Quantcast

ഇസ്രായേൽ ആക്രമണം: ഗസ്സയിൽ കൊല്ലപ്പെട്ടത് 11,000 കുഞ്ഞുങ്ങൾ

20 ലക്ഷത്തോളം ഫലസ്തീനികൾ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    23 Jan 2024 12:35 PM GMT

Israeli attack: 11,000 children killed in Gaza
X

കഴിഞ്ഞ 108 ദിവസത്തിനിടെ ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയത് 11,000 ഫലസ്തീൻ കുഞ്ഞുങ്ങളെ. കൂടാതെ 7500 വനിതകളും കൊല്ലപ്പെട്ടതായി ഗസ്സ സർക്കാർ മീഡിയ ഓഫിസ് അറിയിച്ചു. 7000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പലരും കെട്ടിട അവശിഷ്ടങ്ങൾക്കിടയിലാണെന്ന് സംശയിക്കുന്നു. ഇതിൽ 70 ശതമാനം പേരും കുട്ടികളും വനിതകളുമാണ്.

ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 25,900 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 63,000 ആയി. 70,000 വീടുകളാണ് ഇസ്രായേലിന്റെ ക്രൂരതയിൽ നിലംപരിശായത്. 2,90,000 പേർ ഭവനരഹിതരായി. കൂടാതെ 20 ലക്ഷത്തോളം ഫലസ്തീനികൾ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു കഴിഞ്ഞു.

ഏകദേശം 150 ആരോഗ്യ സ്ഥാപനങ്ങൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. 53 ഹെൽത്ത് സെന്ററുകളും 30 ആശുപത്രികളും പ്രവർത്തന രഹിതമായി. 122 ആംബുലൻസുകൾ ഉപയോഗശൂന്യമായി.

ആശുപത്രികൾക്ക് നേരെയുള്ള ആക്രമണത്തിൽ 337 ആരോഗ്യ വിഭാഗം ജീവനക്കാരും 45 സിവിലിയൻ പ്രതിരോധ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കൂടാതെ 119 മാധ്യമപ്രവർത്തകർക്കും ജീവഹാനി സംഭവിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 99 ആരോഗ്യ പ്രവർത്തകരും 10 മാധ്യമപ്രവർത്തകരും ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ പിടിയിലാണ്.

കുടിയിറക്കപ്പെട്ട ഫലസ്തീനികൾ താമസിക്കുന്ന കേന്ദ്രങ്ങൾ വളരെ മോശമായ അവസ്ഥയിലാണുള്ളത്. നാല് ​ലക്ഷം പേർക്ക് പകർച്ചവ്യാധികളും 8000ത്തിലധികം ​പേർക്ക് ഹെപ്പറ്റൈറ്റിസ് എ കേസും സ്ഥിരീകരിച്ചു.

60,000 ഗർഭിണികൾ അതിഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വിട്ടുമാറാത്ത അസുഖങ്ങളുള്ള 3.5 ലക്ഷം പേർ മരുന്നുകളുടെ അഭാവത്താൽ വലയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റ 11,000 പേർ അത്യാവശ്യ ചികിത്സ ആവശ്യമുള്ളവരാണ്. കൂടാതെ കാൻസർ ബാധിച്ച 10,000 പേരും മരണത്തോട് മല്ലിടുന്നു.

ഇസ്രായേലിന്റെ ആക്രമണത്തിൽ 140 സർക്കാർ കേന്ദ്രങ്ങളും 99 സ്കൂളുകളും യൂനിവേഴ്സിറ്റികളും തകർന്നു. കൂടാതെ 295 സ്ഥാപനങ്ങൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.

ഫലസ്തീനിലെ കൾച്ചറൽ ഹെരിറ്റേജ് സെന്ററിന് നേരരെയും ഇസ്രായേൽ മനഃപൂർവം ആക്രമണം അഴിച്ചുവിട്ടു. 200ഓളം ചരിത്രപരവും സാംസ്കാരികവുമായ അമൂല്യവസ്തുക്കളാണ് ഇതോടെ നശിച്ചത്.

1000 പള്ളികളും ഡസൻ കണക്കിന് ശ്മശാനങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർന്നതായി കഴിഞ്ഞദിവസം ഫലസ്തീൻ എൻഡോവ്മെന്റ് ആൻഡ് മതകാര്യ മന്ത്രാലയും പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story