Quantcast

വീണ്ടും ഖുർആൻ കത്തിച്ച് ​ഇസ്രായേലി സൈനികർ; ​അറബ് രാജ്യങ്ങൾ പ്രതിഷേധിക്കണമെന്ന് ഹമാസ്

വടക്കൻ ഗസ്സയിലെ പള്ളിയിലാണ് ഖുർആന്റെ പകർപ്പുകൾ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തത്

MediaOne Logo

Web Desk

  • Published:

    25 Aug 2024 7:13 AM GMT

വീണ്ടും ഖുർആൻ കത്തിച്ച് ​ഇസ്രായേലി സൈനികർ; ​അറബ് രാജ്യങ്ങൾ പ്രതിഷേധിക്കണമെന്ന് ഹമാസ്
X

ഗസ്സ സിറ്റി: ഗസ്സയിലെ പള്ളി തകർത്ത് ഖുർആന്റെ പതിപ്പുകൾ കത്തിച്ച ഇസ്രായേൽ സൈനികരുടെ നടപടിയെ അപലപിച്ച് ഹമാസ്. സൈനികരുടെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ അറബ്, മുസ്‍ലിം രാജ്യങ്ങളോടും സംഘടനകളോടും ഹമാസ് ആഹ്വാനം ചെയ്തു. ‘ഖുർആന്റെ പകർപ്പുകൾ കത്തിക്കുന്നതും നശിപ്പിക്കുന്നതും പള്ളികൾ തകർക്കുന്നതു​മെല്ലാം ഇസ്രായേലിന്റെ തീവ്രസ്വഭാവത്തെയാണ് കാണിക്കുന്നത്. വിദ്വേഷം നിറഞ്ഞ ക്രിമിനൽ സൈനികരാണ് അവർ. നമ്മുടെ രാജ്യത്തിന്റെ സ്വത്വവും പരിശുദ്ധിക്കുമെതിരായ ഫാസിഷ്റ്റ് പെരുമാറ്റമാണ് അവരുടേത്’ -ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

വടക്കൻ ഗസ്സയിലെ ബാനി സലേഹ് പള്ളിയിലാണ് ഖുർആന്റെ പകർപ്പുകൾ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തത്. ഇതിന്റെ വിഡിയോ ഇസ്രായേലി സൈനികർ പകർത്തുകയും ചെയ്തു. ഇതിന് പുറമെ ഖാൻ യൂനിസിലെ ചരി​ത്രപ്രസിദ്ധമായ ഗ്രാൻഡ് മോസ്ക്കും ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനിടെ 610 മുസ്‍ലിം പള്ളികളും 3 ചർച്ചുകളും ഇസ്രായേൽ പൂർണമായും തകർത്തുവെന്നാണ് ഗസ്സ സർക്കാർ മീഡിയ ഓഫിസ് പറയുന്നത്. ഫലസ്തീനിലെ മുസ്‍ലിം,​ ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കാനും ഗസ്സ മുനമ്പിനെതിരായ ഉൻമൂലന യുദ്ധം അവസാനിപ്പിക്കാനും ലോകത്തെ സ്വതന്ത്രരായ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഹമാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

‘ഇത് ഇസ്‍ലാമിനോടുള്ള യുദ്ധം’

ഫലസ്തീൻ ജനങ്ങളോടുള്ള ഇസ്രായേലിന്റെ യുദ്ധം ഇസ്‍ലാമിനോടുള്ള യുദ്ധം കൂടിയാണെന്ന് അമേരിക്കയിലെ ദെ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‍ലാമിക് റിലേഷൻസ് എന്ന സംഘടന വ്യക്തമാക്കി. ഖുർആൻ നശിപ്പിക്കുകയും പള്ളികളെ ലക്ഷ്യമിടുകയും ചെയ്യുന്നത് ഇതിന്റെ തെളിവാണ്. ഇസ്രായേലിന്റെ ഇത്തരം പ്രവർത്തനങ്ങളെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

‘ബൈഡൻ ഭരണകൂടം ഈ മതപരമായ അവഹേളനത്തെ അപലപിക്കണം. ഗസ്സയിലെ കൂട്ടക്കൊലയുടെയും പട്ടിണിയുടെയും കാമ്പയിൻ അവസാനിപ്പിക്കാൻ ഇസ്രായേലിനുള്ള ആയുധവിതരണം നിർത്തുകയും വേണം’ -കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‍ലാമിക് റിലേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ നിഹാദ് അവാദ് പ്രസ്താവനയിൽ പറഞ്ഞു.

ഗസ്സയിലെ മുസ്‍ലിംകൾ തകർക്കപ്പെട്ട പള്ളികളുടെ സമീപത്തുനിന്നാണ് നിലവിൽ നമസ്കാരിക്കുന്നത്. ഇത്തരത്തിൽ നമസ്കരിക്കുന്നവർക്ക് നേരെയും ഇസ്രായേൽ വലിയ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞമാസം വടക്കൻ ഗസ്സയിലെ ഷാതി അഭയാർഥി ക്യാമ്പിലെ തകർന്ന പള്ളിക്ക് സമീപം നമസ്കരിക്കുകയായിരുന്ന വിശ്വാസികൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഈ മാസം അഭയാർഥികൾ താമസിച്ച സ്കൂളിൽ നടത്തിയ ബോംബാക്രമണത്തിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. പ്രഭാത നമസ്കാരത്തിനിടെയായിരുന്നു ആക്രമണം.

മുസ്‍ലിം പുണ്യസ്ഥലങ്ങൾക്ക് നേരെയും ഇസ്രായേൽ സൈന്യം തുടർച്ചയായി അതിക്രമങ്ങൾ അഴിച്ചുവിടുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ ജെനിനിലുള്ള പള്ളിയിൽ അതിക്രമിച്ച് കയറുകയും ഇവിടെ ജൂത പ്രാർഥനകൾ നടത്തുകയും ചെയ്തിരുന്നു. മുസ്‍ലിംകളുടെ പുണ്യസ്ഥലമായ മസ്ജിദുൽ അഖ്സയിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന അതിക്രമത്തിന് ഇസ്രായേൽ ​മന്ത്രി തന്നെയാണ് നേതൃത്വം നൽകിയത്. ഇതിന് സുരക്ഷയൊരുക്കി ഇസ്രായേൽ സൈന്യവും അതികക്രമങ്ങൾക്ക് കൂട്ടുനിന്നു.

മുമ്പും ഖുർആൻ കത്തിച്ചു

ഒക്ടോബർ ഏഴിന് ശേഷമുള്ള യുദ്ധത്തിനിടെ നേരത്തെയും ഗസ്സയിൽ ഇസ്രായേൽ സൈനികർ ഖുർആൻ കത്തിച്ചിരുന്നു. ഖുർആൻ തീയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോ പഇസ്രായേലി സൈനികൻ തന്നെയാണ് പങ്കുവെച്ചത്. ഈ വീഡിയോ വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു.

ഇസ്രായേലി സൈനികൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സൈനിക വേഷത്തിൽ തോക്കും പിടിച്ചുനിൽക്കുന്ന സൈനികനെ കാണാം. തുടർന്ന് ത​ന്റെ കൈവശമുള്ള ഖുർആൻ ഇയാൾ തീയിലേക്ക് വലിച്ചെറിയുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇസ്രായേലി ആർമി റേഡിയോ റിപ്പോർട്ട് ചെയ്തിരുന്നു. സൈനികന്റെ പെരുമാറ്റം ഇസ്രായേൽ പ്രതിരോധ സേനയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇസ്രായേലി സൈന്യം പ്രസ്താവനയിൽ അറിയിച്ചത്. ഐ.ഡി.എഫ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. കൂടാതെ ഇത്തരം പെരുമാറ്റരീതികളെ അപലപിക്കുകയും ചെയ്യുന്നു. സംഭവത്തെക്കുറിച്ച് ഐ.ഡി.എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഗസ്സയിൽ ഖുർആൻ കത്തിക്കലും പള്ളികളും ചർച്ചുകളും തകർക്കലും നിർബാധം തുടരുകയാണ്.

TAGS :

Next Story