ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് സ്‌പെയിൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ; ഭീകരവാദത്തിനുള്ള പ്രതിഫലമെന്ന് ഇസ്രായേൽ
ബ്രസൽസിൽ ചേർന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിനുശേഷമായിരുന്നു സ്‌പെയിൻ, അയർലൻഡ്, മാൾട്ട, സ്ലോവേനിയ എന്നീ യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് സംയുക്ത വാർത്താകുറിപ്പ് പുറത്തിറക്കിയത്
തെൽഅവീവ്: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളുടെ നടപടിക്കെതിരെ വിമർശനവുമായി ഇസ്രായേൽ. ഭീകരവാദത്തിനുള്ള പ്രതിഫലമാണിതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വക്താവ് ലയർ ഹയാത്ത് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് സ്‌പെയിൻ, അയർലൻഡ്, മാൾട്ട, സ്ലോവേനിയ എന്നീ യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് സംയുക്ത വാർത്താകുറിപ്പ് പുറത്തിറക്കിയത്.
ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയ്ക്കുശേഷമുള്ള ഫലസ്തീൻ രാഷ്ട്രത്തിനുള്ള അംഗീകാരം ഹമാസിനും മറ്റ് ഫലസ്തീൻ ഭീകരവാദ സംഘടനകൾക്കുമുള്ള കൃത്യമായ സന്ദേശമാണു നൽകുന്നതെന്ന് ലയർ പറഞ്ഞു. ഇസ്രായേലികൾക്കെതിരെയുള്ള ഭീകരാക്രമണങ്ങൾക്കു ഫലസ്തീനികൾക്കുള്ള രാഷ്ട്രീയ ഇടപെടലുകൡലൂടെ പകരം നൽകുമെന്ന സന്ദേശമാണ് ഇതു നൽകുന്നത്. ഫലസ്തീനെ രാജ്യമായി അംഗീകരിക്കാനുള്ള ഏതു നീക്കവും പ്രശ്‌നങ്ങളിൽ സമാവയത്തിലെത്താനുള്ള സാധ്യതകൾ നീട്ടിക്കൊണ്ടുപോകുകയും പ്രാദേശികമായ അസ്ഥിരത കൂട്ടുകയും മാത്രമേ ചെയ്യൂവെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
മാർച്ച് 22ന് ബ്രസൽസിൽ നടന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിനുശേഷമായിരുന്നു നാല് ഇ.യു അംഗരാജ്യങ്ങളുടെ പ്രഖ്യാപനം. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് ആണ് പ്രഖ്യാപനം നടത്തിയത്. യൂറോപ്യൻ കൗൺസിലിനിടെയാണ് സ്‌പെയിൻ, അയലർലൻഡ്, മാൾട്ട, സ്ലോവേനിയ രാഷ്ട്രത്തലവന്മാർ ഗസ്സയിലെ ഇസ്രായേൽ ആക്രമണം ഫലസ്തീൻ വിഷയവും ചർച്ച ചെയ്യാനായി കൂടിക്കാഴ്ച നടത്തിയത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ മേഖലയിൽ സമാധാനവും സുസ്ഥിരതയുമുണ്ടാകൂവെന്നാണ് സംയുക്ത വാർത്താകുറിപ്പിൽ നേതാക്കൾ പറഞ്ഞത്. ഫലസ്തീനും ഇസ്രായേലും സമാധാനത്തോടെയും സുരക്ഷിതമായും കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
Summary: Israel slams Spain, Malta, Slovenia and Ireland for intention to recognise Palestine
Adjust Story Font
16