കൊന്നിട്ടും തീരാത്ത ക്രൂരത; ഫലസ്തീനികളുടെ മൃതദേഹങ്ങളിൽനിന്ന് ഇസ്രായേൽ സൈന്യം അവയവങ്ങൾ കടത്തിയതായി റിപ്പോര്‍ട്ട്
വികൃതമാക്കിയ നിലയിലുള്ള 80ലേറെ മൃതദേഹങ്ങളാണു കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം റെഡ്ക്രോസിനു കൈമാറിയത്
ഗസ്സ സിറ്റി: ഇസ്രായേലിന്റെ യുദ്ധഭീകരതയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. ഗസ്സയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽനിന്ന് അവയവങ്ങൾ കടത്തിയതായി റിപ്പോർട്ട്. ഗസ്സയിലെ ഫലസ്തീൻ ഇൻഫർമേഷൻ സെന്റർ(പി.ഐ.സി) ആണു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
വികൃതമാക്കിയ 80ലേറെ മൃതദേഹങ്ങളാണു കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം കൈമാറിയതെന്ന് പി.ഐ.സി പ്രസ്താവനയിൽ വെളിപ്പെടുത്തി. പ്രധാനപ്പെട്ട അവയവങ്ങളെല്ലാം മോഷ്ടിച്ച നിലയിലായിരുന്നു എല്ലാമുണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങളും സ്ഥലവുമെല്ലാം വെളിപ്പെടുത്താൻ ഇസ്രായേൽ തയാറായില്ലെന്നു പ്രസ്താനയിൽ ചൂണ്ടിക്കാട്ടി.
ഇന്റർനാഷനൽ കമ്മിറ്റി ഓഫ് റെഡ്‌ക്രോസ്(ഐ.സി.ആർ.സി) വഴിയാണ് ഡിസംബർ 26നു മൃതദേഹങ്ങൾ ഗസ്സ അധികൃതർക്കു കൈമാറിയത്. ചിലതു ദ്രവിച്ചുപോയ നിലയിലും ചിലത് അവയവങ്ങൾ ഛേദിക്കപ്പെട്ടു തിരിച്ചറിയാനാകാത്ത സ്ഥിതിയിലുമായിരുന്നുവെന്ന് റഫായിലെ മുഹമ്മദ് യൂസുഫ് അൽനജ്ജാർ ആശുപത്രി ഡയരക്ടർ മർവാൻ അൽഹംസ് വെളിപ്പെടുത്തി. ഒരു കണ്ടെയ്‌നറിലാണു മൃതദേഹങ്ങൾ കൊണ്ടുവന്നത്. യു.എൻ ഉദ്യോഗസ്ഥരും ഇതിനു സാക്ഷികളാണെന്ന് മർവാൻ പറഞ്ഞു.
ഒരു സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണസംഘം രൂപീകരിച്ചു സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പി.ഐ.സി ആവശ്യപ്പെട്ടു. ഗസ്സയിലെ ജബാലിയയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ട ഖബറിടങ്ങളിൽനിന്ന് ഇസ്രായേൽ സൈന്യം മൃതദേഹങ്ങൾ പുറത്തെടുത്തതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
പുറത്തുവരുന്നത് ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങളാണെന്ന് ഹമാസ് പ്രതികരിച്ചു. ഹീനമായ കുറ്റകൃത്യങ്ങളാണ് ഇതെല്ലാം. മൃതദേഹങ്ങളോട് കാണിക്കേണ്ട ആദരവ് പോലും ലംഘിച്ചിരിക്കുകയാണ്. രക്തസാക്ഷികളുടെ മൃതദേഹങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ കാടത്തമാണെന്നും ഹമാസ് വിമർശിച്ചു.
Summary: Israel releases 80 mutilated bodies with stolen organs for burial in Gaza
Adjust Story Font
16