ഇസ്രായേൽ ഗസ്സയിലെ സ്‌കൂളിൽ ബോംബിട്ടത് സുബഹി നമസ്‌കാരത്തിനിടെ
നൂറിലേറെ പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്
ജറുസലേം: നൂറിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ട അൽ തബീൻ സ്‌കൂളിലെ വ്യോമാക്രമണം ഇസ്രായേല്‍ നടത്തിയത് സുബഹി നമസ്കാരം നിര്‍വഹിക്കുന്നതിനിടെ. ശനിയാഴ്ച പുലർച്ചെ കിഴക്കൻ ഗസ്സയിലെ ദരജിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിലായിരുന്നു അധിനിവേശ സേനയുടെ നിഷ്ഠുര ആക്രമണം. വ്യോമാക്രമണം നടക്കുന്ന വേളയില്‍ ഇരുനൂറിലേറെ പേര്‍ സ്കൂള്‍ ഹാളിലുണ്ടായിരുന്നു. ഹമാസിനും ഇസ്രായേലിനുമിടയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തിയുള്ള ഇസ്രായേല്‍ ബോംബിങ്.
11 കുട്ടികളും ആറു സ്ത്രീകളും അടക്കം 93 പേർ ആക്രമണത്തിൽ തൽക്ഷണം കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ സിവിൽ ഡിവൻസ് വക്താവ് മഹ്‌മൂദ് ബാസൽ പറഞ്ഞു. സുബഹി നമസ്‌കാരം -പ്രഭാത നമസ്‌കാരം- നിർവഹിക്കുന്നവർക്കു നേരെ മൂന്നു തവണയാണ് ബോംബിങ്ങുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയിലെത്തിച്ച മിക്കവരുടെയും നില ഗുരുതരമാണെന്ന് ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഇസ്മാഈൽ അൽ തവാബ്ത പറഞ്ഞു. രണ്ടായിരം പൗണ്ട് ഭാരമുള്ള മൂന്ന് ബോംബാണ് ഇസ്രായേൽ സൈന്യം ഉപയോഗിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രാദേശിക സമയം നാലരയോടെ നടന്ന വ്യോമാക്രമണത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ രണ്ടു നിലകൾ തകർന്നു. ഇതിൽ ഒരു നില സ്ത്രീകളും കുട്ടികളും ഉപയോഗിച്ചിരുന്നതാണ്.
സ്‌കൂൾ 'ഭീകരപ്രവർത്തനത്തിന്' ഉപയോഗിക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സേനാ വക്താവ് ലഫ് കേണൽ നദാവ് ഷൊഷാനി അവകാശപ്പെട്ടു. ഇരുപതിലേറെ ഹമാസ്, ഇസ്‌ലാമിക് ജിഹാദ് പ്രവർത്തകർ ഇവിടെ താമസിച്ച് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേൽ ആരോപണങ്ങൾ ഹമാസ് തള്ളിക്കളഞ്ഞു. സിവിലിയന്മാർക്കും സ്‌കൂളുകൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഇസ്രായേൽ സേനയുടേത് എന്ന് ഹമാസ് കുറ്റപ്പെടുത്തി.
'ബൈഡന് യുദ്ധം നിർത്താനാകും'
സിവിലിന്മാരെ കൊല്ലാൻ ധനസഹായം നൽകുന്നതാണ് യുഎസിന്റെ നിലപാടെന്ന് ഇസ്രായേലിലെ ഇടതുപക്ഷ പാർട്ടിയായ ബലദ് പാർട്ടി കുറ്റപ്പെടുത്തി. യുഎസ് പ്രസിഡണ്ട് ജോ ബൈഡന് യുദ്ധം നിർത്താൻ ആകുമായിരുന്നുവെന്നും പാർട്ടി നേതാവ് സമീ അബൂ ഷഹാദ ചൂണ്ടിക്കാട്ടി. 'ജോ ബൈഡന് ഈ വംശഹത്യ നിർത്താനാകുമായിരുന്നു. അതിന് പകരം സിവിലിയന്മാരെ കൊല്ലാൻ കൂടുതൽ ആയുധങ്ങൾ വാങ്ങുന്നതിനായി അദ്ദേഹം 3.5 ബില്യൺ ഡോളർ അനുവദിക്കുകയാണ് ചെയ്തത്. വംശഹത്യയെ കുറിച്ച് ഇസ്രായേലി സയണിസ്റ്റ് പാർട്ടികളിൽ എതിർപ്പില്ല. തടവുപുള്ളികളെ മാനഭംഗപ്പെടുത്താനുള്ള അവകാശമുണ്ടോ എന്നതാണ് ഈ പാർട്ടികളിലെ ചർച്ച' - അദ്ദേഹം കുറ്റപ്പെടുത്തി.
ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതു മുതൽ ഇതുവരെ 92,002 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസം മാത്രം ഗസ്സയിലെ 17 സ്‌കൂളുകൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് ഈയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 163 പേർ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഭീതിതമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തെ യൂറോപ്യൻ യൂണിയൻ ശക്തമായി അപലപിച്ചു. ഇത്തരം കൂട്ടക്കൊലകൾക്ക് മാപ്പില്ല എന്നാണ് യൂറോപ്യൻ യൂണിയൻ പ്രതിനിധി ജോസപ് ബോറെൽ ഫോണ്ടെലസ് പ്രതികരിച്ചത്.
Adjust Story Font
16