Quantcast

ഗസ്സയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഹമാസ്

ലബനാനിൽ ഹിസ്​ബുല്ല കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം കടുത്തതോടെ യുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക്​ നീങ്ങുമെന്ന ആശങ്ക ശക്തമായി.

MediaOne Logo

Web Desk

  • Updated:

    2023-10-15 00:42:17.0

Published:

15 Oct 2023 12:41 AM GMT

ഗസ്സയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഹമാസ്
X

ഗസ്സ സിറ്റി: ഗസ്സക്കുമേൽ ആക്രമണം വ്യാപിപ്പിക്കാനുറച്ച്​ ഇസ്രായേൽ. കൂടുതൽ ഏകോപിച്ച കര, വ്യോമ, നാവിക ആക്രമണത്തിന്​ മുന്നോടിയായി വടക്കൻ ഗസ്സ വിടാൻ ജനങ്ങൾക്ക്​ ഇസ്രായേൽ സൈന്യത്തിന്റെ അന്ത്യശാസനം. ലബനാനിൽ ഹിസ്​ബുല്ല കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം കടുത്തതോടെ യുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക്​ നീങ്ങുമെന്ന ആശങ്ക ശക്തമായി.

കൂട്ട പലായനവും ദുരിതവും മൂലവും ഗസ്സയിലെ ജനജീവിതം അക്ഷരാർഥത്തിൽ നരകതുല്യമാണ്​. ഇന്ന​ലെ മാത്രം മുന്നൂറോളം പേരാണ്​ ഗസ്സയിൽ കൊല്ലപ്പെട്ടതെന്നാണ്​ റിപ്പോർട്ട്​. ആശുപത്രികൾക്കും ​ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണവും ശക്തമാണ്. 15 ആശുപത്രികൾക്ക്​ നേരെ ആക്രമണം നടന്നു. രണ്ടെണ്ണം പ്രവർത്തനം നിർത്തി. കുടിവെള്ളവും ഭക്ഷണവും മരുന്നും ഗസ്സയിലെത്തിക്കാനുള്ള അന്തർദേശീയ സംഘടനകളുടെയും യു.എൻ ഏജൻസികളുടെയും നീക്കം വിജയം കണ്ടില്ല. അറബ്​, മുസ്​ലിം രാജ്യങ്ങളുടെ ഇടപെടലും ഫലം കണ്ടില്ല.

അതേസമയം, ഗസ്സയിൽ നിന്ന്​ ഇസ്രായേൽ സൈന്യത്തിന്​ നേരെയുള്ള റോക്കറ്റാക്രമണം ഇന്നും തുടർന്നു. തെൽ അവീവ്​, അസ്​ദോദ്​, അഷ്​കലോൺ, അൽ അംഖ്​ ഉൾപ്പെടെ നിരവധി ഇസ്രായേൽ പ്രദേശങ്ങൾക്കു നേരെ ഇന്ന് വെളുപ്പിന്​ റോക്കറ്റാക്രമണം ഉണ്ടായി. കരയുദ്ധത്തിലൂടെ ഗസ്സ പിടിക്കാൻ വരുന്ന സൈനികരെ കാത്തിരിക്കുന്നത്​ കടുത്ത പ്രത്യാക്രമണമായിരിക്കുമെന്ന്​ തെളിയിക്കുന്ന വീഡിയോ ഹമാസ്​ സൈനികനേതൃത്വം പുറത്തുവിട്ടു. തങ്ങളുടെ പിടിയിലുള്ള സൈനികരിൽ ഒരാൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ്​ അറിയിച്ചു.

അതിനിടെ, ബന്ദികളുടെ മോചനം വൈകുന്നതിൽ പ്രതിഷേധിച്ച്​ തെൽ അവീവിലെ പ്രതിരോധ മന്ത്രാലയത്തിനു മുമ്പാകെ നെതന്യാഹുവിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ പ്രകടനം നടത്തി. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അബൂദബിയിൽ യു.എ.ഇ നേതാക്കളുമായി ചർച്ച നടത്തി. ഗസ്സയിൽ അടിയന്തര വെടിനിർത്തലും സഹായം ഉറപ്പാക്കലും വൈകരുതെന്ന്​ യു.എ.ഇ ആവശ്യപ്പെട്ടു. ചൈന തങ്ങളുടെ സ്വാധീനം പ്രയോജന​പ്പെടുത്തി യുദ്ധം വ്യാപിക്കുന്നത്​ തടയണമെന്ന്​ ആൻറണി ബ്ലിങ്കൻ നിർദേശിച്ചു.

TAGS :

Next Story