'ഗസ്സയിൽ തെരുവുനായ്ക്കളുടെ വില പോലും മനുഷ്യർക്കില്ല, പ്രകോപനമില്ലാതെയും വെടിവെക്കാൻ ഉത്തരവ്'; വെളിപ്പെടുത്തലുമായി മുൻ റിസർവ് സൈനികൻ
ഇസ്രായേലി മാധ്യമപ്രവർത്തകനായ ഹർ-സഹാവ് 86 ദിവസത്തെ റിസർവ് മിഷനായി ഗസ്സയിൽ എത്തിയപ്പോഴുള്ള അനുഭവങ്ങളാണ് ലേഖനത്തിൽ പങ്കുവെച്ചിട്ടുള്ളത്

ഗസ്സ സിറ്റി: ഗസ്സയിലെ ഫലസ്തീൻ പൗരന്മാർക്ക് നേരെ പ്രകോപനമില്ലെങ്കിലും വെടിയുതിർക്കാൻ സൈനികർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഗസ്സയിൽ സേവനം അനുഷ്ടിച്ച മുൻ ഇസ്രായേൽ റിസർവ് സൈനികൻ. ഫലസ്തീനികൾ യാതൊരു ഭീഷണി ഉയർത്തുന്നില്ലെങ്കിലും വെടി വെച്ചുകൊള്ളാൻ സൈനിക കമാൻഡർമാരാണ് സൈനികർക്ക് നിർദേശം നൽകിയിട്ടുള്ളത്. മാധ്യമപ്രവർത്തകനായ ചൈം ഹർ-സഹാവ് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്സിൽ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തൽ.
ഇസ്രായേലി മാധ്യമപ്രവർത്തകനായ ഹർ-സഹാവ് 86 ദിവസത്തെ റിസർവ് മിഷനായി ഗസ്സയിൽ എത്തിയപ്പോഴുള്ള അനുഭവങ്ങളാണ് ലേഖനത്തിൽ പങ്കുവെച്ചിട്ടുള്ളത്. "ഗസ്സ മുനമ്പിലെ ഫലസ്തീനികളുടെ ജീവിതം പ്രധാനമായും മുനമ്പിലെ കമാൻഡർമാരുടെ സ്വകാര്യവും വ്യക്തിപരവുമായ മൂല്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഫലസ്തീനികളെ കൊല്ലാൻ ഉത്തരവിടുന്ന മുതിർന്ന ഉദ്യോഗസ്ഥർക്ക് അതിന്റെ അനന്തര ഫലങ്ങൾ നേരിടേണ്ടി വരില്ല," ഹർ-സഹാവ് ലേഖനത്തിൽ വ്യക്തമാക്കി.
"ഗസ്സ മുനമ്പിലെ ഒരു മനുഷ്യജീവന് ഭക്ഷണത്തിനായി പ്രദേശത്ത് അലഞ്ഞുതിരിയുന്ന ആയിരക്കണക്കിന് തെരുവ് നായ്ക്കളുടെ ജീവനേക്കാൾ വില കുറവാണ്. സൈനികർക്ക് അപകടഭീഷണി ഇല്ലെങ്കിൽ, നായ്ക്കളെ വെടിവയ്ക്കുന്നത് നിരോധിച്ചുകൊണ്ട് വ്യക്തമായ ഉത്തരവ് നിലവിലുണ്ട്. എന്നാൽ മനുഷ്യരെ വെടിവെച്ച് കൊല്ലുന്നതിന് അങ്ങനെ യാതൊരു നിയന്ത്രണങ്ങളും നിലവിലില്ല,"ഹർ-സഹാവ് വെളിപ്പെടുത്തി.
ഒരിക്കൽ വെള്ളപ്പതാക വീശിയിരുന്ന, നിരായുധനായ ഒരു ഫലസ്തീനിയെ കൊല്ലാൻ ഒരു സീനിയർ കമാൻഡർ ഉത്തരവിട്ടിരുന്നതായി ഹർ-സഹാവ് ചൂണ്ടിക്കാട്ടി. വെള്ളപ്പതാക എന്താണെന്ന് തനിക്കറിയില്ല, അതുകൊണ്ട് വെടിവെക്കൂ എന്ന് കമാൻഡർ ഉത്തരവിടുകയായിരുന്നു എന്നും അദ്ദേഹം ലേഖനത്തിൽ കൂട്ടിച്ചേർത്തു.
Adjust Story Font
16