അൽ-ശിഫ ആശുപത്രി സൈനിക ബാരക്കാക്കി ഇസ്രായേൽ; ഏഴായിരത്തോളം പേർ മരണ മുനമ്പില്‍
ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിൽ ഒരിടത്തും സുരക്ഷിതമല്ലെന്ന് യു.എൻ ഏജൻസികൾ
അല്‍-ശിഫ ആശുപത്രി
തെല്‍ അവിവ്: ഗസ്സയിലെഏറ്റവും വലിയ ആശുപത്രിയായ അൽ-ശിഫ ഇസ്രായേൽ സൈനിക ബാരക്കായി മാറി. രോഗികൾ ഉൾപ്പെടെ ഏഴായിരത്തോളം പേർ മരണ മുനമ്പിലാണെന്ന് ആശുപത്രി അധികൃതർ. ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിൽ ഒരിടത്തും സുരക്ഷിതമല്ലെന്ന് യു.എൻ ഏജൻസികൾ. ഗസ്സയിലേക്ക് ഉപരോധം ലംഘിച്ച് കൂടുതൽ സഹായം എത്തിക്കാൻ അറബ് രാജ്യങ്ങൾ തയാറാകുമെന്ന് ജോർദാന്റെ മുന്നറിയിപ്പ്. യുദ്ധാന്തരം അന്താരാഷ്ട്ര സമാധാന സേനയെ ഗസ്സയിൽ നിയോഗിക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നീക്കമാരംഭിച്ചതായും റിപ്പോർട്ട്.
അൽ-ശിഫ ആശുപത്രി കൈയടക്കിയ ഇസ്രായേൽ സൈന്യം കൊടും ക്രൂരതകൾ തുടരുകയാണ്. രോഗികളടക്കമുള്ളവരെപിടികൂടി ബന്ധിച്ച് കണ്ണുകൾ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി. വിവിധ പരിശോധനാ വിഭാഗങ്ങൾക്കു പുറമെ മരുന്ന്, മെഡിക്കൽഉപകരണങ്ങൾ എന്നിവയുടെ വെയർഹൗസും സൈന്യം തകർത്തു. ഉൾവശത്തെ ചുമരുകളും കെട്ടിടത്തിനുള്ളിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും നശിപ്പിച്ചു. ഇരുനൂറോളംപേരെയാണ് ബന്ദികളാക്കി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ നിന്ന് പിടികൂടിയെന്ന നിലക്ക് സൈന്യം പ്രദർശിപ്പിച്ച ആയുധങ്ങൾ അവർ തന്നെ കൊണ്ടുവെച്ചതാകാമെന്ന് ഹമാസ് വ്യക്തമാക്കി.
ഹമാസ് പിടിയിലുള്ള ബന്ദികളെ അൽശിഫ ആശുപത്രിയുടെ ഭൂഗർഭ അറകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് തെളിഞ്ഞതാണ് സൈനിക നടപടിക്ക് കാരണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സി.ബി.എസ് ചാനലിനോട്. ബന്ദികളിൽ ഒരാളുടെ മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയെന്ന് ഇസ്രായേൽ സൈന്യം. വ്യാജ പ്രചാരണങ്ങളും കള്ളങ്ങളും ഉന്നയിച്ച് കൊടും ക്രൂരതകൾക്ക് ന്യായം ചമക്കുകയാണ് ഇസ്രായേലും അമേരിക്കയമെന്ന് ഹമാസ് സൈനിക വിഭാഗം. ആശുപത്രിയിൽ നിന്ന് സൈനികരെയും സൈനിക വാഹനങ്ങളെയും പുറന്തള്ളാൻ അന്താരാഷ്ട്ര സമ്മർദം ഉണ്ടാകണമെന്ന് സംയുക്ത പ്രസ്താവനയിൽ യു.എൻ ഏജൻസികൾ. സിവിലിയൻമാർക്ക് സുരക്ഷിത പാതയും കേന്ദ്രവും ഒരുക്കുമെന്ന ഇസ്രായേൽ വാഗ്ദാനം വിശ്വസിക്കാനാവില്ലെന്നും യു.എൻ ഏജൻസികൾ.
ചെറുത്തുനിൽപ്പിന്റെ തീവ്രത നാൾക്കുനാൾ വർധിക്കുകയാണെന്നും പിന്നിട്ട 48 മണിക്കൂറുകൾക്കിടെ 36 ഇസ്രായേൽ സൈനിക വാഹനങ്ങൾ തകർത്തുവെന്നും ഹമാസ്. ഗസ്സയിലേക്ക് ഉപരോധം ലംഘിച്ച് സഹായം എത്തിക്കാൻ അറബ് രാജ്യങ്ങൾക്കിടയിൽ കൂടിയാലോചന നടക്കുന്നതായി ജോർദാൻ വിദേശകാര്യ മന്ത്രി. തെക്കൻ ഗസ്സയിൽ സിവിലിയൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേലിനോട് നിർദേശിച്ചതായി വൈറ്റ് ഹൗസ്. യുദ്ധാനന്തര ഗസ്സയിൽ അന്താരാഷ്ട്ര സമാധാന സേനയെ നിയോഗിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും നീക്കം ശക്തമാക്കിയെന്ന് ബ്ലുംബെർഗ് റിപ്പോർട്ട്. ജെനിൻ അഭയാർഥി ക്യാമ്പിലും ഇന്ന് വെളുപ്പിന് ഇസ്രായേൽ സൈന്യം ഇരച്ചുകയറി. നിരവധി പേർ മരണപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.
Adjust Story Font
16