ചെങ്കടലിലെ ഹൂതി ആക്രമണം; ഇസ്രായേലിലെ എയ്‌ലാത് തുറമുഖത്തെ വ്യാപാരത്തിൽ 85 ശതമാനം ഇടിവ്
പൊട്ടാഷ് കയറ്റുമതി ചെയ്യുന്ന ഏതാനും ചെറിയ കപ്പലുകൾ മാത്രമാണ് ഇപ്പോൾ തുറമുഖത്ത് എത്തുന്നതെന്നും താമസിയാതെ ഇതും നിർത്തേണ്ടിവരുമെന്നും എയ്‌ലാത് സി.ഇ.ഒ പറഞ്ഞു.
ജറുസലേം: ചെങ്കടലിലെ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ ആക്രമണം കടുപ്പിച്ചതോടെ ഇസ്രായേലിലെ എയ്‌ലാത് തുറമുഖത്തെ വ്യാപാരത്തിൽ 85 ശതമാനം ഇടിവ്. ചാവുകടൽ വഴിയുള്ള കാർ ഇറക്കുമതിയും പൊട്ടാഷ് കയറ്റുമതിയുമാണ് പ്രധാനമായും എയ്‌ലാത് തുറമുഖം വഴി നടക്കുന്നത്. മെഡിറ്ററേനിയൻ കടലിലുള്ള ഇസ്രായേൽ തുറമുഖങ്ങളാണ് ഹൈഫ, അഷ്ദൂദ് എന്നിവയെ അപേക്ഷിച്ച് ചെറിയ തുറമുഖമാണ് എയ്‌ലാത്.
ജോർദാനിലെ ഏക തീരദേശ പ്രവേശന കേന്ദ്രമായ അഖാബയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന എയ്ലാത്ത്, സൂയസ് കനാൽ വഴിയല്ലാതെ കിഴക്കൻ മേഖലയിലേക്ക് പ്രവേശിക്കാൻ ഇസ്രായേലിന് വഴിയൊരുക്കുന്ന തുറമുഖമാണ്. ഹൂതി ആക്രമണത്തെ തുടർന്ന് കപ്പലുകൾ വഴിതിരിച്ചുവിടാനുള്ള തീരുമാനം തുടക്കത്തിൽ തന്നെ പ്രതികൂലമായി ബാധിച്ച തുറമുഖമാണ് എയ്‌ലാത്.
നിലവിൽ പൊട്ടാഷ് കയറ്റുമതി ചെയ്യുന്ന ഏതാനും ചെറിയ കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. അതും അധികകാലം തുടരാനാവുമെന്ന് കരുതുന്നില്ല. താമസിയാതെ ഒരു കപ്പൽ പോലും വരാത്ത തുറമുഖമായി എയ്‌ലാത് മാറുമെന്നും സി.ഇ.ഒ ജിദിയോൻ ഗോർബെർ പറഞ്ഞു.
ചെങ്കടലിലൂടെയുള്ള വഴി ഒഴിവാക്കിയാൽ ആഫ്രിക്കയുടെ തെക്കൻ തീരം വഴി ചുറ്റി സഞ്ചരിച്ചാൽ മാത്രമേ കപ്പലുകൾക്ക് മെഡിറ്ററേനിയനിൽ എത്താൻ കഴിയുകയുള്ളൂ. ഇത് രണ്ട് മൂന്ന് ആഴ്ച അധികം സമയമെടുക്കും. ഇതിന് ഭാരിച്ച ചെലവ് വേണ്ടിവരുമെന്നും ഇസ്രായേൽ അധികൃതർ പറയുന്നു.
Adjust Story Font
16