ഗസ്സയിൽ ആശുപത്രികൾക്ക് നേരെ ആക്രമണം തുടർന്ന് ഇസ്രായേൽ; നൂറുകണക്കിന് രോഗികൾ മരണമുഖത്ത്
തുടർച്ചയായ ആക്രമണവും ഇന്ധനമില്ലായ്മയും കാരണം ഗസ്സയിൽ 22 ആശുപത്രികളുടെയും 49 ഹെൽത്ത് സെന്‍ററുകളുടെയും പ്രവർത്തനം നിലച്ചു
ഗസ്സ: അൽശിഫ ഉൾപ്പെടെ ഗസ്സയിലെ ആശുപത്രികൾക്കു നേരെ ആക്രമണം തുടർന്ന് ഇസ്രായേൽ. തുടർച്ചയായ ആക്രമണവും ഇന്ധനമില്ലായ്മയും കാരണം ഗസ്സയിൽ 22 ആശുപത്രികളുടെയും 49 ഹെൽത്ത് സെന്‍ററുകളുടെയും പ്രവർത്തനം നിലച്ചു. ഗസ്സയിൽ കൂടുതൽ സഹായം ഉറപ്പാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഖത്തർ അമീറിനെ ടെലിഫോണിൽ അറിയിച്ചു. മാഡ്രിഡ് ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ അണിനിരന്ന ഫലസ്തീൻ ഐക്യദാർഡ്യ റാലികൾ തുടരുകയാണ്.
നിരവധിപേർ ചികിത്സയിൽ കഴിയുന്ന അൽശിഫ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗവും മറ്റും തകർത്ത ഇസ്രായേൽ കൂടുതൽ ആക്രമണം നടത്താനുള്ള നീക്കത്തിലാണ്. ആശുപത്രി പരിസരത്ത് ഇന്ന് വെളുപ്പിനും ആക്രമണം തുടർന്നു. ചികിത്സയിലുള്ള നൂറുകണക്കിന്രോഗികളുടെ ജീവൻ അപകടത്തിലാണ്. ആശുപത്രിയിലെ ഹൃദ്രോഗ വാർഡ് നേരത്തെ തകർത്തിരുന്നു. വടക്കൻ ഗസ്സയിലെ ഏറ്റവും വലിയആശുപത്രി കൂടിയായ അൽ ശിഫയുമായി ആശയവിനിമയ ബന്ധം പൂർണമായും തകർന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്നു പോലും വ്യക്തമല്ലെന്ന് യു.എൻ ഏജൻസികൾ അറിയിച്ചു. അൽ റൻതീസി ഉൾപ്പെടെ മറ്റു ആശുപത്രികളും ഇസ്രായേൽ സൈന്യം പൂർണമായിവളഞ്ഞിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നവരെ ചുറ്റും നിലയുറപ്പിച്ച ഇസ്രായേൽ സൈന്യത്തിലെ ഷൂട്ടർമാർ വെടിവെച്ചിടുകയാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെള്ളവും വൈദ്യുതിയും ഇന്ധനവും ലഭിക്കാത്തതിനാൽ ആശുപത്രികൾ അഭയ സങ്കേതങ്ങളായി കണ്ട എല്ലാവരുടെയും ജീവൻ ഭീഷണിയിലാണ്. അടിയന്തരമായി രണ്ടായിരം ലിറ്റർ ഇന്ധനമെങ്കിലും അനുവദിക്കണമെന്ന് അൽശിഫ ആശുപത്രി അധികൃതർ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം ഇൻകുബേറ്ററുകളിൽ കഴിയുന്ന കുഞ്ഞുങ്ങളെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുമെന്നും അധികൃതർ.ആശുപത്രികൾഉൾപ്പടെയുള്ള ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. ബന്ദികളെ കൈമാറാതെ വെടിനിർത്തലിന് ഒരുക്കമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. അതേ സമയം ബന്ദികളെ കൈമാറുന്ന കരാറിന് സാധ്യതയുണ്ടെന്നും നെതന്യാഹു. ഗസ്സയിൽ നിന്ന് 20 ഹമാസ് പോരാളികളെ പിടികൂടിയെന്ന് ഇസ്രായേൽ സൈന്യം. എന്നാൽ ചെറുത്തുനിൽപ്പ് അജയ്യമായി തുടരുകയാണെന്ന് ഹമാസ് നേതൃത്വം.
കരയുദ്ധം തുടങ്ങിയതു മുതൽ ഇസ്രായേലിന്റെ 160 സൈനിക വാഹനങ്ങൾ ഭാഗികമായോപൂർണമായോ തകർത്തതായി ഹമാസിന്റെ സായുധ വിഭാഗമായ ഇസുദ്ദീൻ അൽഖസാം ബ്രിഗേഡ് വക്താവ് അബൂഉബൈദ അറിയിച്ചു. ലബനാൻ അതിർത്തിയിൽ ആക്രമണ, പ്രത്യാക്രമണങ്ങൾ വർധിച്ചു. ലബനാനിൽ നിന്നു വന്ന റോക്കറ്റ് പതിച്ച് 16 ഇസ്രായേലികൾക്ക് പരിക്കേറ്റു.
Adjust Story Font
16