ഫലസ്‌തീൻ പതാക വലിച്ചുകീറി; ആംസ്റ്റർഡാമിൽ ഫുട്ബോൾ ആരാധകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് ഇസ്രയേലികളെ കാണാതായി
ആംസ്റ്റർഡാമിലെ ഇസ്രായേലി ഫുട്ബോൾ ആരാധകരുടെ സുരക്ഷക്കായി രണ്ട് രക്ഷാപ്രവർത്തന വിമാനങ്ങൾ അയക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു
ആംസ്റ്റർഡാം: ആംസ്റ്റർഡാമിൽ ഫുട്ബോൾ ആരാധകർ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ രണ്ട് ഇസ്രായേലികളെ കാണാതായി. പത്ത് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യൂറോപ്പ ലീഗ് മത്സരത്തിന് മുമ്പ് ആംസ്റ്റർഡാമിൽ ഇസ്രായേൽ അനുകൂലികൾ ഫലസ്‌തീൻ പതാകകൾ നശിപ്പിച്ചതിനെ തുടർന്നാണ് ആംസ്റ്റർഡാംഷെ ഫുട്ബോൾ ക്ലബ്ബായ അജാക്‌സിന്റെയും ഇസ്രായേലി പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ മക്കാബി ടെൽ അവീവിന്റേയും ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു എന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നൂറുകണക്കിന് മക്കാബി ആരാധകർ സെൻട്രൽ ഡാം സ്ക്വയറിൽ തടിച്ചുകൂടി പടക്കം പൊട്ടിച്ചതോടെ മത്സരത്തിന് മുൻപ് പൊലീസുമായും ഏറ്റുമുട്ടൽ ഉണ്ടായി. പൊതു ക്രമസമാധാനം തകർത്തതിനും അനധികൃതമായി പടക്കങ്ങൾ കൈവശം വച്ചതിനും ഇരുപതോളം പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.
ആംസ്റ്റർഡാമിലെ ഇസ്രായേലികളോട് തെരുവുകളിൽ ഇറങ്ങരുതെന്നും ഹോട്ടൽ മുറികളിൽ താമസിക്കാനും ഇസ്രായേൽ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ആംസ്റ്റർഡാമിലെ ഇസ്രായേലി ഫുട്ബോൾ ആരാധകരുടെ സുരക്ഷക്കായി രണ്ട് രക്ഷാപ്രവർത്തന വിമാനങ്ങൾ അയക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു.
സംഭവത്തെ നെതന്യാഹു അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഡച്ച് സർക്കാരും സുരക്ഷാ സേനയും കലാപകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇസ്രായേലി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇസ്രായേൽ പൗരന്മാർക്കെതിരായ വളരെ അക്രമാസക്തമായ ഈ സംഭവത്തിലേക്ക് നയിച്ചതിന്റെ കാരണം എന്തെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല.
നിരപരാധികളായ ഇസ്രായേലികളെ ലക്ഷ്യമിട്ടുള്ള ജനക്കൂട്ടമാണ് സംഭവത്തിന് പിന്നിലെന്ന് ഇസ്രായേലി എംബസി കുറ്റപ്പെടുത്തി. ഇസ്രായേലി പൗരന്മാർക്ക് അവരുടെ ഹോട്ടലുകളിൽ നിന്ന് സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് എത്താൻ ഡച്ച് സർക്കാരിൻ്റെ സഹായം അഭ്യർത്ഥിച്ചതായി ഇസ്രായേലിൻ്റെ പുതിയ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ പറഞ്ഞു.
മക്കാബി ടെൽ അവീവും അജാക്‌സ് ആംസ്റ്റർഡാമും തമ്മിലുള്ള മത്സരത്തിന് മുമ്പ് ഡച്ച് തലസ്ഥാനത്ത് സയണിസ്റ്റ് ആരാധകർ ഫലസ്‌തീൻ പതാക നീക്കം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, സമീപത്തെ പബ്ബിൽ നിന്ന് പുറത്തുവരുമ്പോൾ തങ്ങളുടെ ശരീരത്തിലേക്ക് ചില വസ്തുക്കൾ വലിച്ചെറിഞ്ഞതോടെയാണ് തർക്കം ആരംഭിച്ചതെന്നാണ് മക്കാബി ആരാധകരുടെ വാദം. ഇതിനിടെ ഒരു മക്കാബി ആരാധകനെ ആംസ്റ്റർഡാം കനാലിലേക്ക് തള്ളിയിട്ട് 'ഫ്രീ ഫലസ്‌തീൻ' എന്ന് വിളിച്ചുപറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
സംഘർഷത്തിന് പിന്നാലെ ആംസ്റ്റർഡാമിൽ സുരക്ഷാ കനപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ 57 പേരെ അറസ്റ്റ് ചെയ്‌തതായി ഡച്ച് പൊലീസ് വക്താവ് എഎൻപി വാർത്താ ഏജൻസിയോട് പറഞ്ഞു.
പ്രതിഷേധക്കാരും ഇസ്രയേലി ക്ലബിനെ പിന്തുണയ്ക്കുന്നവരും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെടുമെന്ന് ഭയന്ന് ആംസ്റ്റർഡാം മേയർ ഫെംകെ ഹൽസെമ സ്റ്റേഡിയത്തിന് പുറത്ത് നടത്താനിരുന്ന ഫലസ്‌തീൻ അനുകൂല പ്രകടനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇസ്രായേൽ ഫുട്ബോൾ ക്ലബ്ബിൻ്റെ സന്ദർശനത്തിനെതിരെയാണ് ഫലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, നിരോധനം ഏർപ്പെടുത്തിയിട്ടും സംഘർഷം തടയാനായില്ല.
Summery: Israeli authorities say 10 football fans injured in Amsterdam violence
Adjust Story Font
16