Quantcast

സുരക്ഷാ കാബിനറ്റിലും അന്തിമ തീരുമാനമില്ല; ഇറാനെതിരായ തിരിച്ചടിയിൽ ഇസ്രായേലിൽ ആശയക്കുഴപ്പം

ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന യോവ് ഗാലന്റിന്റെ യുഎസ് യാത്ര അവസാന നിമിഷം നെതന്യാഹുവിന്റെ ഇടപെടലിൽ മാറ്റിവയ്ക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    11 Oct 2024 12:25 PM GMT

‘No big resolutions’ made at Israel security cabinet meeting on retaliation against Iran, Israel media reports, Iran missile attack, Israel, Israel Hezbollah war, Lebanon, Israel Gaza attack, Hamas,
X

തെൽ അവീവ്: ഒക്ടോബർ ഒന്നിന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുള്ള തിരിച്ചടിയെ ചൊല്ലി ഇസ്രായേലിൽ ആശയക്കുഴപ്പം തുടരുന്നു. വിഷയം ചർച്ച ചെയ്യാനായി ചേർന്ന ഇസ്രായേൽ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായില്ലെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യോഗത്തിൽ വലിയ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് ഒതു മുതിർന്ന സർക്കാർ വൃത്തത്തെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.

ഇന്നലെ രാത്രിയാണ് ഇസ്രായേൽ സെക്യൂരിറ്റി കാബിനറ്റ് യോഗം ചേർന്നത്. അമേരിക്കയുമായി സഹകരിച്ച് പ്രത്യാക്രമണം എങ്ങനെയാകണമെന്നു തീരുമാനിക്കാനാണ് ഇന്നലെയും ധാരണയായത്. ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നേരത്തെ നിശ്ചയിച്ച പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ യുഎസ് യാത്രയും നീളുകയാണ്. ഇറാനെതിരായ പ്രത്യാക്രമണം ചർച്ച ചെയ്യാനായി ഗാലന്റ് അമേരിക്കയിലേക്കു തിരിക്കുമെന്നു നേരത്തെ വാർത്തകളുണ്ടായിരുന്നു.

ബുധനാഴ്ച യോവ് ഗാലന്റ് യുഎസിൽ എത്തുമെന്നായിരുന്നു നേരത്തെ റിപ്പോർട്ട്. നേരത്തെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇടപെടലിൽ യാത്ര മാറ്റിവച്ചിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് യാത്ര മാറ്റിയതെന്നാണ് യോവ് ഗാലന്റ് പ്രതികരിച്ചതെന്ന് ഇസ്രായേൽ മാധ്യമമായ 'വൈ നെറ്റ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. നെതന്യാഹുവും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ വിഷയത്തിൽ ചർച്ച നടത്തുന്നുണ്ടെന്നാണു കാരണമായി പറഞ്ഞത്. ഇസ്രായേൽ സർക്കാരിനെയും പ്രധാനമന്ത്രിയെയും പ്രതിനിധീകരിക്കുന്നയാളാണ് പ്രതിരോധ മന്ത്രിയെന്നും ഔദ്യോഗിക അനുമതിയില്ലാതെ നയതന്ത്രപരമായ യാത്രകൾ നടക്കില്ലെന്നും യോവ് ഗാലന്റിന്റെ ഓഫിസ് വിശദീകരിച്ചിട്ടുണ്ട്.

തെൽ അവീവിൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഇസ്രായേലിനെ ഞെട്ടിപ്പിച്ചിരുന്നു. ഇതിനുശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും ഇതുവരെയും ഇസ്രായേൽ ഒരു തിരിച്ചടിയും നടത്തിയിട്ടില്ല. ഇറാന്റെ ആണവതാവളങ്ങളും എണ്ണ ഉൽപാദന കേന്ദ്രങ്ങളും ആക്രമിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇത്തരമൊരു നീക്കത്തിൽനിന്ന് ഇസ്രായേലിനെ യുഎസ് പിന്തിരിപ്പിച്ചതായും പിന്നീട് റിപ്പോർട്ടുകൾ വന്നു. ഇറാൻ റെവല്യൂഷനറി ഗാർഡ് തലവന്മാർ ഉൾപ്പെടെ പ്രമുഖരെ വകവരുത്തി കണക്കുതീർക്കാനാണ് ഇപ്പോൾ ഇസ്രായേൽ ആലോചിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതിനിടെ, ഇറാന്റെ എണ്ണ താവളങ്ങളിൽ ആക്രമണം നടത്തുന്നത് തടയണമെന്ന് അമേരിക്കയോട് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടതായി 'വൈ നെറ്റ് ന്യൂസ്' റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടന്നാൽ തങ്ങളുടെ എണ്ണ സജ്ജീകരണങ്ങളെ കൂടി അതു ബാധിക്കുമെന്ന ഭയമാണു രാഷ്ട്രങ്ങൾ പങ്കുവച്ചത്. ഇറാനെതിരായ പ്രത്യാക്രമണത്തിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അമേരിക്കയോടും രാജ്യങ്ങൾ അറിയിച്ചിരിക്കുകയാണ്. നേരത്തെ, ഇറാൻ വിദേശകാര്യ മന്ത്രിയും വിവിധ ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും തമ്മിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ കൂടിക്കാഴ്ച നടന്നിരുന്നു. യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണു വിവരം.

ഒക്ടോബര്‍ ഒന്നിനു പുലര്‍ച്ചെയായിരുന്നു ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. മൊസാദ് ആസ്ഥാനത്തനും രണ്ട് വ്യോമതാവളങ്ങളിലും ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി സ്ഥിരീകരണം വന്നിട്ടുണ്ട്. 200ഓളം മിസൈലുകളാണ് ഇറാനില്‍നിന്ന് ഇസ്രായേലിലേക്ക് അയച്ചിരുന്നത്. ഏതാനും മിസൈലുകള്‍ ഇസ്രായേലിന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്. 20 മിസൈലുകള്‍ തകര്‍ത്തതായി അമേരിക്കയും അവകാശപ്പെട്ടിരുന്നു. എന്നാല്‍, അതീവസുരക്ഷാ കേന്ദ്രങ്ങളില്‍ നാശമുണ്ടാക്കാനും മിസൈലുകള്‍ക്കായിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം തന്നെ സ്ഥിരീകരിച്ചു. ഓഫിസ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മാത്രമാണ് ആക്രമണമുണ്ടായതെന്നും യുദ്ധവിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കും ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും ഐഡിഎഫ് അവകാശപ്പെട്ടിരുന്നു.

Summary: ‘No big resolutions’ made at Israel security cabinet meeting on retaliation against Iran, Israel media reports

TAGS :

Next Story