Quantcast

വീണുകിടന്നിട്ടും വെടിവെപ്പ് തുടർന്നു; വെസ്റ്റ് ബാങ്കിൽ‌ 14കാരനെ ഇസ്രായേൽ സൈന്യം കൊന്നു

'പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യവസ്ഥിതിയാണ് വെടിവെച്ച് കൊല്ലാൻ ഇസ്രായേൽ സേനക്കുള്ള ധൈര്യം'

MediaOne Logo

Web Desk

  • Published:

    12 July 2024 11:11 AM GMT

Israeli forces killed 14-year-old in West Bank
X

തെൽ അവീവ്: വെസ്റ്റ് ബാങ്കിൽ 14 വയസ്സുള്ള ഫലസ്തീൻ ബാലനെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു. അലി ഹസൻ അലി റബായ എന്ന കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫലസ്തീൻ ഗ്രാമമായ മൈതാലൂനിനടുത്ത് ​വെച്ച് കവചിത സൈനികവാഹനത്തിലെത്തിയ സൈന്യമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൺ ഇൻ്റർനാഷണലിന്റെ ഫലസ്തീൻ ഘടകം (ഡി.സി.ഐ.പി) അറിയിച്ചു.

വെടികൊണ്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അലി മൂന്ന് മീറ്റർ ഓടിയെങ്കിലും നിലത്തു വീണു. വീണുകിടന്നിട്ടും ഇസ്രായേൽ സൈന്യം അലിയുടെ നേരെ വെടിവയ്പ്പ് തുടർന്നു. നെഞ്ചിലും കാലുകളിലും ഗുരുതരമായി പരിക്കേറ്റ 13 വയസ്സുള്ള ഒരു ആൺകുട്ടി ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ഫലസ്തീൻ കുട്ടികളെയെങ്കിലും സൈന്യം ആക്രമിച്ചിട്ടുണ്ട്.

മരണവെപ്രാളത്തിൽ വീണുകിടക്കുന്ന കുട്ടിക്ക് നേരെ അഞ്ച് മിനിറ്റോളം വെടിവച്ച് ഇസ്രായേൽ സൈന്യം തങ്ങളുടെ ക്രൂരത തുടർന്നു. സൈന്യം വാഹനങ്ങൾ പിൻവലിച്ചതിനുശേഷമാണ് പ്ര​ദേശവാസികൾക്ക് അലിയെ സഹായിക്കാനായത്. ഉടൻ തന്നെ കുട്ടിയെ തുബാസിലെ തുർക്കി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം 5:35ഓടെ മരണം സ്ഥിരീകരിച്ചു.

ഫലസ്തീൻ പട്ടണമായ അൽ-ജാദിദയിൽ ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് ഇസ്രായേൽ പ്രത്യേക സേന നുഴഞ്ഞുകയറ്റം നടത്തിയത്. തുടർന്ന് രണ്ട് ഫലസ്തീൻ യുവാക്കളെ അറസ്റ്റ് ചെയ്തു. മൈതലൂൺ ​ഗ്രാമത്തിലൂടെയാണ് സൈന്യം പിൻവാങ്ങിയത്. ആ സമയം അലി ഇസ്രായേൽ സൈനിക വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നെന്നും ആരോപണമുണ്ട്.

'രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് ഇസ്രായേൽ സൈന്യം 14 വയസ്സുള്ള അലിയെ കൊല്ലുകയും മറ്റ് അഞ്ച് ഫലസ്തീൻ കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തത്.'- ഡി.സി.ഐ.പിയിലെ അക്കൗണ്ടബിലിറ്റി പ്രോഗ്രാം ഡയറക്ടർ അയ്ദ് അബു ഇഖ്തൈഷ് പറഞ്ഞു. 'പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യവസ്ഥിതിയാണ് വെടിവെച്ച് കൊല്ലാൻ ഇസ്രായേൽ സേനക്കുള്ള ധൈര്യം. ഫലസ്തീനി കുട്ടികൾക്ക് ​നേരെ എന്ത് അതിക്രമം പ്രവർത്തിച്ചാലും ഒരു കുഴപ്പവുമില്ല എന്ന മനോഭാവമാണ് ഇതിന് കാരണം. ഇതിന് ഉത്തരവാദികളായ ഇസ്രായേൽ അധികാരികൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം’ -അദ്ദേഹം ആവശ്യപ്പെട്ടു.

2024-ൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ട് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 57 ഫലസ്തീൻ കുട്ടികളെ ഇസ്രായേൽ സേനയും കുടിയേറ്റക്കാരും കൊന്നതായാണ് ഡി.സി.പി.ഐ റിപ്പോർട്ട്. 2023-ൽ 121 ഫലസ്തീൻ കുട്ടികളെ കൊന്നു. ഗസ്സ യുദ്ധം ആരംഭിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം ഇതിനകം 138 കുട്ടികൾ കൊല ചെയ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

അന്താരാഷ്‌ട്ര നിയമപ്രകാരം, ജീവന് നേരിട്ടുള്ള ഭീഷണിയോ ഗുരുതരമായ പരിക്കോ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങളിൽ മാത്രമേ കുട്ടികൾക്ക് നേരെ ബലപ്രയോ​ഗം നടത്താൻ പാടുള്ളൂ. എന്നാൽ, ഇസ്രായേൽ സൈന്യം ഫലസ്തീൻ കുട്ടികൾക്കെതിരെ മാരകമായ അക്രമം നടത്തുകയാണെന്ന് ഡി.സി.പി.ഐ പറയുന്നു.

TAGS :

Next Story