സിറിയയിലെ സാഹചര്യം മുതലെടുത്ത് ഇസ്രായേൽ; ബഫർ സോൺ മറികടന്ന് സൈന്യം
1974ലെ യുദ്ധത്തിന് ശേഷമാണ് ബഫർ സോൺ രൂപീകരിക്കുന്നത്
ദമസ്കസ്: സിറിയയിലെ പുതിയ സാഹചര്യങ്ങൾ മുതലെടുത്ത് ഇസ്രായേൽ. ഇരുരാജ്യങ്ങൾക്കുമിടയിലെ ബഫർ സോൺ ഇസ്രായേലി സൈന്യം മറികടന്നതായാണ് റിപ്പോർട്ട്.
സിറിയയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങൾ കഴിഞ്ഞ മണിക്കൂറുകളിലായി ഇസ്രായേൽ സൈന്യം നടത്തിയിരുന്നു. കൂടാതെ സിറിയൻ സൈനിക കപ്പലുകൾക്ക് നേരെയും ഇസ്രായേൽ നേവി ആക്രമണം നടത്തി. ലതാകിയ തുറമുഖത്തിന് സമീപം നിരവധി കപ്പൽ വേധ മിസൈലുകൾ വഹിച്ച കപ്പലുകൾ ഇസ്രായേൽ തകർത്തു.
സിറിയൻ തലസ്ഥാനമായ ദമസ്കസിന്റെ തെക്ക് പടിഞ്ഞാറ് ഏകദേശം 25 കിലോമീറ്റർ ഇസ്രായേൽ സൈന്യം അതിക്രമിച്ച് കയറിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദമസ്കസിൽനിന്ന് 21 കിലോമീറ്റർ അകലെയുള്ള ഖത്താന നഗരത്തിൽ ഇസ്രായേൽ സൈന്യം എത്തിയതായി സിറിയൻ സുരക്ഷാ അധികൃതർ പറയുന്നു. ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളെ സിറിയയിൽനിന്ന് വേർതിരിക്കുന്ന സൈനിക രഹിത മേഖലയുടെ കിഴക്ക് ഭാഗത്താണ് ഖത്താന സ്ഥിതി ചെയ്യുന്നത്.
സൈനിക രഹിത മേഖലയിലെ ഹെർമോൺ പർവതവും സമീപത്തെ ഗ്രാമങ്ങളും ഇസ്രായേൽ സന്യം കൈയടക്കിയതായി അൽ ജസീറയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ബഫർ സോൺ മറികടന്ന കാര്യം ഇസ്രായേൽ നിഷേധിച്ചു.
1974ലെ യോംകിപ്പുർ യുദ്ധത്തെ തുടർന്നാണ് ഇസ്രായേലും സിറിയയും ഇരുരാജ്യങ്ങൾക്കുമിടയിൽ സൈനിക രഹിത പ്രദേശത്തിനുള്ള കരാറിൽ ഒപ്പിട്ടത്. 235 ചതുരശ്ര കിലോമീറ്റർ വരുന്ന ബഫർ സോണാണിത്. മുമ്പ് പലതവണ ഇസ്രായേൽ സൈന്യം ബഫർ സോണിലേക്ക് അതിക്രമിച്ച് കയറിയിട്ടുണ്ട്. എന്നാൽ, 50 വർഷത്തിനിടെ ആദ്യമായാണ് പ്രദേശത്ത് സൈന്യത്തെ ഇസ്രായേൽ വിന്യസിക്കുന്നത്.
തങ്ങളുടെ അതിർത്തി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൈന്യം നടപടി സ്വീകരിക്കുന്നതെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതിനെ ന്യായീകരിക്കുന്നത്. സിറിയൻ സൈനികർ പിൻമാറിയതോടെ 1974ലെ കരാർ റദ്ദായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബഫർ സോൺ മറികടന്ന് പോകാൻ പദ്ധതിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
എന്നാൽ, ഇസ്രായേൽ നടപടിയെ സിറിയ എതിർത്തു. രാജ്യത്തിന്റെ സ്ഥിരത ഇസ്രായേൽ ആഗ്രഹിക്കുന്നില്ലെന്ന് സിറിയൻ പ്രധാനമന്ത്രിയുടെ ഉപദേശകൻ ഡോ. അബ്ദുൽ ഖാദർ പറഞ്ഞു. സിറിയയുടെ പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താനും കൂടുതൽ പ്രദേശങ്ങളിൽ അധിനിവേശം നടത്താനുമാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Adjust Story Font
16