സിവിലിയൻ ബന്ദികളെ മോചിപ്പിക്കാതെ ഫലസ്തീനികളെ വടക്കൻ ഗസ്സയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഇസ്രായേൽ
ഹമാസ് ബന്ദികളാക്കിയ നാല് ഇസ്രായേലി വനിതാ സൈനികരെ ഇന്ന് വിട്ടയച്ചിരുന്നു

തെൽ അവീവ്: സിവിലിയൻ ബന്ദികളെ മോചിപ്പിക്കാതെ ഫലസ്തീനികളെ വടക്കൻ ഗസ്സയിലേക്ക് മടങ്ങിവരാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ. ഹമാസ് ബന്ദികളാക്കിയ നാല് ഇസ്രായേലി വനിതാ സൈനികരെ ഇന്ന് വിട്ടയച്ചിരുന്നു. എന്നാൽ സിവിലിയൻമാരെ വിട്ടയക്കാതെ വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഹമാസ് ബന്ദിയാക്കിയ എർബൽ യഹൂദിനെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിൽക്കുന്നത്. എർബൽ യഹൂദിനെ ഇന്ന് വിട്ടയക്കുമെന്നാണ് അറിയിച്ചിരുന്നതെന്നും ഹമാസ് കരാർ ലംഘിച്ചെന്നുമാണ് ഇസ്രായേൽ ആരോപിക്കുന്നത്. അതേസമയം എർബൽ യഹൂദ് ജീവനോടെയുണ്ടെന്നും അടുത്ത ആഴ്ച മോചിപ്പിക്കുമെന്നും ഹമാസ് വ്യക്തമാക്കി.
വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാനുള്ള നെറ്റസാരിം ഇടനാഴി പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ആരും അതിക്രമിച്ചകയറാൻ ശ്രമിക്കരുതെന്നും ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഹെർസി ഹലേവി പറഞ്ഞു.
വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാനാവുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിന് ഫലസ്തീനികളാണ് എത്തുന്നവർ. ഇവർ ഇസ്രായേൽ പൊലീസിന്റെ അനുമതിക്കായി അൽ റാഷിദ് തെരുവിൽ കാത്തിരിക്കുകയാണ്. ഇസ്രായേൽ അനുമതി ലഭിക്കാതെ വടക്കൻ ഗസ്സയിലേക്ക് പ്രവേശിച്ചാൽ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ അനുവാദം ലഭിച്ചതിന് ശേഷം മാത്രമേ വടക്കൻ ഗസ്സയിൽ പ്രവേശിക്കാന് പൊലീസ് അനുമതി നൽകുകയുള്ളൂ.
Adjust Story Font
16