അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ മന്ത്രിയുടെ നേതൃത്വത്തിൽ അതിക്രമം
മന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ കക്ഷികൾ
ജറുസലേം: അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ് പള്ളിയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേലികളുടെ അതിക്രമം. ജൂതൻമാരുടെ വാർഷിക നോമ്പ് ദിനമായ ‘ടിഷാ ബിഅവി’ന്റെ ഭാഗമായിട്ടാണ് ആയിരക്കണക്കിന് ആളുകൾ അൽ അഖ്സ പള്ളി മുറ്റത്തേക്ക് അതിക്രമിച്ച് കയറിയത്.
തീവ്ര വലതുപക്ഷക്കാരനും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻഗിവിറിന്റെ നേതൃത്വത്തിലാണ് പള്ളിയിലേക്ക് അതിക്രമിച്ച് കയറുകയും പ്രാർഥന നിർവഹിക്കുകയും ചെയ്തത്. ജൂതൻമാരുടെ മതപരമായ ആചാരങ്ങൾ ഇവിടെ നിരോധിച്ചിട്ടുണ്ടെങ്കിലും ഇസ്രായേലി പൊലീസ് അതിക്രമകാരികൾക്ക് എല്ലാവിധ സംരക്ഷണവും നൽകി. ഇസ്‍ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലവും ഫലസ്തീൻ ദേശീയ സ്വത്വത്തിന്റെ പ്രതീകവുമാണ് അൽ അഖ്സ പള്ളി.
ഹമാസിനെ പരാജയപ്പെടുത്തുമെന്ന് പ്രാർഥനക്കിടെ ചിത്രീകരിച്ച വിഡിയോയിൽ മന്ത്രി ബെൻ ഗിവിർ പറഞ്ഞു. ഇവിടെ പ്രാർഥനക്ക് പ്രാപ്തമാക്കുകയാണ് തങ്ങളുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ ജൂത സ്തുതികൾ ആലപിച്ചതായി ഈ പ്രദേശത്തിന്റെ സംരക്ഷകരായ ജോർദാൻ വഖഫ് പ്രതിനിധികൾ അറിയിച്ചു. മന്ത്രി ബെൻഗിവിർ പള്ളിയിലെ തൽസ്ഥിതി നിലനിർത്തുന്നതിന് പകരം ജൂത ദൗത്യത്തിന് നേതൃത്വം നൽകുകയും പള്ളിയിലെ നിലവിലെ സ്ഥിതിഗതികൾ മാറ്റാൻ ശ്രമിക്കുകയും ചെയ്തതാതയും അധികൃതർ കുറ്റപ്പെടുത്തി.
ഇതേസമയം, മുസ്‍ലിം വിശ്വാസികളെ പള്ളിക്കകത്തേക്ക് കടയ്ക്കുന്നതിൽനിന്ന് ഇസ്രായേൽ പൊലീസ് തടയുകയും ചെയ്തു. ഇസ്രായേൽ മന്ത്രി യിത്സാക് വാസർലൗഫും ഇസ്രായേലി സെനറ്റിലെ മറ്റു അംഗങ്ങളും മാർച്ചിൽ അണിനിരന്നതായാണ് റിപ്പോർട്ട്. കൂടാതെ അതിക്രമകാരികൾ ഇസ്രായേലി പതാക സ്ഥാപിക്കുകയും ചെയ്തു.
അതേസമയം, ബെൻഗിവിറിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തുവന്നു. മന്ത്രിമാർക്ക് സ്വന്തമായി നയങ്ങൾ രൂപീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ടെംപിൾ മൗണ്ടിലെ ഇസ്രായേലിന്റെ നയം മാറിയിട്ടില്ല. അത് നിലവിലുള്ളത് പോലെ തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ ഇസ്രായേലി പ്രതിപക്ഷവും തീവ്ര ഓർത്തഡോക്സ് കക്ഷികളും ബെൻഗിവിറിനെതിരെ രംഗത്തുവന്നു. മതപരമായ കാരണങ്ങളാൽ അൽ അഖ്സ പള്ളിയിലേക്ക് പ്രവേശിക്കരുതെന്നാണ് ഇവരുടെ നിലപാട്.
ബെൻഗിവിറിന്റെ പ്രസ്താവന ഇസ്രായേലി പൗരൻമാരെയും സൈന്യത്തെയും അപകടത്തിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പറഞ്ഞു. ഭരണകൂടത്തിലെ നിരുത്തരവാദപരാമ ഒരുകൂട്ടം തീവ്രവാദികൾ ഇസ്രായേലിനെ പ്രാദേശിക യുദ്ധത്തിലേയ്ക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 18നും ബെൻഗിവിറിന്റെ നേതൃത്വത്തിൽ കുടിയേറ്റക്കാർ അൽഅഖ്സ മസ്ജിദിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. കൂടാതെ അല്‍അഖ്‌സ പള്ളി ഇമാമും പ്രമുഖ പണ്ഡിതനുമായ ശൈഖ് ഇക്രിമ സാബ്രിയെ ഇസ്രായേല്‍ ദിവസങ്ങൾക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ ജുമുഅ പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത് 624 പേർ
വെസ്റ്റ്ബാങ്കിലും ചൊവ്വാഴ്ച നിരവധി ഇസ്രായേലികൾ ജൂത വിശ്വാസദിനത്തിന്റെ ഭാഗമായി റാലികൾ നടത്തുകയും ഫലസ്തീനികൾക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുടിയേറ്റക്കാർ മതപരമായ ദിനങ്ങളെ ഫലസ്തീൻ ഭൂമി കൈയേറാനുള്ള അവസരമാക്കി മാറ്റുകയാണെന്ന് റാമല്ലയിൽനിന്ന് അൽ ജസീറയുടെ നിദ ഇബ്രാഹിം റിപ്പോർട്ട് ചെയ്യുന്നു. സമൂഹം ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ കുടിയേറ്റ അധിനിവേശമാണ് നടന്നതെന്നും ഇത് പതിവായി മാറിയെന്നും അത് തവാനി ഗ്രാമത്തിലുള്ളവർ പറഞ്ഞതായി നിദ ഇബ്രാഹിം വ്യക്താമാക്കി.
ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരും പൊലീസുമെല്ലാ വലിയരീതിയിൽ ആക്രമണമാണ് അഴിച്ചുവിടുന്നത്. ഇതുവരെ 145 കുട്ടികളടക്കം 624 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 10 മാസത്തിനിടെ ആയിരക്കണിക്ക് പേരെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ വീട് നശിപ്പിച്ചത് കാരണം നിരവധി പേർ കുടിയിറക്കപ്പെടുകയും ചെയ്തു. സംഘർഷങ്ങൾക്കിടെ 12 സുരക്ഷ ഉദ്യോഗസ്ഥരടക്കം 18 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
Adjust Story Font
16