Quantcast

അൽ ഷിഫ ആശുപത്രിയിലെ ഇസ്രായേൽ ആക്രമണം: 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 400ലധികം പേർ

രോഗികൾ, യുദ്ധത്തെ തുടർന്ന് കുടിയിറക്കപ്പെട്ടവർ, ആരോഗ്യ ​പ്രവർത്തകർ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    31 March 2024 2:29 AM GMT

gaza alshifa hospital
X

അൽ ഷിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ 13 ദിവസത്തെ ആക്രമണത്തിനിടെ 400ന് മുകളിൽ ആളുകൾ കൊല്ലപ്പെട്ടതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു. രോഗികൾ, യുദ്ധത്തെ തുടർന്ന് കുടിയിറക്കപ്പെട്ടവർ, ആരോഗ്യ ​പ്രവർത്തകർ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.

ഇത് കൂടാതെ സമീപത്തെ 1050ഓളം വീടുകൾ തകർക്കുകയും കത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ കുറ്റകൃത്യത്തോടുള്ള അന്താരാഷ്ട്ര നിശ്ശബ്ദതയെ തങ്ങൾ അപലപിക്കുകയാണെന്നും മീഡിയ ഓഫീസ് അറിയിച്ചു.

ഇസ്രായേൽ സൈന്യം നൂറുകണക്കിന് രോഗികളെയും കുടിയിറക്കപ്പെട്ട ആളുകളെയും മെഡിക്കൽ സ്റ്റാഫിനെയും അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. ഇസ്രായേൽ അധിനിവേശ സൈന്യം ഷിഫ മെഡിക്കൽ കോംപ്ലക്‌സിന് നേരെ നടത്തിയ ആക്രമണത്തെ ഒരിക്കൽ കൂടി ശക്തമായി അപലപിക്കുന്നു. ഇസ്രായേൽ സൈന്യത്തിന്റേത് യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ്.

എല്ലാ അന്താരാഷ്ട്ര സംഘടനകളോടും അറബ്, ഇസ്ലാമിക രാജ്യങ്ങ​ളോടും സ്വതന്ത്ര ലോകത്തിലെ എല്ലാ രാജ്യങ്ങളോടും നിശബ്ദത വെടിഞ്ഞ് പുറത്തുവരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ഈ അതിക്രമങ്ങളെ അപലപിക്കുകയും വംശഹത്യ യുദ്ധം തടയാനുള്ള പ്രായോഗിക നിലപാടുകളും യഥാർത്ഥ നടപടികളും സ്വീകരിക്കണമെന്നും മീഡിയ ഓഫീസ് പ്രസ്താവനയിൽ ആവ​ശ്യപ്പെട്ടു.

ആശുപത്രിയിലെ സൈനിക നടപടിക്കിടയിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യവും നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ഇതിലധികവും ഹമാസിന്റെ ഉന്നത നേതാക്കളടക്കമുള്ളവരാണെന്നാണ് സൈന്യത്തിന്റെ ആരോപണം.

TAGS :

Next Story