ഫലസ്തീനിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; വെസ്റ്റ്ബാങ്കിൽ ഒമ്പത് പേർക്ക് പരിക്കേറ്റു
ജറൂസലമിൽ തുടരുന്ന സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ യു എൻ രക്ഷാസമിതി യോഗം ചേരും
ജറൂസലേം: ഫലസ്തീന്റെ വിവിധയിടങ്ങളിൽ ഇസ്രയേൽ ആക്രമണം തുടരുന്നു.വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ ആക്രമണത്തിൽ ഒമ്പത് ഫലസ്തീൻകാർക്ക് പരിക്കേറ്റു. റെയ്ഡ് എന്ന വ്യാജേന ഫലസ്തീൻ നഗരങ്ങളിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയാണ് ഇസ്രായേൽ സൈന്യം.
വടക്കൻ വെസ്റ്റ് ബാങ്കിലെ അൽ-യാമുൻ, കഫ്ർ ദാൻ തുടങ്ങിയ പട്ടണങ്ങളിൽ ഇസ്രായേൽ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. അൽ-യാമുൻ നഗരത്തിലെ നിരവധി വീടുകളിൽ ഇസ്രായേൽ സൈന്യം അതിക്രമിച്ചു കയറി. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റാമല്ലയ്ക്ക് സമീപത്ത് മൂന്ന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ച് പരിക്കേൽപ്പിച്ചതായി വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ഒരാഴ്ചയായി ഫലസ്തീൻ പട്ടണങ്ങളിൽ ഇസ്രായേൽ സൈന്യം നിരന്തരമായി കടന്നുകയറുകയും ആക്രമിക്കുകയും ചെയ്യുകയാണ്.
അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ-അഖ്സ മസ്ജിദിൽ കഴിഞ്ഞയാഴ്ച രണ്ടുദിവസങ്ങളിലായി നടത്തിയ ആക്രമണത്തിൽ ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.ജറൂസലമിൽ തുടരുന്ന സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ യു എൻ രക്ഷാസമിതി യോഗം ചേരാൻ തീരുമാനിച്ചു.
Adjust Story Font
16