Quantcast

ആക്രമണം നടത്തുന്ന ഫലസ്‌തീനികളുടെ ബന്ധുക്കളെ ഗസ്സയിലേക്ക് നാടുകടത്തും; ഇസ്രായേലി പൗരന്മാർക്കും ബാധകം

നിയമപ്രകാരം ഇസ്രായേൽ പൗരന്മാരെയും നാടുകടത്താമെങ്കിലും രാജ്യത്ത് നിന്ന് പുറത്താക്കിയ ശേഷവും അവരുടെ പൗരത്വം നിലനിർത്തും

MediaOne Logo

Web Desk

  • Published:

    8 Nov 2024 4:36 AM GMT

israel new deportation law
X

ജറുസലേം: ഇസ്രായേലിൽ ആക്രമണം നടത്തുന്ന ഫലസ്‌തീൻ പൗരന്മാരുടെ ബന്ധുക്കളെ നാടുകടത്താനുള്ള നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കി. ഫലസ്‌തീൻ 'തീവ്രവാദി'കളെന്ന് വിളിക്കപ്പെടുന്ന സ്വന്തം പൗരന്മാർ ഉൾപ്പടെയുള്ളവരുടെ കുടുംബാംഗങ്ങളെ യുദ്ധത്തിൽ തകർന്ന ഗസ്സ മുനമ്പിലേക്കും മറ്റുസ്ഥലങ്ങളിലേക്കും നാടുകടത്താൻ സർക്കാരിനെ അനുവദിക്കുന്ന വിവാദ നിയമനിർമ്മാണത്തിനാണ് ഇസ്രായേൽ പാർലമെൻ്റ് അന്തിമ അംഗീകാരം നൽകിയിരിക്കുന്നത്.

ഇസ്രയേലിന്റെ നിയമനിർമാണ സഭയായ നെസെറ്റിൽ 41ന് എതിരെ 61 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്. ഇസ്രായേലിലെ ഫലസ്‌തീൻ പൗരന്മാർക്കും നിയമം ബാധകമാകും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ലിക്വിഡ് പാർട്ടിയിലെ രാഷ്ട്രീയ പ്രവർത്തകനായ ഹനോച്ച് മിൽവിഡ്‌സ്‌കിയാണ് ഈ വിവാദ നിയമനിർമാണം മുന്നോട്ടുവെച്ചത്. ഇത് പ്രകാരം അക്രമികളെന്ന് ആരോപിക്കപ്പെടുന്നവരുടെ അടുത്ത ബന്ധുക്കളെ നാടുകടത്താനുള്ള അധികാരം ആഭ്യന്തര മന്ത്രിക്ക് ഉണ്ടാകും.

ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയാമെന്ന് കരുതുന്ന, അല്ലെങ്കിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയോ ആക്രമണം നടത്തുമെന്ന് തിരിച്ചറിയുകയോ ചെയ്യുന്നവരെ ഇസ്രായേലിൽ നിന്ന് പുറത്താക്കും. 'ഭീകരവാദി' എന്ന് ഇസ്രായേലിൽ വിളിക്കപ്പെടുന്ന ഒരാളുടെ മാതാപിതാക്കളോ സഹോദരങ്ങളോ ഭാര്യയോ മക്കളോ ഇങ്ങനെ പുറത്താക്കപ്പെടാം. തീവ്രവാദ പ്രവർത്തനത്തെ കുറിച്ചോ സംഘടനകളെ കുറിച്ചോ വിവരങ്ങൾ നൽകിയില്ലെങ്കിലും നടപടിയുണ്ടാകും. ഇസ്രായേലിലെ ഫലസ്‌തീനികൾക്കും കിഴക്കൻ ജറുസലേമിലെ നിവാസികൾക്കും ഇത് ബാധകമായിരിക്കുമെന്നാണ് നിയമത്തിൽ പറയുന്നത്.

എല്ലാ ഫലസ്‌തീൻ വിഭാഗങ്ങളെയും തീവ്രവാദ സംഘടനകളായി മുദ്രകുത്തുകയാണ് ഇസ്രായേൽ. ഗസ്സയിലെ കൂട്ടക്കൊലക്ക് ഇരകളായവരോട് അനുഭാവം പ്രകടിപ്പിക്കുന്നവർ തീവ്രവാദത്തെ പിന്തുണക്കുകയാണെന്നാണ് ഇസ്രായേൽ പറയുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിൽ നിയമം ബാധകമാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. നിയമപ്രകാരം ഇസ്രായേൽ പൗരന്മാരെയും നാടുകടത്താമെങ്കിലും രാജ്യത്ത് നിന്ന് പുറത്താക്കിയ ശേഷവും അവരുടെ പൗരത്വം നിലനിർത്തും. ആഭ്യന്തരമന്ത്രിയാകും ഇത് സംബന്ധിച്ച വാദം വിളിച്ചുചേർക്കുക. പ്രതിഭാഗം അവതരിപ്പിക്കാൻ നിയമനടപടി നേരിടുന്നവർക്ക് അവകാശമുണ്ട്. അന്തിമതീരുമാനം എടുക്കാനും നാടുകടത്തൽ ഉത്തരവിൽ ഒപ്പിടാനും 14 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

പുറത്താക്കപ്പെട്ട ഇസ്രായേലി പൗരന്മാരെ ഏഴ് മുതൽ പതിനഞ്ച് വർഷത്തേക്കാണ് ഗസ്സയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും നാടുകടത്തുക. ഇസ്രായേലിലെ ഫലസ്‌തീനികളെ പത്ത് മുതൽ ഇരുപത് വർഷം വരെയും നാടുകടത്തും. എന്നാൽ, സുപ്രിംകോടതി കൂടി അംഗീകരിച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിൽ വരികയുള്ളൂ. പാർലമെന്റ് പാസാക്കിയ നിയമം സുപ്രിംകോടതിയിലെത്തിയാൽ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇസ്രയേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനും ഇസ്രയേൽ സൈന്യത്തിന്റെ നിയമ വിദഗ്‌ധനുമായ ഡോ. എറാൻ ഷമാൻ വ്യക്തമാക്കിയിട്ടുണ്ട്. തികച്ചും ഭരണഘടനാ വിരുദ്ധവും ഇസ്രായേലിൻ്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വ്യക്തമായ വൈരുദ്ധ്യവുമാണ് ഈ നിയമനിർമാണമെന്നും ഷമീർ-ബോറർ അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

കൂടാതെ, തീവ്രവാദ പ്രവർത്തനത്തിൻ്റെ ഭാഗമായോ, തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായോ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട 14 വയസിന് താഴെയുള്ള കുട്ടികൾക്ക് തടവ് ശിക്ഷ അനുവദിക്കുന്ന അഞ്ച് വർഷത്തെ താൽക്കാലിക ഉത്തരവും നെസെറ്റ് അംഗീകരിച്ചു. 41നെതിരെ 53 വോട്ടുകൾക്കാണ് നിയമത്തിന് അംഗീകാരം ലഭിച്ചത്. ഭീകരപ്രവർത്തനം നടത്തുന്നുവെന്ന് തിരിച്ചറിഞ്ഞ അധ്യാപകരെ നോട്ടീസ് കൂടാതെ പുറത്താക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് അധികാരം നൽകുന്ന നിയമത്തിനും പാർലമെൻ്റ് അന്തിമ അംഗീകാരം നൽകിയിട്ടുണ്ട്.

അധിനിവേശ കിഴക്കൻ ജറുസലേമിലെ ഫലസ്‌തീൻ സ്‌കൂളുകളും ഇസ്രായേലിലെ ഫലസ്‌തീൻ പൗരന്മാർ നടത്തുന്ന ഇസ്രായേലിനുള്ളിലെ സ്‌കൂളുകളും ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ഈ നിയമം. ഫലസ്‌തീൻ ഐഡന്റിറ്റി വെളിപ്പെടുത്തുകയോ പ്രകടിപ്പിക്കുകയോ ചെയ്യുക, ഫലസ്‌തീനെ പിന്തുണക്കുക, ഫലസ്‌തീന്റെ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അതിതീവ്രമായ ഭീകരവാദ പ്രവർത്തനമായാകും ഇസ്രായേൽ കണക്കാക്കുക. ഇത്തരത്തിൽ ഏതെങ്കിലും കാര്യങ്ങൾ ചെയ്യുന്ന അധ്യാപകരെ മുന്നറിയിപ്പ് കൂടാതെ പിരിച്ചുവിടും.

ഫലസ്‌തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര ഏജൻസിയെ (UNRWA) നിരോധിക്കുന്ന മറ്റൊരു നിയമം അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കൂടുതൽ കടുത്ത നടപടികളുമായി നെസെറ്റ് മുന്നോട്ടുപോകുന്നത്. ഭീകരർക്ക് അഭയം നൽകുന്നുവെന്നും ഹമാസുമായും മറ്റ് ഗ്രൂപ്പുകളുമായും ചേർന്ന് പ്രവർത്തിക്കുന്നുവെന്നുമുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്‌സ് ഏജൻസി ഫോർ ഫലസ്‌തീൻ റെഫ്യൂജീസ് എന്ന ഏജൻസിയെ ഇസ്രായേൽ നിരോധിച്ചത്. ദശലക്ഷക്കണക്കിന് ഫലസ്‌തീനികൾക്ക് ജീവൻരക്ഷാ സഹായം നൽകുന്ന പ്രധാന ഏജൻസിയായിരുന്നു UNRWA.

ഇസ്രായേൽ ഇതിനകം തന്നെ ഫലസ്‌തീനികളെ "അഡ്‌മിനിസ്‌ട്രേറ്റീവ് തടങ്കൽ" എന്നറിയപ്പെടുന്ന ഒരു അർദ്ധ ജുഡീഷ്യൽ പ്രക്രിയക്ക് കീഴിലാക്കിയിട്ടുണ്ട്. ആറുമാസമാണ് തടവ് അനുഭവിക്കേണ്ടത്. ഒരു കുറ്റവും വിചാരണയും കൂടാതെ അനിശ്ചിതകാലത്തേക്ക് തടങ്കൽ എത്രനാൾ വേണമെങ്കിലും നീട്ടാവുന്നതുമാണ്.

2023 ഒക്‌ടോബർ 7 മുതലുള്ള ഇസ്രായേൽ സൈനിക ആക്രമണങ്ങളിൽ ഗസ്സയിൽ 43,000-ത്തിലധികം ഫലസ്‌തീനികൾ ഇതിനോടകം കൊല്ലപ്പെട്ടുകഴിഞ്ഞു. ഗസ്സയിൽ ആക്രമണം ഇപ്പോഴും അതിരൂക്ഷമാണ്. വാസയോഗ്യമല്ലാത്ത ഇവിടെക്കാണ് ആളുകളെ നാടുകടത്താനുള്ള ഇസ്രയേലിന്റെ നീക്കങ്ങൾ പുരോഗമിക്കുന്നത്.

Summery: Israeli parliament passes law to deport relatives of ‘terrorists’

TAGS :

Next Story