Quantcast

ഫലസ്തീൻ അനുകൂലികളെ നാടുകടത്തൽ: ട്രംപിന്‍റെ ഉത്തരവിനെതിരെ ഇസ്രായേലി വിദ്യാർഥികൾ

‘ഇസ്രായേലികളും ഫലസ്തീനികളും കെട്ടിപ്പടുക്കുന്ന സുപ്രധാന ബന്ധങ്ങളെയാണ് ഉത്തരവ്​ തകർക്കുന്നത്​’

MediaOne Logo

Web Desk

  • Updated:

    18 Feb 2025 3:31 AM

Published:

18 Feb 2025 2:28 AM

ഫലസ്തീൻ അനുകൂലികളെ നാടുകടത്തൽ: ട്രംപിന്‍റെ ഉത്തരവിനെതിരെ ഇസ്രായേലി വിദ്യാർഥികൾ
X

വാഷിങ്​ടൺ: കാമ്പസുകളിലെ ഫലസ്തീൻ അനുകൂല പ്രവർത്തകരെ നാടുകടത്താനുള്ള അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ എക്സിക്യൂട്ടീവ്​ ഉത്തരവിനെതിരെ കൊളംബിയ സർവകലാശാലയിലെ ഇസ്രായേലി വിദ്യാർഥികൾ. പോസ്റ്റ്ഡോക്ടറുകൾ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ എന്നിവർ ഇതുസംബന്ധിച്ച്​ തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ കത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

‘സെമിറ്റിക് വിരുദ്ധതയെ ചെറുക്കാനുള്ള അധിക നടപടികൾ’ എന്ന പേരിലാണ്​ ഉത്തരവ്​ പുറത്തിറക്കിയിട്ടുള്ളത്​. ജൂത, ഇസ്രായേലി വിദ്യാർഥികളായ ഞങ്ങളെ സംരക്ഷിക്കാനാണ്​ ഈ ഉത്തരവെന്ന്​ അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ നിയമം ഞങ്ങളെ സംരക്ഷിക്കുന്നില്ലെന്ന് വ്യക്തമായി പ്രഖ്യാപിക്കുകയാണെന്ന് വിദ്യാർഥികൾ​ കത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെയും ജീവനക്കാരുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ ഉത്തരവ് നിരീക്ഷണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കത്തിൽ പറയുന്നു.

ഇസ്രായേലിനെതിരായ വിമർശനത്തെ ജൂതവിരുദ്ധതയുമായി തെറ്റായി തുലനം ചെയ്യുന്നതും ജീവിതത്തിലെ നിർണായക ഘട്ടത്തിൽ ഫലസ്തീൻ വിദ്യാർഥികളെ നാടുകടത്തുന്നതിനെ ന്യായീകരിക്കാൻ ആയുധമാക്കുന്നതും ഇസ്രായേലി വിദ്യാർഥികളെന്ന നിലയിൽ ഞങ്ങൾക്ക് അനുവദിക്കാനാവില്ലെന്ന്​ കത്തിൽ ഒപ്പുവച്ച സ്കൂൾ ഓഫ് പ്രൊഫഷണൽ സ്റ്റഡീസിലെ വിദ്യാർഥി ജോഷ് ഡ്രിൽ പറഞ്ഞു. നാടുകടത്തലിലൂടെ വിയോജിപ്പുകളെ നിശബ്ദമാക്കുന്നത് ജൂത വിദ്യാർഥികളെ സംരക്ഷിക്കാനല്ല, മറിച്ച് ചരിത്രത്തിലെ ഒരു നിർണായക നിമിഷത്തിൽ ഇസ്രായേലികളും ഫലസ്തീനികളും കെട്ടിപ്പടുക്കുന്ന സുപ്രധാന ബന്ധങ്ങളെയാണ് അത് തകർക്കുന്നതെന്നും ജോഷ് ഡ്രിൽ വ്യക്​തമാക്കി.

ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തുന്ന അക്രമം ഭയാനകമാണ്, അത് അവസാനിപ്പിക്കുകയും അപലപിക്കുകയും വേണമെന്ന്​ കത്തിൽ ഒപ്പിട്ട പിഎച്ച്ഡി വിദ്യാർഥിയായ സഹർ ബോസ്റ്റോക്ക് പറഞ്ഞു. ‘എന്നെയും റിപ്പോർട്ട് ചെയ്യണോ? ഇസ്രായേലിനെക്കുറിച്ചുള്ള എല്ലാ വിമർശനങ്ങളെയും ജൂതവിരുദ്ധത എന്ന് വിശേഷിപ്പിക്കുന്നത് എന്നെ സംരക്ഷിക്കുന്നില്ല. ഇസ്രായേലികളുടെയും ഫലസ്തീനികളുടെയും ജീവൻ നഷ്ടപ്പെടുത്തുന്ന ഏറ്റവും അന്യായമായ പ്രവൃത്തികൾക്കെതിരെ പ്രതിഷേധിക്കുന്നതിൽനിന്ന് അത് ഞങ്ങളെ തടയുന്നു’ -സഹർ കൂട്ടിച്ചേർത്തു.

ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന യുഎസ്​ പൗരന്മാരല്ലാത്ത കോളജ് വിദ്യാർഥികളെ നാടുകടത്താനും വിസകൾ റദ്ദാക്കാനുമാണ്​ ട്രംപിന്‍റെ ഉത്തരവ്​​. 2025 ജനുവരി 29നാണ്​ ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ്​ ഉത്തരവ്​ പുറത്തിറക്കിയത്​. ഇതിനെതിരെ പൗരാവകാശ സംഘടനകൾ, സർവകലാശാലകൾ, സ്വതന്ത്ര അഭിപ്രായ വക്താക്കൾ എന്നിവരിൽനിന്ന് കടുത്ത വിമർശനം നേരിടുന്നുണ്ട്​. ഇതിന്​ പിന്നാലെയാണ്​ ഇപ്പോൾ ഇസ്രായേലി വിദ്യാർഥികളും ഉത്തരവിനെതിരെ രംഗത്തുവന്നിട്ടുള്ളത്​.

TAGS :

Next Story