റഫയിൽ രണ്ടാഴ്ചക്കകം കരയാക്രമണം തുടങ്ങാൻ ഇസ്രായേൽ; രണ്ട് പദ്ധതികൾ തയാറാക്കാൻ നെതന്യാഹുവിന്റെ ഉത്തരവ്
റഫയിലെ ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച്
ലക്ഷക്കണക്കിന് അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ഗസ്സയിലെ റഫയിൽ കരയാക്രമണത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്. റഫയിലെ ജനങ്ങളെ ഒഴിപ്പിച്ചശേഷമാകും സൈനിക നടപടിയെന്നാണ് പറയുന്നത്. റഫയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച തയ്യാറെടുപ്പിനെക്കുറിച്ച് മേഖലയിലെ നിരവധി രാജ്യങ്ങളെയും അമേരിക്കയെയും അറിയിച്ചതായി ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റർ കെ.എ.എൻ റിപ്പോർട്ട് ചെയ്യുന്നു.
റഫയിലെ കരയാക്രമണം രണ്ടാഴ്ചക്കകം ആരംഭിച്ചേക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കനെ അറിയിച്ചതായാണ് വിവരം. രണ്ട് പദ്ധതികൾ തയാറാക്കാനാണ് നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടത്. റഫയിൽനിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് ഒന്ന്. ഹമാസ് പോരാളികളെ കണ്ടെത്തി കീഴടക്കുകയാണ് രണ്ടാമത്തേത്.
വടക്കൻ ഗസ്സയിൽനിന്നും മധ്യഗസ്സയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ ഈജിപ്ത് അതിർത്തിയോട് ചേർന്ന റഫയിലാണ് അഭയം തേടിയിരിക്കുന്നത്. ഏകദേശം 10 ലക്ഷത്തോളം പേർ ഇവിടെ കഴിയുന്നുണ്ടെന്നാണ് വിവരം. പലരും ടെന്റടിച്ച് പ്രതികൂല സാഹചര്യങ്ങളിൽ ദുരിതപൂർണമായ ജീവിതമാണ് നയിക്കുന്നത്.
എന്നാൽ, ഇവിടെയും ഇസ്രായേലിന്റെ അധിനിവേശ സേന വ്യോമാക്രമണം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വീട്ടിനുനേരെ നടത്തിയ ആക്രമണത്തിൽ 15 പേരും വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ എട്ടുപേരും കൊല്ലപ്പെട്ടു.
അതേസമയം, റഫയിലെ ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പ് നൽകി. മാനുഷിക സഹായം എത്തിക്കാനുള്ള പ്രവേശന കവാടമായ റഫയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നതിനെ പിന്തുണക്കില്ലെന്ന് അമേരിക്കൻ ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം പരിധിവിടുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. യു.എസ് സൈനിക സഹായം വാങ്ങുന്ന രാജ്യങ്ങൾ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ടു.
അതേസമയം, ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം നൽകാൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ഈജിപ്ത് സന്നദ്ധത പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളുമായി സഹകരിച്ച് റഫ അതിർത്തിയിലൂടെ ഗസ്സയിലേക്ക് നിരവധി സഹായങ്ങളാണ് ഈജിപ്ത് നൽകിക്കൊണ്ടിരിക്കുന്നത്.
നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ ഈജിപ്ത് റഫ അതിർത്തി നേരത്തെ തന്നെ തുറന്നിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായി ഈജിപ്ത് പ്രസിഡൻറ് പ്രസ്താവനയിൽ പറഞ്ഞു. അതിർത്തി തുറന്ന് സഹായം അനുവദിക്കണമെന്ന് താൻ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞദിവസം ബൈഡൻ അവകാശപ്പെട്ടിരുന്നു.
ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനും ഫലസ്തീൻ സഹോദരങ്ങൾക്ക് ആശ്വാസം നൽകാനും ഈജിപ്ത് നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ അറിയിച്ചു. ആക്രമണം തുടങ്ങിയത് മുതൽ ഈജിപ്ത് റഫ അതിർത്തി യാതൊരു നിയന്ത്രണങ്ങളും വ്യവസ്ഥകളും ഇല്ലാതെ തന്നെ തുറന്നിരുന്നു. വിവിധ രാജ്യങ്ങളുടെ സഹായത്തോടെ വലിയ രീതിയിൽ മാനുഷിക സഹായവും ദുരിതാശ്വാസ വസ്തുക്കളും സമാഹരിച്ച് ഗസ്സക്ക് നൽകി.
ഈ മേഖലയിലേക്ക് സഹായം എത്തുന്നത് ഉറപ്പാക്കാൻ ഈജിപ്ത് ബന്ധപ്പെട്ട എല്ലാ കക്ഷികളിലും കാര്യമായ സമ്മർദ്ദം ചെലുത്തി. അതേസമയം, ഫലസ്തീൻ അതിർത്തി ഭാഗത്ത് ഇസ്രായേൽ തുടർച്ചയായി ബോംബാക്രമണം നടത്തുകയുണ്ടായി. ഇത് പലപ്പോഴും സഹായം എത്തിക്കാനുള്ള പ്രവർത്തനത്തെ തടസ്സപ്പെടുത്തി.
ആക്രമണം അവസാനിച്ചയുടൻ തന്നെ ആവശ്യമായ അറ്റകുറ്റപ്പണികളും സാങ്കേതിക ക്രമീകരണങ്ങളും നടത്തി മാനുഷിക സഹായം എത്തിക്കുന്നത് പുനരാരംഭിച്ചു. ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് ബലം പ്രയോഗിച്ച് കുടിയിറക്കാൻ ശ്രമിക്കുന്ന ഏതൊരു ശ്രമവും പരാജയപ്പെടുത്തുമെന്നും ഈജിപ്ത് വ്യക്തമാക്കി.
മാനുഷിക സഹായങ്ങൾക്ക് വേണ്ടി റഫ അതിർത്തി തുറക്കാൻ ഈജിപ്ത് ആദ്യം സന്നദ്ധ കാണിച്ചില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം പറഞ്ഞത്. താൻ അവരോട് സംസാരിച്ച് ഗേറ്റ് തുറക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഇസ്രായേലി ഭാഗത്തെ ഗേറ്റ് തുറക്കാൻ നെതന്യാഹുവിനോടും സംസാരിച്ചു. ഗസ്സയിൽ മാനുഷിക സഹായം ലഭിക്കാൻ താൻ വളരെ കഠിനമായി പരിശ്രമിക്കുകയാണ്. നിരപരാധികളായ ധാരാളം പേർ പട്ടിണി കിടക്കുന്നു, ഒരുപാട് പേർ മരിച്ചുവീഴുകയാണ്. ഇതിന് ഉടൻ അവസാനം കാണണമെന്നുമാണ് ബൈഡൻ പറഞ്ഞത്.
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27,947 ആയി. 67,459 പേർക്കാണ് പരിക്കേറ്റത്.
Adjust Story Font
16