Quantcast

ഗസ്സയിലെ ക്രിസ്ത്യൻ സ്‌കൂളിലും സാംസ്‌കാരികകേന്ദ്രത്തിലും ബോംബിടുമെന്ന് ഇസ്രായേൽ ഭീഷണി

ഗ്രീക്ക് ഓർത്തഡോക്‌സ് സ്‌കൂളിലും കൾച്ചറൽ സെന്ററിലും ആയിരക്കണക്കിന് ഫലസ്തീനികളാണ് അഭയാർത്ഥികളായി കഴിയുന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-30 09:57:07.0

Published:

30 Oct 2023 9:30 AM GMT

Israeli threatens to bomb Orthodox Cultural Center and school in Gaza, Israel-Palestine war 2023
X

ഗസ്സ സിറ്റി: ഇസ്രായേൽ കൂട്ടക്കുരുതിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8,000 കടന്നിരിക്കുകയാണ്. യു.എസ് ഉൾപ്പെടെ ലോകരാജ്യങ്ങളുടെ പിന്തുണയോടെ ഇപ്പോഴും മുടക്കമില്ലാതെ ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന. അതിനിടെ, ഗസ്സയിലെ ക്രിസ്ത്യൻ സാംസ്‌കാരിക കേന്ദ്രവും സ്‌കൂളും ആക്രമിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതായാണു പുതിയ വിവരം.

ഗസ്സ ഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് ജോർദാൻ ചാനലായ റുഅ്‌യാ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗസ്സയിൽ സ്ഥിതി ചെയ്യുന്ന അറബ് ഓർത്തഡോക്‌സ് കൾച്ചറൽ ആൻഡ് സോഷ്യൽ സെന്ററിനും ഗ്രീക്ക് ഓർത്തഡോക്‌സ് പാട്രിയാക്കേറ്റ് സ്‌കൂളിനുമാണു മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകൻ യൂനിസ് തിറാവിയുടെ എക്‌സ് പോസ്റ്റ് ഫലസ്തീനിൽനിന്നുള്ള ക്രിസ്ത്യൻ പുരോഹിതനായ മുൻദർ ഇസാഖും പങ്കുവച്ചിട്ടുണ്ട്.

ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ രണ്ടിടത്തും നൂറുകണക്കിന് ഫലസ്തീനികൾ അഭയം തേടിയിട്ടുണ്ട്. ഓർത്തഡോക്‌സ് കൾച്ചറൽ സെന്ററിൽ ആയിരത്തോളം പേരും ഗ്രീക്ക് സ്‌കൂളിൽ 500ലേറെ പേരും അഭയാർത്ഥികളായി കഴിയുന്നുണ്ടെന്ന് യൂനിസ് റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, ഗസ്സയിലെ ഫലസ്തീൻ റെഡ് ക്രസന്റ് ആസ്ഥാനത്തിനടുത്തും ഇസ്രായേൽ ആക്രമണം നടന്നു. ഗസ്സയിൽ അടിയന്തര മാനുഷിക സഹായങ്ങളുമായി പ്രവർത്തിക്കുന്ന സന്നദ്ധ കേന്ദ്രമാണ് റെഡ് ക്രസന്റ് ആസ്ഥാനം. ഇതിനു പുറമെ ഗസ്സയിലെ ആശുപത്രികളെ ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണമുണ്ടായി. തൽ അൽഹവായിലെ അൽഖുദ്‌സ് ആശുപത്രിയിലും നുസൈറാത് ക്യാംപിലും ശുജൈയ്യയിലുമെല്ലാം ആക്രമണം നടന്നു. ദക്ഷിണ ഗസ്സയിലുള്ള കാൻസർ ആശുപത്രിയായ തികാ ഹോസ്പിറ്റലിന്റെ പരിസരത്തും അൽശിഫാ ആശുപത്രിക്കടുത്തും ബോംബിട്ടതായി യൂനിസ് എക്‌സിൽ കുറിച്ചു.

Summary: Israeli military threatens to bomb the Orthodox cultural center, which is sheltering 1000 Palestinians , and the Greek Orthodox Patriarch school, which shelters more than 500 in Gaza

TAGS :

Next Story