ഹമാസിനെ വീഴ്ത്താന്‍ മാസങ്ങളോളം പോരാടാന്‍ തയ്യാറെന്ന് ഇസ്രായേല്‍
യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പ്രധാന മധ്യസ്ഥ പങ്കുവഹിച്ച ഖത്തര്‍ അറിയിച്ചിരുന്നു
യോവ് ഗാലന്‍റ്
ജറുസലെം: ഹമാസിനെ തോല്‍പ്പിക്കാന്‍ മാസങ്ങളോ അതിലധികമോ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍. വ്യോമാക്രമണങ്ങളിലൂടെയും വെടിവെപ്പിലൂടെയും ഗസ്സക്കെതിരെയുള്ള കരയാക്രമണം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്‍റെ പ്രതികരണം.
യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പ്രധാന മധ്യസ്ഥ പങ്കുവഹിച്ച ഖത്തര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇസ്രായേല്‍ നിലപാട് വ്യക്തമാക്കിയതോടെ വെടിനിര്‍ത്തലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്.യുദ്ധത്തില്‍ 17,700ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനു ശേഷം ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗസ്സയിലെ 2.3 ദശലക്ഷം പേരില്‍ 90 ശതമാനം പേര്‍ക്കും സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. പ്രദേശം സുരക്ഷിതമായ സ്ഥലമല്ലെന്ന് യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹമാസ് ആക്രമണത്തില്‍ 1200 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചു. 97 ഇസ്രായേലി സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടു.
അതേസമയം ഹമാസിനെതിരായ പോരാട്ടം അവസാനിപ്പിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് പറഞ്ഞു. കരയാക്രമണം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നും കൂടുതൽ സൈനിക പ്രവർത്തനങ്ങൾ മാസങ്ങളോളം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.“ഞങ്ങൾ സ്വയം പ്രതിരോധിക്കാൻ പോകുന്നു. ഇസ്രായേലിന്‍റെ ഭാവിക്ക് വേണ്ടിയാണ് ഞാൻ പോരാടുന്നത്," ഗാലന്‍റ് വ്യക്തമാക്കി. തെക്കൻ നഗരമായ ഖാൻ യൂനിസിലും പരിസരത്തും ഇസ്രായേൽ സൈന്യം പോരാട്ടം തുടരുകയാണ്. അവിടെ സൈന്യം കഴിഞ്ഞ ആഴ്ച പുതിയ ആക്രമണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഗസ്സ നഗരത്തിന്‍റെ ചില ഭാഗങ്ങളിലും വടക്കൻ ഗസ്സയിലെ നഗര ജബലിയ അഭയാർത്ഥി ക്യാമ്പിലും ഇപ്പോഴും ആക്രമണം നടക്കുന്നുണ്ട്.അവിടെ വലിയ പ്രദേശങ്ങൾ അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു, ആയിരക്കണക്കിന് സാധാരണക്കാർ ഇപ്പോഴും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.
ഹമാസിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും സൈനിക ശേഷി ഇല്ലാതാക്കുകയും ബന്ദികളാക്കിയ എല്ലാവരെയും തിരിച്ചുപിടിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഹമാസിന്‍റെ പക്കല്‍ ഇപ്പോഴും 117 ബന്ദികളുണ്ടെന്നും ആക്രമണത്തിനിടയിലോ ബന്ദിയാക്കപ്പെട്ട സമയത്തോ മരിച്ച 20 പേരുടെ മൃതദേഹങ്ങള്‍ ഉണ്ടെന്നുമാണ് ഇസ്രായേലിന്‍റെ ആരോപണം.കഴിഞ്ഞ മാസം 100 ലധികം ബന്ദികളെ വിട്ടയച്ചിരുന്നു. ബന്ദികളാക്കിയ എല്ലാ കുട്ടികളുടെയും ചിത്രങ്ങളടങ്ങിയ ഒരു ഫോട്ടോ ഫ്രയിം ഗാലന്‍റെ തന്‍റെ മേശപ്പുറത്ത് സൂക്ഷിച്ചിട്ടുണ്ട്.
Adjust Story Font
16