ബന്ദികൈമാറ്റം സംബന്ധിച്ച പുതിയ നിർദേശം ചർച്ച ചെയ്യുമെന്ന് ഇസ്രായേൽ
കൂടുതൽ ആയുധങ്ങൾ അനുവദിച്ച അമേരിക്കയോട് നന്ദിയുണ്ടെന്ന് നെതന്യാഹു
ബന്ദികൈമാറ്റ ചർച്ച സംബന്ധിച്ച പുതിയ നിർദേശം ഞായറാഴ്ച ചേരുന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമന്ന് ഇസ്രായേൽ അറിയിച്ചു. പുതിയ നിർദേശത്തിന്റെ ഉള്ളടക്കം എന്തെന്ന് ഇനിയും വ്യക്തമല്ല. അതേസമയം, യുദ്ധം മാസങ്ങൾ തുടരുമെന്നും ആത്യന്തിക വിജയം ഇസ്രായേലിന് തന്നെയായിരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ അമർച്ച ചെയ്യാതെ പിൻമാറില്ലെന്നും ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ അനുവദിച്ച അമേരിക്കയോട് നന്ദിയുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഗസ്സയിൽനിന്ന് ഇസ്രായേൽ ഉടൻ പിൻവാങ്ങും എന്ന ഹമാസ് കണക്കുകൂട്ടൽ നടപ്പില്ലെന്ന് സൈനിക വക്താവ് വ്യക്തമാക്കി. ഖാൻയൂനിസിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണ് ഇസ്രായേൽ സൈന്യം. ടാങ്കുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് പുറമേ, വ്യോമാക്രമണവും ശക്തമാക്കിയിട്ടുണ്ട്.
സൈന്യവും ഹമാസ് പോരാളികളും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. ഇന്നലെ ഒരു മേജർ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇസ്രായൽ സ്ഥിരീകരിച്ചു. മധ്യ ഗസ്സയിലെ നുസൈറത്തിലും രൂക്ഷമായ ബോംബാക്രമണമാണ് തുടരുന്നത്.
തെക്കൻ ഗസ്സയിലെ കൂട്ട ഒഴിപ്പിക്കലിനെത്തുടർന്ന് പ്രദേശത്ത് രോഗവ്യാപന ഭീഷണി വർധിച്ചിരിക്കുകയാണെന്ന് യു.എൻ ഏജൻസികളുടെ മുന്നറിയിപ്പ്. ഗസ്സയിലെ അഭയകേന്ദ്രങ്ങൾ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മരുന്നുകൾക്കും ക്ഷാമം നേരിടുന്നുണ്ട്. ആശുപത്രികളിലും താങ്ങാനാവുന്നതിലധികം രോഗികളുണ്ട്. ഗസ്സയിലെ പകർച്ചവ്യാധി ഭീഷണിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം, ഈജിപ്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ശ്രമങ്ങളിൽ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തെക്കൻ ലബനാനിലും സിറിയയിലും ഇസ്രായേൽ തുടരുന്ന ആക്രമണം സംഘർഷം വ്യാപിച്ചേക്കുമെന്ന ആശങ്ക വർധിപ്പിച്ചു. ഇസ്രായേൽ ആക്രമണത്തിൽ സിറിയയിൽ 19 പോരാളികൾ കൊല്ലപ്പെട്ടു. ചെങ്കടലിൽ മറ്റൊരു കപ്പലിന് നേരെ ആക്രമണം നടന്നതായി ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപറേഷൻ അതോറിറ്റി വെളിപ്പെടുത്തി.
ഇസ്രായേലിന് കൂടുതൽ ആയുധം കൈമാറാനുള്ള ബൈഡൻ ഭരണകൂട നീക്കം മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് യു.എസ് സെനറ്റ് സൈനിക സേവന സമിതി അംഗം ടിം കൈനെ കുറ്റപ്പെടുത്തി. അമേരിക്കൻ ജനതയെ ഇരുട്ടിലാക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ ഹർജി ഗൗരവതരമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു. 1948ലെ വംശഹത്യ കൺവെൻഷനിലെ കരാറിന്‍റെ നഗ്നമായ ലംഘനമാണിതെന്നാണ് ദക്ഷിണാഫ്രിക്ക ഹർജിയിൽ പറയുന്നത്.
Summary: Israel will discuss a new proposal on the exchange of hostages
Adjust Story Font
16