ആക്രമണത്തിന് ഇടവേളയെന്ന പ്രഖ്യാപനം നടപ്പായില്ല; ഗസ്സയിൽ നാല് ആശുപത്രികളെ വളഞ്ഞ് ഇസ്രായേൽ സൈന്യം
അൽശിഫ ആശുപത്രി കോംപൗണ്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു
ഗസ്സയിൽ ആക്രമണത്തിന് ഇസ്രായേൽ 4 മണിക്കൂർ ഇടവേള നൽകുമെന്ന അമേരിക്കൻ പ്രഖ്യാപനം നടപ്പിലായില്ല. ഗസ്സ സിറ്റിയിൽ നാല് ആശുപത്രികളെ ഇസ്രായേൽ സൈന്യം വളഞ്ഞു. അൽശിഫ ആശുപത്രി കോംപൗണ്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു.
ഗസ്സ സിറ്റിയിൽ കുട്ടികൾക്കായുള്ള അൽ റൻതീസി ആശുപത്രി, അന്നസ്ർ ആശുപത്രി, ഗവ. കണ്ണാശുപത്രി, മാനസികാരോഗ്യ ആശുപത്രി എന്നീ 3 ആശുപത്രികളെ കൂടിയാണ് ഇപ്പോൾ ഇസ്രായേൽ സേന വളഞ്ഞിരിക്കുന്നത്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ആശുപത്രിയുടെ കോംപൗണ്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ ശിഫയ്ക്കടുത്തുനിന്നും വെടിയൊച്ചകൾ കേൾക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു..
ആശുപത്രിക്ക് മുകളിൽ ഏതുനിമിഷവും ബോംബ് വീഴാമെന്നും രോഗികളെ അനാഥരാക്കി എങ്ങും പോകില്ലെന്നും അൽശിഫയിലെ ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഗസ്സയിൽ ആക്രമണത്തിന് നാലുമണിക്കൂർ ദിവസവും ഇടവേളയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ പറഞ്ഞിരുന്നു.
പക്ഷേ ഇന്ന് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് അക്കാര്യത്തിൽ ഒരു നടപടിയുമുണ്ടായിട്ടില്ല. ഹമാസും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ആക്രമണം ഭയന്ന് ഗസ്സ സിറ്റിയിൽ നിന്ന് പതിനായിരങ്ങൾ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുകയാണ്. ഇങ്ങനെ പലായനം ചെയ്യുകയായിരുന്ന സാധാരക്കാരെയും ഇസ്രായേൽ ആക്രമിച്ചു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ 4,506 കുട്ടികളുള്‍പ്പടെ ആകെ മരണം 11,078 ആയി.
Adjust Story Font
16