വെടിനിർത്തൽ കരാറിൽ മൗനം പാലിച്ച് അമേരിക്കൻ കോൺഗ്രസിൽ നെതന്യാഹു; പ്രക്ഷോഭകർ ഇറാൻ പിന്തുണയുള്ള വിഡ്ഢികളെന്ന് പരിഹാസം
യുദ്ധകുറ്റവാളിയെ ആദരിച്ച നടപടി ലജ്ജാകരമെന്നും ചില ഡമോക്രാറ്റ് പ്രതിനിധികൾ കുറ്റപ്പെടുത്തി
ദുബൈ: വെടിനിർത്തൽ കരാറിനെ കുറിച്ച് മൗനം പാലിച്ചും ഹമാസിനുമേൽ സമ്പൂർണവിജയം നേടും വരെ യുദ്ധം തുടരുമെന്നും വ്യക്തമാക്കി യു.എസ് കോൺഗ്രസിന് മുമ്പാകെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരെ വാഷിങ്ടണിലും മറ്റും തുടരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ അണിനിരന്നവരെ രൂക്ഷമായി അധിക്ഷേപിക്കാനും നെതന്യാഹു മറന്നില്ല.
ഇറാൻ പ്രയോജനപ്പെടുത്തുന്ന വിഡ്ഢികളെന്നും തെഹ്റാന്റെ ഫണ്ട് സ്വീകരിക്കുന്നവരെന്നും പ്രക്ഷോഭകരെ നെതന്യാഹു വിമർശിച്ചു. അമ്പതോളം ഡമോക്രാറ്റ് അംഗങ്ങൾ നെതന്യാഹുവിന്‍റെ പ്രസംഗം ബഹിഷ്കരിച്ചു. വൈസ് പ്രസിഡൻറ് കമലാ ഹാരിസ് ഉൾപ്പെടെയുള്ളവരും വിട്ടുനിന്നു. യുദ്ധകുറ്റവാളിയെ ആദരിച്ച നടപടി ലജ്ജാകരമെന്നും ചില ഡമോക്രാറ്റ് പ്രതിനിധികൾ കുറ്റപ്പെടുത്തി. യു.എസ് കോൺഗ്രസിനു പുറത്ത് ആയിരങ്ങൾ നെതന്യാഹുവിനും ഇസ്രായേലിന് ആയുധം കൈമാറുന്ന ബൈഡൻ ഭരണകൂടത്തിനുമെതിരെ പ്രതിഷേധിച്ചു.
അഞ്ച് പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദോഹയിലേക്ക് വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം ഇന്ന് എത്തുമെന്നാണ് വിവരം. താൽക്കാലിക വെടിനിർത്തൽ സമയം കഴിഞ്ഞാൽ ഗസ്സയിൽ യുദ്ധം തുടരാൻ രേഖാമൂലമുള്ള അനുമതി വേണമെന്ന് നെതന്യാഹു ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 121 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു.
Adjust Story Font
16