Quantcast

സുബഹി നമസ്‌കാരത്തിനിടെ ഇരച്ചുകയറി; വിശ്വാസികൾക്കുനേരെ തുരുതുരാ വെടിയുതിർത്തു, പള്ളി കുരുതിക്കളമാക്കി- അൽഅഖ്‌സ പള്ളിയിലെ ഇസ്രായേൽ നരനായാട്ട്

നമസ്‌കാരത്തിനു നേതൃത്വം നൽകുന്ന പ്രാർത്ഥനാമുറിക്കു മുകളിൽ കയറി വിശ്വാസികൾക്കുനേരെ തിരിഞ്ഞും ഇസ്രായേല്‍ സൈന്യം ഗ്രനേഡ് പ്രയോഗം തുടർന്നു. വിശ്വാസികൾ ആത്മരക്ഷാർത്ഥം ചിതറിയോടുമ്പോഴും നിർത്താതെ വെടിവയ്പ്പ് തുടർന്നു

MediaOne Logo

Web Desk

  • Published:

    15 April 2022 10:37 AM GMT

സുബഹി നമസ്‌കാരത്തിനിടെ ഇരച്ചുകയറി; വിശ്വാസികൾക്കുനേരെ തുരുതുരാ വെടിയുതിർത്തു, പള്ളി കുരുതിക്കളമാക്കി- അൽഅഖ്‌സ പള്ളിയിലെ ഇസ്രായേൽ നരനായാട്ട്
X

ജറൂസലേം: അൽഅഖ്‌സ പള്ളിയിലേക്ക് സുബഹി നമസ്‌കാരത്തിനിടെ(പ്രഭാത നമസ്‌കാരം) ഇരച്ചുകയറി ഇസ്രായേൽ സൈന്യം നടത്തിയ നരനായാട്ടിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പള്ളിയിൽ നമസ്‌കരിക്കാനെത്തിയ വിശ്വാസികൾക്കുനേരെ ഒരു പ്രകോപനവുമില്ലാതെയാണ് ഇസ്രായേൽ സൈന്യം അഴിഞ്ഞാടിയത്. പള്ളിയിലേക്ക് ഇരച്ചുകയറിയ സംഘം തലങ്ങും വിലങ്ങും വിശ്വാസികൾക്കുനേരെ ഗ്രനേഡ് പ്രയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്ന വിഡിയോകളിൽ വ്യക്തമാകുന്നത്.

'എല്ലാ വാതിലുകളിലൂടെയും ഇരച്ചുകയറി; രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടച്ചു'

പുലർച്ചെ അഞ്ചരയോടെ പ്രഭാത നമസ്‌കാരം പൂർത്തിയാകുന്നതേയുണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് ഇസ്രായേൽ സൈന്യം അൽഅഖ്‌സ പള്ളിയിലേക്ക് ഒരു പ്രകോപനവുമില്ലാതെ ഇരച്ചുകയറിയതെന്ന് 'മിഡിലീസ്റ്റ് ഐ' റിപ്പോർട്ട് ചെയ്യുന്നു. ആരും രക്ഷപ്പെടരുതെന്ന് ഉറപ്പിച്ച പോലെ പള്ളിയുടെ പല വാതിലുകളിലൂടെയാണ് സൈന്യം വലിയ സംഘങ്ങളായി അതിക്രമിച്ചുകയറിയത്. പിന്നാലെ, ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കാതെ തലങ്ങും വിലങ്ങും വെടിവച്ചു.

നമസ്‌കാരത്തിനു നേതൃത്വം നൽകുന്ന ഇമാം നിൽക്കുന്ന ഖിബ്‌ലി പ്രാർത്ഥനാമുറിക്കു മുകളിൽ കയറി വിശ്വാസികൾക്കുനേരെ തിരിഞ്ഞും ഗ്രനേഡ് പ്രയോഗം തുടർന്നു. വിശ്വാസികൾ ആത്മരക്ഷാർത്ഥം ചിതറിയോടുമ്പോഴും സൈന്യം നിർത്താതെ വെടിവയ്പ്പ് തുടർന്നു. കണ്ണീർവാതക, ഗ്രനേഡ് പ്രയോഗങ്ങളും ശക്തമാക്കി. പുറത്തുനിന്ന് അടിയന്തര ആരോഗ്യ പരിചരണത്തിന് ആളുകളെത്തുന്നത് തടഞ്ഞായിരുന്നു ക്രൂരകൃത്യമെന്ന് മിഡിലീസ്റ്റ് ഐ റിപ്പോർട്ടിൽ പറയുന്നു.




ഏകദേശം അഞ്ചു മണിക്കൂർ നേരമാണ് പള്ളിക്കകത്തും പള്ളി വളപ്പിലും ഇസ്രായേൽ സൈന്യം തേർവാഴ്ച തുടർന്നത്. എട്ടുമണിയോടെ പള്ളിയുടെ മറ്റു ഭാഗങ്ങളിൽനിന്നെല്ലാം വിശ്വാസികളെ ആട്ടിപ്പായിച്ചു. ഈ സമയത്ത് ഖിബ്‌ലി ഭാഗത്ത് ഒരുമിച്ചുകൂടിയിരുന്നവർ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ വീണ്ടും ഇവർക്കെതിരെയും വെടിവയ്പ്പ് ആരംഭിച്ചു.

കൈകാലുകൾ കെട്ടിയിട്ടും മർദനമുണ്ടായതായി റിപ്പോർട്ടുണ്ട്. ഒടുവിൽ, രാവിലെ ഒൻപതരയോടെ 80ഓളം പേരെ ഇവിടെനിന്ന് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നുവെന്ന് മിഡിലീസ്റ്റ് ഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ജുമുഅ നമസ്‌കാരത്തിനെത്തിയവരെയും തടഞ്ഞു

ആക്രമണത്തിൽ പള്ളിയുടെ വലിയൊരു ഭാഗവും പാടേ തകർന്നിട്ടുണ്ട്. വൻ നാശനഷ്ടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ആരോഗ്യ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും പള്ളിയിലെ സന്നദ്ധ പ്രവർത്തകരെയും സ്ത്രീകളെയുമെല്ലാം ലക്ഷ്യമിട്ട് ആക്രമണമുണ്ടായതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ഫലസ്തീനി മാധ്യമപ്രവർത്തകരായ മുഹമ്മദ് സംറീൻ, റാമി അൽഖതീബ് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തവരിൽ ഒരു കുട്ടിയും ഉൾപ്പെടും. നൂറുകണക്കിന് ഫലസ്തീനികൾക്കാണ് ഇസ്രായേൽ നരനായാട്ടിൽ പരിക്കേറ്റത്. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുമുണ്ട്.

ഇന്ന് ജുമുഅ ദിവസമായതിനാൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് വിശ്വാസികൾ എത്തുന്നത് തടയാൻ ഇസ്രായേൽ സൈന്യം പള്ളി നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഉച്ചയോടെ നമസ്‌കാരത്തിനെത്തിയ വിശ്വാസികളെയൊന്നും പള്ളിയിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല. അതേസമയം, ഇസ്രായേൽ ഭാഗത്തുനിന്നും വെസ്റ്റ് ബാങ്കിൽനിന്നും വരുന്നവർക്ക് പിന്നീട് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Summary: Israeli forces attack Palestinian worshippers in al-Aqsa Mosque raid

TAGS :

Next Story