ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യത; മരണം 13,300 കവിഞ്ഞു
ബന്ദികളുടെ മോചനത്തിനും താൽക്കാലിക വെടിനിർത്തലിനും സാധ്യമായ എല്ലാ നീക്കങ്ങളും തുടരുന്നതായി വൈറ്റ് ഹൗസ് വക്താവും അറിയിച്ചു
തെല്‍ അവിവ്: ഒരു വിഭാഗം ബന്ദികളുടെ മോചനം ഉറപ്പാക്കി താൽക്കാലിക വെടിനിർത്തൽ കരാർ ഉടൻ നടപ്പായേക്കുമെന്ന് റിപ്പോർട്ട്. കരാർ വൈകില്ലെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചു. അതേ സമയം ആക്രമണം രൂക്ഷമായ ഗസ്സയിൽ മരണം 13,300 കവിഞ്ഞു. ഇസ്രായേലി ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത ദൃശ്യങ്ങൾ പുറത്തുവിട്ട ഹൂത്തികൾ യെമൻ സമുദ്രാതിർത്തിയിലേക്കുള്ള വിദേശ ശക്തികളുടെ ഏതൊരു ഇടപെടലും ശക്തമായി ചെറുക്കുമെന്നും താക്കീത് നൽകി. അറബ്, മുസ്ലിം രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘം ബീജിങിൽ ചൈനീസ് നേതാക്കളുമായി ചർച്ച നടത്തി.
ഖത്തർ മധ്യസ്ഥതയിൽ ബന്ദികളുടെ കൈമാറ്റവും താൽക്കാലിക വെടിനിർത്തലും വ്യവസ്ഥ ചെയ്യുന്ന കരാറിൽ ഇസ്രായേൽ ഒപ്പുവെച്ചതായും ഹമാസിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു തൊട്ടുപിന്നാലെ കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും പ്രതികരിച്ചു. ബന്ദികളുടെ മോചനത്തിനും താൽക്കാലിക വെടിനിർത്തലിനും സാധ്യമായ എല്ലാ നീക്കങ്ങളും തുടരുന്നതായി വൈറ്റ് ഹൗസ് വക്താവും അറിയിച്ചു.
ഇസ്ലാമിക് ജിഹാദ് നേതാവ് സിയാദ് അൽ നഖാലയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയും തമ്മിൽ രാത്രി ചർച്ച നടത്തി. ഏതാണ്ട് ഒന്നര മാസത്തോളമായി തുടരുന്ന യുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾക്കിടെയാണ് താൽക്കാലിക വെടിനിർത്തൽ ചർച്ച വീണ്ടും സജീവമാകുന്നത്. അതേ സമയം അഭയാർഥി ക്യാമ്പുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ഇസ്രായേൽ സൈനികാക്രമണം കൂടുതൽ രൂക്ഷമായി. 5600 കുട്ടികൾ ഉൾപ്പെടെ മരണം 13,300 ആയി. 3550 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടും. പരിക്കേറ്റവരുടെ എണ്ണം മുപ്പത്തി ഒന്നായിരം കവിഞ്ഞു. ഇവരിൽ 75 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. യുദ്ധലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടതാണ് കൂട്ടക്കുരുതികളിലേക്ക് ഇസ്രായേൽ സൈന്യത്തെ നയിക്കുന്നതെന്ന് ഹമാസ്.
ഏഴ് സൈനികരെ കൊലപ്പെടുത്തിയതായും പിന്നിട്ട മൂന്നു നാളുകൾക്കുള്ളിൽ 60 സൈനിക വാഹനങ്ങൾ തകർത്തതായും അൽഖസ്സാം ബ്രിഗേഡ്. കരയുദ്ധംആരംഭിച്ചതു മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 66 ആയെന്ന് ഇസ്രായേൽ. ലബനനിൽനിന്ന് ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണവും ഇസ്രായേലിനെ ഞെട്ടിച്ചു. 25 റോക്കറ്റുകൾ കിരിയത് ഷിമോണ നഗരത്തിൽ പതിച്ചതായും തങ്ങളുടെ സൈനികതാവളം തകർന്നതായും ഇസ്രായേൽ സേന അറിയിച്ചു.
രാത്രി ഗസ്സയിൽ നിന്ന് നിരവധി റോക്കറ്റുകൾ തെൽഅവീവിനെ ലക്ഷ്യം വെച്ചെത്തി. അൽ-ശിഫ ആശുപത്രി പിടിച്ചെടുത്ത് രോഗികളെ ഒഴിപ്പിച്ചതിനു പിന്നാലെ ഗസ്സ ബൈത് ലാഹിയയിലെ ഇന്തോനേഷ്യൻ ആശുപത്രിയും ഇസ്രായേൽ അധിനിവേശ സേന വളഞ്ഞു. ആശുപത്രിക്കുനേരെ നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. 600ഓളം രോഗികളും 200 ജീവനക്കാരും 2000 അഭയാർഥികളുമടങ്ങുന്നവരുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഗസ്സക്കുപുറമെ വെസ്റ്റ്ബാങ്കിലും ഫലസ്തീനുകൾക്കു നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം വ്യാപിക്കുകയാണ്. ഇത് ശക്തമായി അമർച്ച ചെയ്യണമെന്ന് അമേരിക്ക ഇസ്രായേലിനെ അറിയിച്ചു.
ലബനൻ മേഖലയിലേക്ക് യുദ്ധം വ്യാപിക്കുന്നതും അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. ഗസ്സയിലെ കുരുതി തുടർന്നാൽ കൂടുതൽ കടുത്ത ആക്രമണങ്ങൾ ഉണ്ടാകുമെന്ന് പിടിച്ചെടുത്ത ഇസ്രായേൽ കപ്പൽ ദൃശ്യങ്ങൾ പുറത്തുവിട്ട് യെമനിലെ ഹൂത്തികൾ മുന്നറിയിപ്പ് നൽകി. കപ്പൽ പിടിച്ചെടുത്തത് തങ്ങളുടെ നിർദേശപ്രകാരമല്ലെന്ന് ഇറാൻ വ്യക്തമാക്കി.
Adjust Story Font
16