ഗസ്സയില്‍ രണ്ട് ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു, പരിക്കേറ്റവരെയും വെറുതെ വിടാതെ സൈന്യം
ഗസ്സയിൽ ഇന്നലെ മാത്രം ഇരുനൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്
ഗസ്സ സിറ്റി: മൂന്ന് ബന്ദികളെ വെടിവെച്ചു കൊന്നതായ സൈനിക വെളിപ്പെടുത്തലിനെ തുടർന്ന് രാജ്യത്ത് രൂപപ്പെട്ട പ്രതിഷേധത്തിനിടെ, ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. വ്യോമ, നാവിക, കരയാക്രമണം വ്യാപിപ്പിച്ചതോടെ ഇരുനൂറിലേറെ പേരാണ് ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. രണ്ട് ആശുപത്രികൾക്കു നേരെ നടന്ന ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.വടക്കൻ ഗസ്സയിലെ നാസർ ആശുപത്രി, കമാൽ അദ്വാൻ ആശുപത്രി എന്നിവക്കു നേരെ നടന്ന ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു.
നാസർ ആശുപത്രി ഡയറക്ടറെയും നിരവധി രോഗികളെയും സൈന്യം പിടിച്ചു കൊണ്ടുപോയി. പരിക്കേറ്റ് ചികിത്സയിലുള്ളവരും സേനയുടെ കൊടും ക്രൂരതക്കിരയായി. ഗസ്സയിൽ ആകെയുള്ള 36 ആശുപത്രികളിൽ 11 എണ്ണം മാത്രമാണ് ഇപ്പോൾ ഭാഗികമായി പ്രവർത്തിക്കുന്നത്.
നുസൈറത്ത് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ജബലിയ, ഖാൻ യൂനുസ്, ദാറുൽ ബലാ, ശുജയ്യ എന്നിവിടങ്ങളിൽ കനത്ത ആക്രമണം തുടരുകയാണ്. അൽ ഖറാറ, ബനി സുഹൈല എന്നിവിടങ്ങളിൽ ഇസ്രായേൽ സൈനികരും ഹമാസ് പോരാളികളും തമ്മിൽ രൂക്ഷമായ തെരുവുയുദ്ധം തുടർന്നു. മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും സൈന്യം സ്ഥിരീകരിച്ചു.
ബന്ദികളുടെ കൊലയെ തുടർന്ന് ഇസ്രായേലിൽ രൂപപ്പെട്ട പ്രതിഷേധത്തിൽ മാറ്റമില്ല. ബന്ദികളെ തിരിച്ചെത്തിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ബന്ധുക്കള്‍ താക്കീത്. ആക്രമണം തുടരുന്നതിനൊപ്പം ബന്ദി കൈമാറ്റ ചർച്ചയും പുനരാരംഭിക്കാമെന്ന് ബന്ധുക്കൾക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പ് നല്‍കി. ഖത്തർ ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങൾ മുഖേന ഹമാസുമായി ബന്ദി കൈമാറ്റ കരാർ രൂപപ്പെടുത്താൻ മൊസാദ് മേധാവിക്ക് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ അനുമതി നൽകിയെന്ന് ഇസ്രായേലി ചാനൽ 12 റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തര വെടിനിർത്തൽ ഇനിയും നീണ്ടാൽ മാനുഷിക പ്രത്യാഘാതം അതിഗുരുതരമായിരിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, ലബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം രൂക്ഷമാണ്. ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നിരവധി മിസൈലുകൾ അയച്ചതായി ഹിസ്ബുല്ല. ഗസ്സ സിറ്റിയിലെ കാത്തലിക് ചർച്ചിൽ അമ്മയെയും മകളെയും കൊന്നൊടുക്കിയ ഇസ്രായേൽ നടപടി കൊടും ഭീകരതയെന്ന് മാർപാപ്പ പറഞ്ഞു.
Adjust Story Font
16