'അമ്മയും അച്ഛനും ചേർന്നു പീഡിപ്പിച്ചു, പോണോഗ്രഫിക്കായി ഉപയോഗിച്ചു'; ഇസ്രായേൽ മന്ത്രിക്കെതിരെ മകൾ
ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടെ ഹമാസ് പോരാളികൾ ഇസ്രായേൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന നെതന്യാഹുവിന്റെ വാദം ഏറ്റുപിടിച്ച മന്ത്രിയാണ് ഒറിറ്റ് സ്ട്രൂക്ക്.

ജെറുസലേം: വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള ഫലസ്തീൻ പ്രദേശങ്ങളിലെ ജൂതകുടിയേറ്റങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ഇസ്രായേലിൽ ഒരു വകുപ്പ് തന്നെയുണ്ട്. സെറ്റിൽമെന്റ് ആൻഡ് നാഷനൽ മിഷൻ എന്ന പേരിൽ. ആ വകുപ്പിനു നേതൃത്വം നൽകുന്ന മന്ത്രിയാണ് ഒറിറ്റ് സ്ട്രൂക്ക് എന്ന 65കാരി. കഴിഞ്ഞ ദിവസം സ്ട്രൂക്കിനും ഭർത്താവിനുമെതിരെ അവരുടെ സ്വന്തം മകൾ ഗുരുതരമായൊരു ആരോപണവുമായി രംഗത്തെത്തി. കുട്ടിയായിരിക്കെ തന്നെ മാതാപിതാക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആ വെളിപ്പെടുത്തൽ. പോണോഗ്രഫിക്കായി പീഡനദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്നും ആരോപണമുണ്ട്. ആ വാർത്ത റിപ്പോർട്ട് ഇസ്രായേൽ മാധ്യമങ്ങൾക്കു നിയന്ത്രണമുണ്ട്. പക്ഷേ, ഇസ്രായേൽ രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന വിവാദമായി മന്ത്രിയുടെ മകൾ നടത്തിയ വെളിപ്പെടുത്തൽ മാറുകയാണ്.
ദീർഘകാലമായി ഉള്ളിൽ കൊണ്ടുനടക്കുന്ന കാര്യമാണ് ഇപ്പോൾ പുറത്തുപറയുന്നതെന്നു പറഞ്ഞാണു കുട്ടിക്കാലത്തെ ലൈംഗിക പീഡന വിവരം സ്ട്രൂക്കിന്റെ മകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നത്. കടുത്ത കുറ്റബോധത്തിലും സംശയത്തിലും മാനസിക സംഘർഷത്തിലുമായിരുന്നു ഇത്രയും നാൾ. ചെറിയ കുട്ടിയായിരിക്കെ എന്നെ മാതാപിതാക്കളും സഹോദരനും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പീഡനം മുഴുവൻ ചിത്രീകരിക്കുകയും ചൈൽഡ് പോണോഗ്രഫിക്കായി ഉപയോഗിക്കുകയും ചെയ്തു. കുട്ടിക്കാലത്തെ പല ഓർമകളും ഇപ്പോൾ തികട്ടിവരുന്നുണ്ട്. കൂടുതൽ വേദനയായി അതെല്ലാം മാറുകയാണിപ്പോൾ. ഇങ്ങനെ പോകുന്നു വെളിപ്പെടുത്തലുകൾ.
മാതാപിതാക്കൾക്കെതിരെ ഇസ്രായേൽ പൊലീസിൽ പരാതി നൽകിയ ശേഷം അവർ രാജ്യം വിട്ടതായാണു വിവരം. നിലവിൽ ഇറ്റലിയിലാണു യുവതി കഴിയുന്നത്. അവിടെ സമാധാനത്തോടെയും സമാശ്വാസത്തോടെയും കഴിയാമെന്ന പ്രതീക്ഷയിലാണുള്ളതെന്നും പറയുന്നണ്ട് അവർ. ഇസ്രായേലിനു പുറമെ ഇറ്റലിയിലും സ്വന്തം മാതാപിതാക്കൾക്കെതിരെ അവൾ പരാതി നൽകിയിട്ടുണ്ട്. അവർ ഇസ്രായേലിൽ തിരിച്ചെത്തിയതായും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തീവ്ര വലതുപക്ഷ കക്ഷിയായ ജ്യൂയിഷ് പവർ പാർട്ടിയുടെ നേതാവാണ് ഒറിറ്റ് സ്ട്രൂക്ക്. വെസ്റ്റ് ബാങ്കിലെ അനധികൃതമായ ജൂത കുടിയേറ്റങ്ങളുടെ ശക്തയായ വക്താവാണ്. വെസ്റ്റ് ബാങ്കിനു പുറമെ കിഴക്കൻ ജറൂസലമും സമ്പൂർണമായി ഇസ്രായേലിന്റെ നിയന്ത്രണത്തിലാക്കണമെന്ന ആവശ്യം പലപ്പോഴും ഉയർത്താറുണ്ട് അവർ.
സ്ട്രൂക്ക് കുടുംബം തന്നെയും വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ പാർപ്പിടങ്ങളിലൊന്നിലാണു താമസിക്കുന്നത്. എല്ലാവർക്കും മനുഷ്യാവകാശമുണ്ടെങ്കിലും ഈ ഭൂമിയുടെ ഒരേ അവകാശികൾ ഇസ്രായേൽ ജനതയാണെന്നാണ് ഒരിക്കൽ ഒറിറ്റ് സ്ട്രൂക്ക് പറഞ്ഞത്. 2024 ഫെബ്രുവരിയിൽ ഇസ്രായേൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഫലസ്തീൻ ജനത എന്നൊരു സംഗതിയേ ഇല്ലെന്നും വാദിച്ചിരുന്നു അവർ. ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടെ ഹമാസ് പോരാളികൾ ഇസ്രായേൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന നെതന്യാഹുവിന്റെ വാദം ഏറ്റുപിടിച്ചും അവർ രംഗത്തെത്തിയിരുന്നു. ഗസ്സയിൽ ഒരുതരത്തിലുള്ള വെടിനിർത്തലും പാടില്ലെന്നും സ്ട്രൂക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഒരു ഫലസ്തീൻ ബാലനെ പീഡിപ്പിച്ച കേസിൽ ഇവരുടെ മകൻ സവിക്കി സ്ട്രൂക്ക് നേരത്തെ ജയിലിൽ കിടന്നിട്ടുണ്ട്. 2007ൽ 15 വയസുള്ള ഫലസ്തീൻ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. കുട്ടിയെ നഗ്നനാക്കി നിർത്തി മർദിക്കുകയും ശേഷം ഒഴിഞ്ഞ പാടത്ത് കെട്ടിയിട്ട് ഉപേക്ഷിക്കുകയുമായിരുന്നു സവിക്കിയും കൂട്ടാളിയും ചെയ്തത്. ആക്രമണത്തിൽ മുറിവേറ്റ് രക്തം വാർന്ന് മണിക്കൂറുകളോളം അവിടെ കിടന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. സംഭവത്തിൽ രണ്ടര വർഷത്തോളം ജയിലിൽ കിടന്ന ശേഷമാണ് സവിക്കി സ്ട്രൂക്ക് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
ഇസ്രായേൽ മന്ത്രിക്കെതിരായ മകളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിന് മാധ്യമങ്ങൾക്കു വിലക്കുണ്ട്. കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ പൊലീസ് ഗാഗ് ഓർഡർ പുറത്തിറക്കി വാർത്തകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. പരാതിയെ കുറിച്ചു വാർത്ത നൽകാൻ പൊലീസ് അനുവാദം നൽകിയിട്ടുണ്ടെങ്കിലും പ്രതികളെ കുറിച്ചും അന്വേഷണത്തെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടരുതെന്നു നിർദേശമുണ്ട്. സംഭവത്തിൽ വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ചും വാർത്ത പ്രസിദ്ധീകരിക്കാൻ പാടില്ല. കേസുമായി നേരിട്ടു ബന്ധമുള്ള സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്.
അതേസമയം, പല വിദേശ രാജ്യങ്ങളിൽ ശിശുപീഡനത്തനു കേസുകൾ നേരിടുന്ന പലരും വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ പ്രദേശത്ത് തങ്ങുന്നതായുള്ള റിപ്പോർട്ട് കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. കുടിയേറ്റ പ്രദേശങ്ങളിലും നിരവധി കുട്ടികൾ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടത്രെ. ശിശു സംരക്ഷണം ലക്ഷ്യമാക്കി സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹ്യൂമനിയം' ആണ് ആ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരുന്നത്.
Adjust Story Font
16