കുടുംബത്തോടൊപ്പം കറങ്ങുന്നതിനിടെ ഗസ്സ യുദ്ധക്കുറ്റങ്ങളില്‍ നടപടി; ബ്രസീലില്‍നിന്ന് രക്ഷപ്പെട്ട് ഇസ്രായേല്‍ സൈനികന്‍
ബ്രസീൽ ഫെഡറൽ കോടതിയുടെ ഉത്തരവിനു പിന്നാലെ ഇസ്രായേൽ എംബസിയാണ് മുന്‍ സൈനികനെ രാജ്യം വിടാൻ സഹായിച്ചത്
ബ്രസീലിയ: ഗസ്സയിലെ യുദ്ധക്കുറ്റം ആരോപിച്ച് ബ്രസീലിയൻ ഫെഡറൽ പൊലീസ് നിയമനടപടികൾ ആരംഭിച്ചതിനു പിന്നാലെ മുന്‍ ഐഡിഎഫ് സൈനികൻ രാജ്യത്തുനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഗസ്സയിൽ ഒക്ടോബർ ഏഴിനുശേഷം നടക്കുന്ന ആക്രമണത്തിൽ പങ്കെടുത്ത ഐഡിഎഫ് അംഗം യുവാൽ വാഗ്ദാനിയാണ് ഇസ്രായേൽ സഹായത്തോടെ ബ്രസീലിൽനിന്നു പുറത്തുകടന്നതെന്ന് പ്രാദേശിക മാധ്യമമായ 'മെട്രോപോളിസ്' റിപ്പോർട്ട് ചെയ്തു. കുടുംബത്തോടൊപ്പം ബ്രസീലിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ഇയാൾ. വിവരമറിഞ്ഞ് 'ഹിന്ദ് റജബ് ഫൗണ്ടേഷൻ'(എച്ച്ആർഎഫ്) എന്ന എൻജിഒ നൽകിയ യുദ്ധക്കുറ്റം ആരോപിച്ചുള്ള പരാതിയിൽ ബ്രസീൽ ഫെഡറൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ ഗസ്സയിൽ വീടുകളും അഭയാർഥി കേന്ദ്രങ്ങളും ബോംബിട്ടു തകർത്ത സംഭവത്തിൽ പങ്കാളിയാണെന്നു കാണിച്ചാണ് ഇസ്രായേൽ സൈനികനെതിരെ എച്ച്ആർഎഫ് ബ്രസീലിയൻ ഫെഡറൽ ജില്ലാ കോടതിയെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിക്കാൻ ഫെഡറൽ പൊലീസിനോട് ഉത്തരവിടുകയായിരുന്നു കോടതി. അറസ്റ്റ് നടപടി ഉൾപ്പെടെയുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രായേൽ വൃത്തങ്ങൾ യുവാലിനോട് എത്രയും വേഗം ബ്രസീലിൽനിന്നു രക്ഷപ്പെടാൻ നിർദേശിച്ചത്. ഞായറാഴ്ച ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ആണ് മന്ത്രാലയത്തിന്റെ കോൺസുലാർ വിഭാഗത്തിലെയും ബ്രസീലിലെ എംബസിയിലെയും വൃത്തങ്ങളെ വിളിച്ച് അടിയന്തരമായ ഇടപെടൽ ആവശ്യപ്പെട്ടത്.
ബ്രസീലിലെ ഇസ്രായേൽ എംബസിയാണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ട് ചെയ്യുന്നത്. കുടുംബത്തോടൊപ്പം ബ്രസീലിലെ വിവിധ നഗരങ്ങളിൽ യാത്ര ചെയ്യുകയായിരുന്ന യുവാൽ വാഗ്ദാനി നിയമനടപടികളെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് ഇസ്രായേൽ വൃത്തങ്ങൾ അന്വേഷണത്തെ കുറിച്ച് അറിയിച്ചത്. ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശിക്കുകയും ചെയ്തു. തുടർന്ന് എംബസി വൃത്തങ്ങളുടെ സഹായത്തോടെയാണ് ബ്രസീലിൽനിന്നു രക്ഷപ്പെട്ടത്. സൈനികൻ വിമാനത്തിൽ ബ്രസീൽ വിട്ടതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
മകൻ സുരക്ഷിതമായി ബ്രസീലിൽനിന്നു രക്ഷപ്പെട്ടിട്ടുണ്ടെന്ന് യുവാലിന്റെ പിതാവ് ഇസ്രായേൽ മാധ്യമമായ 'ചാനൽ 12'നോട് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിക്ക് മകന്റെ സന്ദേശം ലഭിച്ചിരുന്നു. ഇതിനുശേഷം ഫോണിൽ ബന്ധപ്പെടാനായില്ലെങ്കിലും സുരക്ഷിതമായി വീട്ടിലെത്തുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മകൻ ഏതെങ്കിലും കേസിൽ പ്രതിയല്ലെന്നും കടുത്ത യാതനകളിലൂടെ കടന്നുപോയ സൈനികനാണെന്നും പിതാവ് പറഞ്ഞു. 2023 ഒക്ടോബർ 23ന് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ഹമാസ് ആക്രമണം നടക്കുമ്പോൾ സ്ഥലത്ത് യുവാലുണ്ടായിരുന്നുവെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഗസ്സയിലെ ആക്രമണത്തിൽ പങ്കെടുക്കുന്ന ഇസ്രായേൽ സൈനികർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ ആണ് എച്ച്ആർഎഫ്. ഗസ്സയിൽ കുടുംബത്തോടൊപ്പം ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ഹിന്ദിന്റെ പേരിലാണ് എൻജിഒയ്ക്ക് രൂപം നൽകിയത്. സൈനികരുടെ വിദേശയാത്രകൾ ഉൾപ്പെടെ നിരീക്ഷിച്ച് ആ രാജ്യങ്ങളിലെ നിയമസംവിധാനങ്ങളിൽ പരാതി നൽകുന്നതാണു സംഘത്തിന്റെ രീതി. ഇത്തരത്തിലാണ് യുവാൽ വാഗ്ദാനി ബ്രസീലിൽ എത്തിയ വിവരം അറിഞ്ഞ് പ്രാദേശിക കോടതിയിൽ പരാതി നൽകിയത്.
ഇസ്രായേൽ സൈനികനെതിരായ തെളിവുകൾ അടങ്ങിയ പരാതിയാണ് എച്ച്ആർഎഫ് ബ്രസീൽ കോടതിയിൽ സമർപ്പിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ യുവാൽ തന്നെ പങ്കുവച്ച വിഡിയോകൾ, ജിയോ ലൊക്കേഷൻ വിവരങ്ങൾ, മറ്റിടങ്ങളിൽനിന്നു ശേഖരിച്ച ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടെ ഹാജരാക്കിയിട്ടുണ്ട്. ഗസ്സയിലെ ആക്രമണദൃശ്യങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സംഭവത്തിൽ യുവാലിനെതിരായ പരാതിയും തെളിവുകളും ഉൾപ്പെടെ കോടതിയിൽ സമർപ്പിച്ച 500 പേജുള്ള റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ബ്രസീൽ മാധ്യമങ്ങൾക്കു ലഭിച്ചിട്ടുണ്ട്. രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ ഇയാളെ കരുതൽ തടങ്കലിൽ വയ്ക്കണമെന്ന് എച്ച്ആർഎഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. തെളിവുകൾ നശിപ്പിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവത്തിനു പിന്നാലെ ഐഡിഎഫ് അംഗങ്ങൾക്കായി ഇസ്രായേൽ ഭരണകൂടം സോഷ്യൽ മീഡിയ ഇടപെടലുകളിൽ കർശന നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സൈനിക നടപടികളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഡിയോകളോ മറ്റു വിവരങ്ങളോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുതെന്നു നിർദേശം നൽകിയതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ പോസ്റ്റുകൾ ഉപയോഗിച്ച് ഇസ്രായേൽ വിരുദ്ധർ നിയമനടപടി സ്വീകരിക്കാൻ ഇടയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നുമാണ് മന്ത്രാലയം സൂചിപ്പിച്ചിട്ടുള്ളത്.
Summary: Israel helps former IDF soldier leave Brazil amid investigation into Gaza war crimes
Adjust Story Font
16