ആഭ്യന്തര ശൈഥില്യത്തിൽ ആടിയുലഞ്ഞ് ഇസ്രായേൽ; യുദ്ധകാര്യ മന്ത്രിസഭയ്ക്ക് അധികം ആയുസില്ലെന്ന് റിപ്പോര്‍ട്ട്
ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാഥറിന്‍ കൊളോന്ന
ഗസ്സ സിറ്റി/ദുബൈ: ഗസ്സ യുദ്ധം മൂന്നുമാസം പിന്നിട്ടിരിക്കെ, ആഭ്യന്തര ശൈഥില്യത്തിൽ ആടിയുലഞ്ഞ് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ. രാഷ്ട്രീയ, സൈനിക നേതൃത്വം തമ്മിലെ ഭിന്നത രൂക്ഷമായി. ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാഥറിന്‍ കൊളോന്നയും രംഗത്തെത്തി. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം 162 പേരാണു കൊല്ലപ്പെട്ടത്. അതിനിടെ, ഇറാൻ ഇരട്ട സ്ഫോടനത്തിൽ 11 പേർ പിടിയിലായി. ആക്രമണം നടത്തിയവർക്കെതിരെ പ്രതികാരനടപടി ഉറപ്പാണെന്ന് ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കി.
സൈന്യത്തോടുള്ള സമീപനത്തെച്ചൊല്ലി ഇസ്രായേൽ മന്ത്രിസഭാംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. യുദ്ധകാര്യ മന്ത്രിസഭക്ക് അധികം ആയുസില്ലെന്ന് മന്ത്രിമാരെ ഉദ്ധരിച്ച് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധകാര്യ മന്ത്രിസഭ ദേശീയദുരന്തമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് വിമര്‍ശിച്ചു. രാഷ്ട്രീയനേട്ടത്തിന് സൈന്യത്തെ ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് നെതന്യാഹുവിന് താക്കീത് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്. താനുമായി ആലോചിക്കാതെ സൈനിക മേധാവി അന്വേഷണത്തിന് ഉത്തരവിട്ടതിൽ പ്രതിരോധ മന്ത്രിക്ക് എതിർപ്പുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തെ കുറ്റപ്പെടുത്താൻ രാഷ്ട്രീയനേതാക്കൾ ആസൂത്രിത നീക്കം നടത്തുന്നത് സൈനികരുടെ ആത്മവീര്യം തകർക്കുന്നതായും റിപ്പോർട്ടുണ്ട്.
ഗസ്സയിലെ അവസ്ഥ മുൻനിർത്തി വിമാനമാർഗം ജോർദാനുമായി ചേർന്ന് സഹായം എത്തിക്കുമെന്ന ഫ്രാൻസിന്‍റെ പ്രഖ്യാപനം ഇസ്രായേലിന് തിരിച്ചടിയായി. ഗസ്സയുടെ ഭാവി തീരുമാനിക്കേണ്ടത് ഇസ്രായേൽ അല്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാഥറിന്‍ കൊളോന്ന വ്യക്തമാക്കി. ഭൂമിയിലെ ഏറ്റവും വലിയ നരകമായി ഗസ്സ മാറിയെന്ന് നോർവീജിയൻ വിദേശകാര്യ മന്ത്രി എസ്പെന്‍ ബാര്‍ത്ത് എയ്ഡ് പറഞ്ഞു.
ഗസ്സയിലെ യുദ്ധതന്ത്രങ്ങൾ സംബന്ധിച്ച് നെതന്യാഹുവും സൈന്യവും ഭിന്നതയും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഹമാസിനെ തുരത്താതെയും ബന്ദികളെ മോചിപ്പിക്കാതെയും സമ്പൂർണ വിജയം ഉണ്ടാകില്ലെന്ന് നെതന്യാഹു പറയുന്നു. തുർക്കിയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ ഗസ്സ വിഷയം നേതാക്കളുമായി ചർച്ച ചെയ്യും. അധിനിവേശം അവസാനിപ്പിക്കുന്നതിനാണ് ബ്ലിങ്കന്‍ മുൻകൈയെടുക്കേണ്ടതെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ ചൂണ്ടിക്കാട്ടി.
അതിനിടെ, ദക്ഷിണ ലബനാനിൽ നിന്ന് ഇസ്രായേലിനു നേർക്ക് കൂടുതൽ മിസൈലുകളെത്തി. വ്യാപക പ്രത്യാക്രമണം നടത്തിയെന്ന് സൈന്യം അവകാശപ്പെട്ടു. ഗസ്സയിൽ കനത്ത ആക്രമണം തുടരുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം 162 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 296 പേർക്ക് പരിക്കുണ്ട്. ഗസ്സയിൽ ഇതുവരെ 12,500 സൈനികർക്ക് പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തതായി പ്രതിരോധ മന്ത്രാലയം വിലയിരുത്തിയെന്ന ഇസ്രായേൽ മാധ്യമ വാർത്തകൾ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഇരട്ടസ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 11 പേരെ സൈന്യം പിടികൂടിയെന്ന് ഇറാൻ അറിയിച്ചു. ചാവേർ സംഘത്തെ പുറത്തുനിന്ന് എത്തിച്ചവരും പിടിയിലായവരിൽ ഉൾപ്പെടും. സ്ഫോടനത്തിന് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി വ്യക്തമാക്കി. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യം തീരുമാനിക്കുമെനനും അദ്ദേഹം പറഞ്ഞു.
മുതിർന്ന ഹമാസ് നേതാവ് സാലിഹ് അറൂരിയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ യു.എൻ രക്ഷാസമിതിയിൽ പരാതി നൽകിയിരിക്കുകയാണ് ലബനാൻ.
Summary: Israel's Netanyahu government reeling from internal strife; It is reported that the War Ministry will not last long
Adjust Story Font
16