വെസ്റ്റ് ബാങ്കിൽ പള്ളിക്ക് തീയിട്ട് ഇസ്രായേലി കുടിയേറ്റക്കാർ; വൻ പ്രതിഷേധം
വംശീയ മുദ്രാവാക്യങ്ങൾ എഴുതി ചുമരുകൾ നശിപ്പിച്ചു
ജെറുസലേം: വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഇസ്രായേലി കുടിയേറ്റക്കാർ. സാൽഫിറ്റിന് വടക്കുള്ള ബിർ അൽ വാലിദൈൻ പള്ളിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വംശീയ മുദ്രാവാക്യങ്ങൾ എഴുതിവെച്ച് ചുമരുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പള്ളിയുടെ മുൻവശത്താണ് തീയിട്ടത്. തീ അകത്തേക്ക് പ്രവേശിക്കും മുമ്പ് നാട്ടുകാർ അണച്ചു. അക്രമികൾ ‘പ്രതികാരം’, ‘നീതിമാൻ പ്രതികാരം കാണുേമ്പാൾ സന്തോഷിക്കും, അവൻ തെൻറ പാദങ്ങൾ രക്തത്തിൽ കഴുകും’ എന്നിങ്ങനെ ചുമരുകളിൽ എഴുതിവെച്ചിട്ടുണ്ട്. കൂടാതെ ജൂത മതത്തിെൻറ പ്രതീകമായ സ്റ്റാർ ഓഫ് ഡേവിഡും വരച്ചുവെച്ചിട്ടുണ്ട്.
സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പള്ളിക്ക് നേരെയുണ്ടായ ആക്രമണം ദൈവത്തിെൻറ ഭവനത്തിന് നേരെയുള്ള ക്രിമിനൽ നടപടിയാണെന്ന് സാൽഫിറ്റ് എൻഡോവ്മെൻറ് ഡയറക്ടർ ഷെയ്ഖ് ഓത്മാൻ അൽദീൻ കുറ്റപ്പെടുത്തി. കുടിയേറ്റക്കാർ ഇത്തരം ഭീരുത്വ നടപടികൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ അപലപിക്കാനും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനും അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വംശീയമായ ചിത്രീകരണമാണ് പള്ളിയിൽ നടന്നതെന്ന് സാൽഫിറ്റ് ജില്ലാ ഗവർണർ അബ്ദുല്ലാഹ് കാമിൽ കുറ്റപ്പെടുത്തി. ഇത് ഇസ്ലാമിനും അറബികൾക്കുമെതിരായ കുറ്റകൃത്യമാണ്. ഇതിന് പിന്നിലുള്ളവരുടെ തീവ്രവാദ ചിന്താഗതിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇസ്രായേലി സൈന്യത്തിെൻറ സഹായം ലഭിച്ചതിനാലാണ് കുടിയേറ്റക്കാർക്ക് ഗ്രാമത്തിൽ കയറാനും പള്ളി നശിപ്പിക്കാനും സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഇസ്രായേൽ പൊലീസും ഷിൻബെത് സുരക്ഷാ സർവീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് ഇസ്രയേലി കുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിൽ അഴിച്ചുവിടുന്നത്. സർക്കാർ കണക്കുകൾ പ്രകാരം ഒരു മാസത്തിനിടെ അൽ അഖ്സ മസ്ജിദിൽ 20 തവണയാണ് റെയ്ഡുകളുണ്ടായത്. നവംബറിൽ ഇബ്രാഹീമി പള്ളിയിൽ 55 തവണ ബാങ്ക് വിളിക്കുന്നത് തടയുകയും ചെയ്തു.
ഇതേ കാലയളവിൽ തന്നെ ജബൽ അൽ മുഖബ്ബറിലെ അൽ ഷിയാ പള്ളി ഇസ്രായേലി സൈന്യം തകർത്തിരുന്നു. 20 വർഷമായി നിർമാണത്തിലിരിക്കുന്ന പള്ളിയാണിത്.
ഡിസംബർ ആദ്യത്തിൽ അനധികൃത കുടിയേറ്റക്കാരുടെ ഔട്ട്പോസ്റ്റ് സൈന്യം ഒഴിപ്പിച്ചതിനെത്തുടർന്ന് നിരവധി ഇസ്രായേലി കുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിലെ രണ്ട് നഗരങ്ങൾ ആക്രമിക്കുകയും വീടുകൾക്കും കാറുകൾക്കും തീയിടുകയും ചെയ്തിരുന്നു. സംഭവത്തിൽ എട്ടുപേരെ സൈന്യം അറസ്റ്റ് ചെയ്യുകയുണ്ടായി.
Adjust Story Font
16