Quantcast

'ഗസ്സയെ മരുപ്പറമ്പാക്കണം; ഓഷ്‌വിറ്റ്‌സിനു സമാനമായ മ്യൂസിയം ആക്കണം'-വിദ്വേഷ പരാമർശങ്ങളുമായി ഇസ്രായേൽ നേതാവ്

''മുഴുവൻ ഗസ്സക്കാരോടും ബീച്ചിലേക്കു പോകാൻ പറയൂ. നാവികക്കപ്പലുകളിൽ ഭീകരവാദികളെ നിറച്ച് ലബനാൻ തീരങ്ങളിൽ തള്ളണം. ഓഷ്‌വിറ്റ്‌സ് പോലെ ഇസ്രായേലിന്റെ ശക്തി പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം ആകട്ടെ അത്.''

MediaOne Logo

Web Desk

  • Published:

    18 Dec 2023 9:38 AM GMT

The entire Gaza Strip should be emptied and levelled flat, just like in Auschwitz: Head of the Metula settlement council in Galilee David Azoulai
X

തെൽഅവീവ്: ഗസ്സയെ ഓഷ്‌വിറ്റ്‌സ് തടങ്കൽപാളയം പോലെയാക്കണമെന്ന് ഇസ്രായേൽ നേതാവ്. ഗസ്സയിലെ ഫലസ്തീനികളെ മുഴുവൻ ലബനാനിലെ അഭയാർത്ഥി ക്യാംപിലേക്ക് അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേൽ നഗരമായ മെറ്റുലയിലെ കുടിയേറ്റ കൗൺസിൽ നേതാവായ ഡേവിഡ് അസൂലായ് ആണ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. ഗസ്സയെ തകർത്തെറിഞ്ഞ് മരുപ്പറമ്പുപോലെ നിരപ്പാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

പ്രാദേശിക റേഡിയോ ആയ '103എഫ്.എമ്മി'നു നൽകിയ അഭിമുഖത്തിലാണ് ഡേവിഡ് അസൂലായിയുടെ വിവാദ പരാമർശങ്ങൾ. ''ഒക്ടോബർ ഏഴിനുശേഷം ജനങ്ങളോട് തെക്കുഭാഗത്തേക്കു പോകാൻ നിർദേശിക്കുന്നതിനു പകരം ബീച്ചുകളിലേക്ക് അയക്കുകയായിരുന്നു വേണ്ടിയിരുന്നത്. അവിടെനിന്ന് നാവികസേന അവരെ ലബനാൻ തീരങ്ങളിലേക്കു കൊണ്ടുപോകണം. അവിടെ അത്യാവശ്യത്തിന് അഭയാർത്ഥി ക്യാംപുകളുണ്ട്. അതിനുശേഷം കടലിനും ഗസ്സ അതിർത്തിക്കും ഇടയിൽ ഒരു സുരക്ഷാ മുനമ്പ് സ്ഥാപിക്കണം. മുൻപ് അവിടെ എന്തായിരുന്നു ഉണ്ടായിരുന്നുവെന്നതിനുള്ള ഓർമപ്പെടുത്തലായി അതിനെ പൂർണമായും ശൂന്യമാക്കിക്കളയുകയും ഓഷ്‌വിറ്റ്‌സ് തടങ്കൽപാളയത്തിനു സമാനവുമാക്കണം.''-അഭിമുഖത്തിൽ ഡേവിഡ് അസൂലായ് ആവശ്യപ്പെട്ടു.

''മുഴുവൻ ഗസ്സക്കാരോടും ബീച്ചിലേക്കു പോകാൻ പറയൂ. നാവികക്കപ്പലുകളിൽ ഭീകരവാദികളെ നിറച്ച് ലബനാൻ തീരങ്ങളിൽ തള്ളണം. ഓഷ്‌വിറ്റ്‌സ് പോലെ ഗസ്സ മുനമ്പ് മരുപ്പറമ്പാക്കണം. ഇസ്രായേലിന്റെ ശക്തിസംവിധാനങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം ആകട്ടെ അത്. ഗസ്സ മുനമ്പിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെയെല്ലാം അതിൽനിന്നു പിന്തിരിപ്പിക്കുന്ന തരത്തിലാകണമത്. അതൊരു ദൃശ്യാവിഷ്‌ക്കാരം പോലെയാകണം.''

ഒക്ടോബർ ഏഴ് രണ്ടാം ഹോളോകോസ്റ്റ് ആയിരുന്നുവെന്നും അസൂലായ് പറഞ്ഞു. ലബനാനിൽ അഭയാർത്ഥി ക്യാംപുകളുണ്ടല്ലോ.. അവർ അങ്ങോട്ട് പോകട്ടെ. ഗസ്സയെ നമ്മൾ തകർത്തുകളഞ്ഞ്, വിജനമാക്കിക്കളയണം. അവിടെ ജീവിച്ചവരുടെ ഭ്രാന്തിനെ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമാക്കണമെന്നും അദ്ദേഹം തുടർന്നു.

ഹിസ്ബുല്ല തെക്കൻ മേഖലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അതിനെ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മുടെ ദൗർബല്യമായി അവരതിനെ കാണും. ഭീകരവാദം എത്ര ശക്തമാണെങ്കിലും ഇങ്ങനെ ഭീതിയിൽ കഴിയാൻ നമ്മെക്കൊണ്ടാകില്ല. ആളുകളെ വീടുകളിൽനിന്ന് പിഴുതെറിയാനാകില്ല. യുദ്ധവും അപകടങ്ങളുമൊന്നും നമ്മൾ ആഗ്രഹിക്കുന്നില്ല. ഹിസ്ബുല്ല സമാധാനപരമായി കീഴടങ്ങുമെന്നു വിശ്വസിക്കുന്നില്ലെന്നും അഭിമുഖത്തിൽ ഡേവിഡ് അസൂലായ് കൂട്ടിച്ചേർത്തു.

Summary: ''The entire Gaza Strip should be emptied and levelled flat, just like in Auschwitz'': Head of the Metula settlement council in Galilee David Azoulai

TAGS :

Next Story