ്ററുടെ തെറ്റാണ്. ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. നീക്കം ചെയ്‌തു,” പ്രശ്‌നം ആദ്യം ചൂണ്ടിക്കാട്ടിയ ഉപയോക്താവിനുള്ള മറുപടിയായി അസർ എക്‌സിൽ പോസ്റ്റ് ചെയ്തു.' ഇന്ത്യ ഇസ്രായേലിനൊപ്പം നിൽക്കുന്നു. എന്നാൽ ഇസ്രായേൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമോ? ഇസ്രായേലിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യയുടെ ഭൂപടം (ജമ്മു കശ്മീര്‍ ഭാഗം നോക്കുക) ശ്രദ്ധിക്കൂ,” എന്നായിരുന്നു അഭിജിത് ചാവ്ദ എന്ന ഉപയോക്താവ് എക്സില്‍ കുറിച്ചത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.
നേരത്തെയും ഇന്ത്യന്‍ ഭൂപടം ഇത്തരത്തില്‍ തെറ്റായി പ്രസിദ്ധീകരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. 2021ല്‍ ജമ്മുകശ്മീരും ലഡാക്കും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയതിന് പ്രമുഖ സമൂഹമാധ്യമമായ എക്സിനെതിരെ കേസെടുത്തിരുന്നു. ബജ്‍റംഗ്‍ദള്‍ നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സ് എംഡി മനീഷ് മഹേശ്വരിക്കെതിരെ യുപി പൊലീസ് കേസെടുത്തത്. നേരത്തെ സംഭവം വിവാദമായതിനെ തുടര്‍ന്ന് പേജില്‍ നിന്ന് വിവാദ ഭൂപടം എക്സ് പിന്‍വലിച്ചിരുന്നു.ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ക്കിടെയാണ് എക്സ് തന്നെ ഭൂപടം നീക്കിയത്. എക്സ് പേജില്‍ നല്‍കിയിരുന്ന ഭൂപടം അനുസരിച്ച് ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമല്ലായിരുന്നു.
ലോകാരോഗ്യ സംഘടനയും വെബ്സൈറ്റിലും ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ച സംഭവമുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ വിമര്‍ശനത്തെ തുടര്‍ന്ന് പിന്നീട് ഈ മാപ് ഡബ്ള്യൂഎച്ച്ഒ നീക്കം ചെയ്യുകയായിരുന്നു.യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം ചിത്രീകരിച്ചത് വിവാദമായി. ജമ്മു കാശ്മീരിൽ നിന്ന് പാക് അധീന കശ്മീരിന്‍റെയും ലഡാക്കിന്‍റെയും ചില ഭാഗങ്ങൾ ഭൂപടത്തിൽ ഇല്ലാത്തതാണ് വിവാദമായത്. അക്സായി ചിൻ, ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശം ഒരു പ്രത്യേക മേഖലയായി ചിത്രീകരിക്കുകയും പാക് അധീന കശ്മീർ പാകിസ്താന്‍റെ ഭാഗമാക്കിയുമാണ് ഭൂപടം പ്രസിദ്ധീകരിച്ചത്.
നേരത്തെ ചൈനയും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന സ്വന്തം ഭൂപടം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു. ചെെനയുടെ പ്രകൃതിവിഭവ മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയത്.ഭൂപടത്തിൽ, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈന ഈ ഭൂപടത്തിലൂടെ അവകാശപ്പെട്ടത്.
പാകിസ്താനും ഇത്തരത്തില്‍ വിവാദ മാപ് പുറത്തിറക്കിയിട്ടുണ്ട്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലായിരുന്നു പാകിസ്താന്‍റെ പ്രകോപനപരമായ നീക്കം. ജമ്മുകശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും ഉൾപ്പെടുത്തിയ പാകിസ്താന്‍റെ പുതിയ ഭൂപടം അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് പ്രകാശനം ചെയ്തത്. പുതിയ ഭൂപടം പാകിസ്താനിലെ ജനങ്ങളുടെ പ്രതീക്ഷകളെയും വിശ്വാസങ്ങളെയും അംഗീകരിക്കുന്നതും ജനങ്ങളുടെ പൂർത്തീകരിക്കാത്ത ആഗ്രഹങ്ങൾക്ക് അംഗീകാരം നൽകുന്നതുമാകുന്നു എന്നായിരുന്നു ഇമ്രാൻ ഖാന്‍റെ പ്രതികരണം.നേരത്തെ ഇന്ത്യയുടെ ഭൂപ്രദേശം ഉള്‍പ്പെടുത്തി നേപ്പാളും ഭൂപടം പുറത്തിറക്കിയിരുന്നു.
Adjust Story Font
16