Quantcast

ആഫ്രിക്കൻ യൂനിയൻ ഉച്ചകോടിയിൽനിന്ന് ഇസ്രായേൽ പ്രതിനിധികൾക്ക് വിലക്ക്

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യയുടെ പശ്ചാത്തലത്തിലാണ് നടപടി

MediaOne Logo

Web Desk

  • Published:

    15 Feb 2024 5:22 AM GMT

african union summit
X

അഡിസ് അബാബ: എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നടക്കുന്ന ആഫ്രിക്കൻ യൂനിയൻ ഉച്ചകോടിയിൽനിന്ന് ഇസ്രായേൽ പ്രതിനിധി സംഘത്തെ വിലക്കിയതായി റിപ്പോർട്ട്. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യയുടെ പശ്ചാത്തലത്തിലാണ് നടപടി.

ആ​ഫ്രിക്കൻ യൂനിയൻ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ 44-ാമത് ഉച്ചകോടിയാണ് ബുധനാഴ്ച ആരംഭിച്ചത്. വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ യാക്കോവ് ബ്ലിറ്റ്‌സ്റ്റീൻ, ആഫ്രിക്ക മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അമിത് ബയാസ് എന്നിവരാണ് ഇസ്രായേൽ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ഗസ്സയിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് ഇസ്രായേൽ പ്രതിനിധികൾ ഉച്ചകോടിയിൽ അവതരിപ്പിക്കേണ്ടതായിരുന്നു.

ആഫ്രിക്കൻ യൂനിയൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇസ്രായേൽ പ്രതിനിധികളെ നേരത്തെയും തടഞ്ഞിട്ടുണ്ട്. 2022 ജനുവരിയിൽ അൾജീരിയൻ നയതന്ത്രജ്ഞർ ഇസ്രായേലിന്റെ നിരീക്ഷണ പദവി പിൻവലിക്കാൻ പ്രമേയം അവതരിപ്പിച്ചിരുന്നു. 2023 ഫെബ്രുവരിയിൽ അൾജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് ഇസ്രായേൽ പ്രതിനിധിയെ ഉദ്ഘാടന ചടങ്ങിൽനിന്ന് പുറത്താക്കി.

ആഫ്രിക്കൻ യൂനിയനിൽ വീണ്ടും നിരീക്ഷക പദവി നേടാൻ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്താൻ രണ്ട് ദിവസം മുമ്പ് തന്നെ ഇസ്രായേൽ പ്രതിനിധി സംഘം അഡിസ് അബാബയിൽ എത്തിയതായാണ് വിവരം. ഉച്ചകോടിയിൽനിന്ന് പുറത്താക്കിയ സംഭവം ഗൗരവതരമായി കാണുമെന്ന് ഇസ്രായേൽ അറിയിച്ചു.

വിദ്വേഷത്താൽ നയിക്കപ്പെടുന്ന അൾജീരിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ ചുരുക്കം ചില തീവ്രവാദ രാജ്യങ്ങൾ ആഫ്രിക്കൻ യൂനിയനെ ബന്ദികളാക്കിയിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഇസ്രായേൽ കുറ്റപ്പെടുത്തി. അതേസമയം, ഇസ്രായേലിന്റെ നിരീക്ഷക പദവി പിൻവലിക്കാൻ ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ് ആഫ്രിക്കൻ യൂനിയനോട് ആവശ്യപ്പെട്ടിരുന്നു.

വിവിധ രാജ്യങ്ങളിൽ നടക്കുന്ന രാഷ്ട്രീയ, പട്ടാള അട്ടിമറികളാണ് ഇത്തവണ ഉച്ചകോടിയിലെ പ്രധാന അജണ്ട. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ 200ഓളം അട്ടിമറികളാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ നടന്നത്. മാലി, സുഡാൻ, ഗിനിയ, ബുർക്കിന ഫാസോ എന്നീ നാല് രാജ്യങ്ങളുടെ അഭാവത്തിലാണ് ഈ വർഷത്തെ ഉച്ചകോടി.

TAGS :

Next Story