അമേരിക്കൻ സമ്മർദം; ഇറാനെതിരായ പ്രത്യാക്രമണനീക്കത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങാനുറച്ച് ഇസ്രായേൽ
ഇസ്രായേൽ തിരിച്ചടിച്ചാൽ മേഖലയിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാൻ, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ മുന്നറിയിപ്പ്
ദുബൈ: അമേരിക്കൻ സമ്മർദവും മന്ത്രിസഭാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും മുൻനിർത്തി ഇറാനെതിരായ പ്രത്യാക്രമണനീക്കത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങാനുറച്ച് ഇസ്രായേൽ. യുദ്ധവ്യാപനത്തിന് തുനിയരുതെന്ന് അമേരിക്ക സ്വിസ് ഇടനിലക്കാർ മുഖേന ഇറാൻ നേതൃത്വത്തെ അറിയിച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ മേഖലയിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാൻ, റഷ്യ വിദേശകാര്യ മന്ത്രിമാരും മുന്നറിയിപ്പ് നല്‍കി.
ഗസ്സയിലും ദക്ഷിണ ലബനാനിലും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ ഇന്നലെ പലവട്ടം യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേർന്നെങ്കിലും ഇറാൻ ആക്രമണത്തിനുള്ള തിരിച്ചടി സംബന്ധിച്ച് തീരുമാനത്തിലെത്താൻ ഇസ്രായേലിനായില്ല. അമേരിക്ക നൽകിയ കർശന മുന്നറിയിപ്പാണ് പ്രത്യാക്രമണ നീക്കം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നതിൽ പ്രധാന വിലങ്ങുതടിയായത്. മേഖലയെ അപ്പാടെ ബാധിക്കുന്ന ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നത് ഇസ്രായേലിന്‍റെയും അമേരിക്കയുടെയും താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ നെതന്യാഹുവിനെ അറിയിച്ചിരുന്നു.
അതേസമയം, മുന്നൂറോളം റോക്കറ്റുകളും മിസൈലുകളും അയച്ച് ഇസ്രായേലിന്‍റെ പരമാധികാരത്തിനു നേരെ നടന്ന ഇറാന്‍റെ ആദ്യ ആക്രമണത്തിന് കനത്ത മറുപടി നൽകണമെന്ന് മന്ത്രിമാരായ ഗാൻറ്സ്, ഈസൻകോട്ട് എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ നഗേവ് ഉൾപ്പെടെ സൈനികകേന്ദ്രത്തിൽ സംഭവിച്ച നഷ്ടം വിലയിരുത്തി കരുതലോടെയുള്ള പ്രതികരണവും പ്രത്യാക്രമണവും മതിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനെ അറിയിച്ചു. കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇറാന്‍റെ ഇസ്ലാമിക് റവലൂഷനറി ഗാർഡിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള ആവശ്യം നേടിയെടുക്കാൻ അമേരിക്കയും ഇസ്രായേലും തീരുമാനിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ ഇറാന്‍ തക്കസമയത്ത് മറുപടി നൽകുമെന്ന് മന്ത്രി ബെന്നി ഗാന്റ്സ് അറിയിച്ചു. പ്രാദേശികമായി ഇറാനെതിരെ സഖ്യമുണ്ടാക്കിയാകും തുടർ നീക്കങ്ങളെന്നും മന്ത്രി പറഞ്ഞു. സ്വിസ് ഇടനിലക്കാർ മുഖേന യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ഇറാൻ നേതൃത്വവുമായും ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്. പ്രത്യക്ഷ യുദ്ധത്തിന് തങ്ങളില്ലെന്ന് അമേരിക്ക ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
സൈനികമായി തിരിച്ചടിക്കരുതെന്ന് ഇസ്രായേലിനും സഖ്യകക്ഷികൾക്കും ഇറാൻ മുന്നറിയിപ്പ് നൽകി. പ്രത്യാക്രമണം നടത്തിയാൽ യുദ്ധം കനത്തതാകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. ആക്രമണം നടത്തിയ സൈന്യത്തെ ഇറാൻ പ്രസിഡൻറ് അഭിനന്ദിച്ചു. ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. ആക്രമണം അതിൻ്റെ എല്ലാ ലക്ഷ്യങ്ങളും നേടിയെന്ന് സൈനിക മേധാവി മുഹമ്മദ് ബാഖരി അറിയിച്ചു. ജി 7 കൂട്ടായ്മയും വിവിധ യൂറോപ്യൻ രാജ്യങ്ങളും ഇറാനെതിരെ രംഗത്തുവന്നു. ഇരുപക്ഷവും പ്രകോപന നടപടികളിൽ നിന്ന് പിൻവാങ്ങണമെന്ന് അറബ്, ഒ.ഐ.സി കൂട്ടായ്മകൾ ആവശ്യപ്പെട്ടു. ഗസ്സയിൽ ഇന്നലെയും ആറിടങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. 43 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 33,729 ആയി. ഗൗരവത്തിലും യാഥാർഥ്യബോധത്തോടെയുമുള്ള വെടിനിർത്തൽ ചർച്ചക്ക് ഒരുക്കമാണെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു. ആക്രമണം നിർത്തുക, സൈന്യം ഗസ്സ വിടുക, അഭയാർഥികളുടെ തിരിച്ചുവരവ് ഉറപ്പാക്കുക എന്നീ ഉപാധികൾക്കൊപ്പം കൈമാറേണ്ട ഫലസ്തീൻ തടവുകാരുടെ എണ്ണത്തിലും ഹമാസ് തങ്ങളുടെ ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്.
Adjust Story Font
16