റഫയിൽ കൂട്ടക്കുരുതി ആരംഭിച്ച് ഇസ്രായേൽ; 28 പേർ കൊല്ലപ്പെട്ടു
സൈനിക മേധാവിയുമായി ഇടഞ്ഞ് നെതന്യാഹു
ദുബൈ: അഭയാർഥികൾ തമ്പടിച്ച റഫയിൽ കൂട്ടക്കൊലക്ക് തുടക്കം കുറിച്ച് ഇസ്രായേൽ സൈന്യം. ഇന്നലെ 28 പേരെയാണ് സൈന്യം വധിച്ചത്.
ഗസ്സയിൽ ജനങ്ങളിൽ പകുതിയോളം താമസിക്കുന്ന ഭാഗമാണ് റഫ. ലോകരാജ്യങ്ങളുടെ കടുത്ത എതിർപ്പ് അവഗണിച്ച് റഫക്ക് നേരെ കര, വ്യോമാക്രമണം ശക്തിപ്പെടുത്താൻ തന്നെയാണ് നെതന്യാഹുവിന്റെ തീരുമാനം.
എന്നാൽ, സൈനിക മേധാവിയുമായി നെതന്യാഹു ഇടഞ്ഞതായി ഇസ്രായേലി ചാനൽ 13 റിപ്പോർട്ട് ചെയ്തു. കൂടുതൽ റിസർവ് സൈനികരെ രംഗത്തിറക്കാൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. റഫ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി.
തെൽ അവീവിൽ സെൻട്രൽ സ്ട്രീറ്റ് ഉപരോധിച്ച ബന്ധുക്കളിൽ ചിലരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. റഫ ആക്രമണം അപകടകരമായിരിക്കുമെന്ന് സൗദി അറേബ്യ ഉൾപ്പെടെ മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിന് താക്കീത് നൽകി.
ഫലസ്തീൻ ജനതക്ക് റഫക്കപ്പുറം പോകാൻ മറ്റൊരു ഇടമില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഫയിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തത്തിൽനിന്ന് അമേരിക്കക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി.
അൽശിഫ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അബു സാൽമിയയെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. കൈ ഒടിച്ചെന്നും കഴുത്തിൽ ചങ്ങല കെട്ടി നായയെപ്പോലെ വലിച്ചിഴച്ചുവെന്നും സഹപ്രവർത്തകർ അറിയിച്ചു.
ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 28,064 ആയി. 67,611 പേർക്കാണ് പരിക്ക്. ഗസ്സയെ ഇസ്രായേൽ സൈന്യം നിർമിത ബുദ്ധി ആയുധങ്ങളുടെ പരീക്ഷണശാലയാക്കുന്നതായും റിപ്പോർട്ടുണ്ട്. ഇസ്രായേലി ടെക് സ്റ്റാർട്ടപ്പായ നാഷനൽ സെൻട്രൽ ചീഫ് എക്സിക്യൂട്ടീവ് അവി ഹാസോണിനെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇസ്രായേൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ലബനാനിൽനിന്ന് നിരവധി മിസൈലുകൾ അയച്ചതായി ഹിസ്ബുല്ല അറിയിച്ചു. കിർയത് ഷ്മോനയിൽ മിസൈൽ പതിച്ച് നാശനഷ്ടങ്ങൾ ഉണ്ടായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുമായി ഇറാൻ വിദേശകാര്യ മന്ത്രി ചർച്ച നടത്തി.
അതേസമയം, സിറിയയിൽ ഹമാസ് നേതാവിനെ വധിക്കാനുള്ള ഇസ്രായേൽ നീക്കം വിഫലമായി. ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. അമേരിക്കയും ബ്രിട്ടനും നടത്തിയ വ്യോമാക്രമണത്തിൽ 17 ഹൂതി പോരാളികൾ കൊല്ലപ്പെട്ടു. ആക്രമണത്തിനിടയിലും പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്ന് ഹൂതികൾ വ്യക്തമാക്കി.
Adjust Story Font
16