'ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കും'; ഗസ്സക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ
ബന്ദികളുടെ ജീവൻ കൊണ്ട് പന്താടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി

ഗസ്സ സിറ്റി :ഉപരോധം കടുപ്പിക്കുന്നതിനു പുറമെ ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ഗസ്സക്ക് നേരെ ആക്രമണം പുനരാരംഭിക്കാനും മടിക്കില്ലെന്നുറച്ച് ഇസ്രായേൽ.
അതിർത്തികൾ മുഖേന ഗസ്സയിലേക്കുള്ള മുഴുവൻ സഹായ വിതരണവും വിലക്കിയതിനു പുറമെ വെള്ളവും വൈദ്യുതിയും തടയാനും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് പദ്ധതിയുള്ളതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദികളെ പത്ത് ദിവസത്തിനുള്ളില്‍ ഹമാസ് കൈമാറിയില്ലെങ്കിൽ ഗസ്സയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫുമായി നടക്കുന്ന ചർച്ചക്കു ശേഷമാകും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമെന്നും ചാനൽ വ്യക്തമാക്കുന്നു. ചർച്ചക്ക് വിസമ്മതിച്ച ഹമാസാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
അതിനിടെ ബന്ദികളുടെ ജീവൻ കൊണ്ട് പന്താടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി. ഇസ്രായേൽ പാർലമെന്‍റിലും ബന്ദികളുടെ ബന്ധുക്കള്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയർത്തി.
അതേസമയം, വടക്കൻ ഇസ്രായേൽ നഗരമായ ഹൈഫയിൽ കുത്തേറ്റ് 70 കാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയതായി ഇസ്രായേൽ പൊലീസ് അറിയിച്ചു. ഇസ്രായേൽ പൗരത്വമുള്ള അറബ് വംശജനാണ് ആക്രമിയെന്ന് പൊലീസ് പറഞ്ഞു. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ ഇന്ന് ചേരുന്ന അറബ് ലീഗ് നേതൃയോഗം ട്രംപിന്‍റെ ഗസ്സ പദ്ധതിക്കുള്ള ബദൽ സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.
Adjust Story Font
16