Quantcast

വെടിനിർത്തലിന് ശേഷം കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; ഗസ്സയിൽ ബോംബാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു

ഗസ്സയിലെ മിക്ക ആശുപത്രികളും തകർന്നതിനാൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ആവശ്യത്തിനുള്ള സൗകര്യങ്ങളില്ല.

MediaOne Logo

Web Desk

  • Updated:

    2023-12-01 12:52:52.0

Published:

1 Dec 2023 12:51 PM GMT

israel restart bombing in gaza after truce expires atleast 70 killed
X

​ഗസ്സ: ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിന് ശേഷം ഗസ്സയ്ക്കു നേരെ ആക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. ഇന്ന് മാത്രം 70 പേരെയാണ് ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്. തെക്കൻ ഗസ്സയിലുള്ളവരോടും ഒഴിഞ്ഞുപോകാൻ ഭീഷണിമുഴക്കുകയാണ് ഇസ്രായേൽ സേന. ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം ലഘുലേഖകൾ വിതറി. ആക്രമണം ഇനിയും രൂക്ഷമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

വടക്കൻ ഗസ്സയെന്നോ തെക്കൻ ഗസ്സയെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ബോംബുകൾ വർഷിക്കുകയാണ് ഇസ്രായേൽ. റഫ, ഖാൻ യൂനിസ്, ജബാലിയ, മഗാസി, നുസരിയത്ത് എന്നിവിടങ്ങളിലെ ഡസൻകണക്കിന് പാർപ്പിടങ്ങൾ ഇസ്രായേൽ തകർത്തു. കൊല്ലപ്പെട്ടവരിൽ രണ്ട് ആരോഗ്യപ്രവർത്തകരും ഒരു പത്രപ്രവർത്തകനും ഉൾപ്പെടും. ഗസ്സയിലെ മിക്ക ആശുപത്രികളും തകർന്നതിനാൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ആവശ്യത്തിനുള്ള സൗകര്യങ്ങളില്ല.

ഇസ്രായേൽ വ്യോമാക്രമണം പുനരാരംഭിച്ചതിനെത്തുടർന്ന് തിങ്ങിനിറഞ്ഞ ആശുപത്രികളിൽ ചികിത്സ തേടുന്ന പരിക്കേറ്റവർക്ക് വലിയ മുറിവുകളുമായി നിലത്താണ് കിടക്കേണ്ടിവരുന്നതെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു.

വെടിനിര്‍ത്തല്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇസ്രായേൽ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയത്. ഹമാസ് ഉടമ്പടി ലംഘിച്ചെന്നാരോപിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. തടവിലുള്ള സ്ത്രീകളെയും കുട്ടികളെയും വിട്ടുനൽകാമെന്നുള്ള വാഗ്ദാനങ്ങൾ നിരസിച്ച ഇസ്രായേൽ ഗസ്സയിലെ വംശഹത്യയാണ് ലക്ഷ്യമിടുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി.

വെടിനിർത്തലിനു ശേഷം ഒരാഴ്ചയ്ക്കിടെ 105 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. അതേസമയം, ​ഗസ്സയിൽ ഒക്ടോബർ ഏഴ് മുതൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15000 കടന്നു. ഇതിൽ 3300ലേറെയും കുട്ടികളാണ്.

TAGS :

Next Story