ഗസ്സയിൽ വെടിനിർത്തലിനില്ല; കടുത്ത നിലപാടുമായി ഇസ്രായേൽ
ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് സ്ലൊവേനിയ
ദുബൈ: ഇസ്രായേലിന്റെയും ഹമാസിന്റെയും ഭാഗത്തുനിന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വെടിനിർത്തൽ നിർദേശത്തിൽ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് മധ്യസ്ഥരാജ്യമായ ഖത്തർ അറിയിച്ചു. ബൈഡന്റെ നിർദേശം അംഗീകരിച്ച് ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാകണമെന്ന് യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു.
ഇസ്രായേൽ പാർലമെൻറിലെ 70 അംഗങ്ങൾ ഹമാസുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണക്കുന്ന പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ, സ്മ്രോട്രിക്, ബെൻ ഗവിർ ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷ മന്ത്രിമാർ വെടിനിർത്തൽ നീക്കത്തെ ചെറുക്കുമെന്ന് വ്യക്തമാക്കി. അതിനിടെ, ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് തടവിലാക്കിയ ബന്ദികളിൽ നാലുപേർകൂടി മരിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ആശുപത്രികളും ബേക്കറികളും നിലച്ചതു മൂലം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. പരിക്കേറ്റവർക്ക് ചികിൽസ പൂർണമായും നിഷേധിക്കപ്പെടുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
സിറിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ഇറാൻ സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഇറാൻ സൈനിക ഉപദേഷ്ടാവ് സഈദ് അബിയാർ അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്. ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി പിന്തുണച്ച് മറ്റൊരു യൂറോപ്യൻ രാജ്യമായ സ്ലൊവേനിയയും രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട പ്രമേയം സ്ലൊവേനിയൻ പാർലമെൻറ് പാസാക്കി.
Adjust Story Font
16