Quantcast

ബന്ദി മോചനം: മൊസാദ് മേധാവി ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

ഗസ്സയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്താവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.

MediaOne Logo

Web Desk

  • Published:

    16 Dec 2023 2:29 PM GMT

Israeli, Qatari officials to meet in Oslo on Saturday: Report
X

ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ സംബന്ധിച്ച് മൊസാദ് മേധാവി ഡേവിഡ് ബർണിയ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് നോർവേ തലസ്ഥാനമായ ഓസ്‌ലോയിലാണ് കൂടിക്കാഴ്ചയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ബന്ദികളുടെ മോചനം അടക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാവും.

ഗസ്സയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്താവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ബന്ദികളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരങ്ങൾ പ്രതിരോധ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തി. ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകൻ സാമിർ അബുദഖ കൊല്ലപ്പെട്ടതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

അതേസമയം ചെങ്കടലിൽ ഹൂതികൾ തുടരുന്ന അക്രമം പാശ്ചാത്യൻ ശക്തികൾക്കും ഇസ്രായേലിനും വലിയ തലവേദനയാകുകയാണ്. ഹൂതി ആക്രമണം പ്രതിരോധിക്കാൻ വിവിധ രാജ്യങ്ങളുമായി ആലോചിച്ച് പ്രത്യേക ദൗത്യസേന രൂപീകരിക്കുമെന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവൻ പറഞ്ഞിരുന്നു. എന്നാൽ ഹൂതികൾക്കെതിരെ ചെങ്കടലിൽ ഒന്നും ചെയ്യാൻ യു.എസിന് കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ ഹുസൈൻ അൽ ബുഖൈതി പറഞ്ഞു.

നേരത്തേ ഒക്ടോബര്‍ ഏഴിനു ശേഷം ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് നാലുദിവസം വെടിനിര്‍ത്തുകയും ഇരുപക്ഷത്തും തടവിലുള്ളവരില്‍ ചിലരെ കൈമാറുകയും ചെയ്തിരുന്നു. രണ്ടുദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടിയെങ്കിലും പിന്നീട് യുദ്ധം പുനരാരംഭിച്ചു. ഇതിനുശേഷം ഇതാദ്യമായാണ് ഇസ്രായേലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഖത്തര്‍ ഉദ്യോഗസ്ഥനും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്.

TAGS :

Next Story