Quantcast

ഗസ്സയിൽ ഇസ്രായേൽ കരയുദ്ധം വൈകിപ്പിച്ചേക്കും; കാലാവസ്ഥ മോശമെന്ന് വിശദീകരണം

ഒന്നരവർഷത്തോളം നീണ്ടു നിൽക്കുന്ന കരയുദ്ധത്തിനാണ് ഇസ്രായേൽ കോപ്പു കൂട്ടുന്നതെന്നാണ് സൂചന

MediaOne Logo

Web Desk

  • Updated:

    2023-10-15 08:15:27.0

Published:

15 Oct 2023 7:22 AM GMT

Israels strike on Gaza has been delayed
X

ഗസ്സ സിറ്റി: ഗസ്സയ്ക്ക് മേൽ ഇസ്രായേൽ നടത്താനൊരുങ്ങുന്ന കരയുദ്ധം വൈകിയേക്കുമെന്ന് സൂചന. ഗസ്സ മുമ്പനിൽ കാലാവസ്ഥ അതിരൂക്ഷമായതിനാൽ ഇവിടെ യുദ്ധത്തിന് നിലവിൽ വെല്ലുവിളികളേറെയാണെന്നാണ് ഇസ്രായേലി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്തയാഴ്ചയോടെയാവും കരമാർഗ്ഗവും ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുക.

ഒന്നരവർഷത്തോളം നീണ്ടു നിൽക്കുന്ന കരയുദ്ധത്തിനാണ് ഇസ്രായേൽ കോപ്പു കൂട്ടുന്നതെന്നാണ് സൂചന. ഗസ്സയിൽ ശത്രുക്കൾക്കെതിരെ ഏത് വിധേനയുമുള്ള ആക്രമണത്തിന് സായുധസേനകൾക്ക് ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കരയുദ്ധം വൈകുന്നത് ഫലസ്തീനികൾക്ക് ഗസ്സയിൽ നിന്ന് പലായനം ചെയ്യുന്നതിന് കൂടുതൽ സമയം അനുവദിക്കുമെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങൾ മുഴുവൻ പലായനം ചെയ്തതിന് ശേഷമേ യുദ്ധം ആരംഭിക്കൂവെന്ന് ഇസ്രായേലി പ്രതിരോധ സേനയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. തങ്ങൾ ഇതിനോടകം തന്നെ ഗസ്സ ജനതയ്ക്ക് ആവശ്യത്തിലധികം സമയം അനുവദിച്ചുവെന്നും അതവർ മനസ്സിലാക്കണമെന്നുമാണ് ഇസ്രായേലി ലെഫ്.കേണൽ ജൊനാഥൻ കോർണിക്കസിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

"ഇതാണ് ജനങ്ങൾക്ക് വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്യാൻ ഉചിതമായ സമയം. കയ്യിൽ കൊള്ളുന്ന അവശ്യ വസ്തുക്കളെടുക്കുക, തെക്കൻ ഗസ്സയിലേക്ക് പോവുക. ഹമാസ് ഒരുക്കുന്ന കെണിയിൽ വീഴരുത്". കോർണിക്കസ് അറിയിച്ചു.

എന്നാൽ അതിർത്തി കടന്നെത്തുന്ന ഫലസ്തീനികളെ ഈജിപ്ഷ്യൻ സേന തടയുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. റഫാ അതിർത്തി കോൺക്രീറ്റ് മതിലുകൾ കൊണ്ട് മറച്ചിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

അതേസമയം ഗസ്സയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 70 പേരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണം തുടരുമ്പോഴും പലായനത്തിന് രണ്ട് റോഡുകൾ സുരക്ഷിതമാണെന്നും ഇതുവഴി ഫലസ്തീനികൾക്ക് രക്ഷപെടാമെന്നുമാണ് ഇസ്രായേലിന്റെ അവകാശവാദം. ഗസ്സയിൽ നിന്നുള്ള ഹമാസ് ആക്രമണം മുൻനിർത്തി ഗസ്സയോട് ചേർന്ന ഇസ്രായേൽ പ്രദേശമായ സിദ്‌റത്തിൽ നിന്ന് ജനങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.


TAGS :

Next Story