വെടിനിർത്തലിന് മധ്യസ്ഥ രാജ്യങ്ങൾ വഴി പുതിയ നിർദേശം സമർപ്പിച്ച് ഇസ്രായേൽ; പഠിച്ച ശേഷം പ്രതികരിക്കുമെന്ന് ഹമാസ്
യുദ്ധം അവസാനിപ്പിച്ച് സൈനിക പിന്മാറ്റം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കഴിഞ്ഞദിവസം ഹമാസ് നേതൃത്വം അറിയിച്ചിരുന്നു.
ഗസ്സ: വെടിനിർത്തലിനും ബന്ദിമോചനത്തിനുമായി പുതിയ നിർദേശം സമർപ്പിച്ച് ഇസ്രായേൽ. ഈജിപ്ത്, ഖത്തർ എന്നിവ മുഖേന ഇസ്രായേൽ സമർപ്പിച്ച നിർദേശം ലഭിച്ചതായി ഹമാസ് ഗസ്സ ഉപമേധാവി ഖലീൽ അൽ ഹയ്യ അറിയിച്ചു. ആറാഴ്ചത്തെ വെടിനിർത്തലിന് പകരമായി 20 ബന്ദികളെ മോചിപ്പിക്കുക എന്നതാണ് പ്രധാന നിർദേശമെന്നാണ് സൂചന. നേരത്തെ 40 ബന്ദികളുടെ മോചനമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങൾ വഴി മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ നിർദേശം പഠിച്ചതിനു ശേഷം പ്രതികരിക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
യുദ്ധം അവസാനിപ്പിച്ച് സൈനിക പിന്മാറ്റം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കഴിഞ്ഞദിവസം ഹമാസ് നേതൃത്വം അറിയിച്ചിരുന്നു. ഗസ്സയിൽ വെടിനിർത്തലിന് സാധ്യത കൂടുതലാണെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പും വ്യക്തമാക്കി. ഇസ്രായേലും മധ്യസ്ഥ രാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്ന് അമേരിക്ക അറിയിച്ചു. വെടിനിർത്തൽ കരാർ നടപ്പായാൽ ഗസ്സയ്ക്കു നേരെയുള്ള ആക്രമണത്തിൽ നിന്ന് പിൻവാങ്ങുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി വെളിപ്പെടുത്തി.
അതേസമയം, തങ്ങളുടെ മോചനം യാഥാർഥ്യമാക്കാൻ നീക്കം നടത്തണമെന്നാവശ്യപ്പെട്ടുള്ള ബന്ദികളുടെ പുതിയ വീഡിയോ ഹമാസ് പുറത്തുവിട്ടു. ഇതോടെ എത്രയും പെട്ടെന്ന് ബന്ദിമോചനം നടപ്പാക്കാൻ ഹമാസുമായി കരാർ രൂപപ്പെടുത്തണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തുവന്നു. റഫയ്ക്കു നേരെയുള്ള കരയാക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും ഉടൻ വെടിനിർത്തൽ കരാർ വേണമെന്നും ആവശ്യപ്പെട്ട് പതിനായിരങ്ങൾ തെരുവിലിറങ്ങി.
തെൽഅവീവിൽ പ്രതിരോധ മന്ത്രാലയത്തിനും നെതന്യാഹുവിന്റെ വസതിക്കും മുന്നിലായിരുന്നു പ്രതിഷേധം. ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഹമാസുമായുള്ള കരാറിന് ചില മന്ത്രിമാർ അനുകൂലമാണെങ്കിലും നെതന്യാഹു കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ ഫലസ്തീനായി വിദ്യാർഥി പ്രതിഷേധം തുടരുകയാണ്. ഗസ്സ യുദ്ധത്തിനെതിരെയും ഫലസ്തീൻ ജനതയ്ക്ക് അനുകൂലമായും അമേരിക്കൻ സർവകലാശാലകളിൽ തുടരുന്ന പ്രക്ഷോഭം അമർച്ച ചെയ്യാനുളള ഭരണകൂടനീക്കം വിജയിച്ചില്ല. ഇന്ത്യാന സ്റ്റേറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ ടെന്റ് കെട്ടി പ്രതിഷേധിച്ചതിന് 23 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. വംശഹത്യാ കേസിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് തടയാൻ നെതന്യാഹും അമേരിക്കയുടെ പിന്തുണ തേടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16