റഫക്കു നേരെ കരയാക്രമണ മുന്നൊരുക്കം ശക്തമാക്കി ഇസ്രായേൽ
സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് അമേരിക്ക അറിയിച്ചു
തെല്‍ അവിവ്: ക്രൂരതയുടെയും വംശഹത്യയുടെയും 200 നാളുകൾ പിന്നിട്ട ഗസ്സയിൽ റഫക്കു നേരെ കരയാക്രമണ മുന്നൊരുക്കം ശക്തമാക്കി ഇസ്രായേൽ. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് അമേരിക്ക അറിയിച്ചു.
മുപ്പത്തി നാലായിരത്തിലേറെ പേരെ കൊന്നുതള്ളിയ ഇസ്രായേൽ ക്രൂരത ഇനി ലക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന ഗസ്സയിലെ റഫയിലേക്കും റഫക്കു നേരെയുള്ള കരയാക്രമണത്തിന്റെ മുന്നൊരുക്കങ്ങൾ സൈന്യം ഊർജിതമാക്കി. ഖാൻ യൂനുസിൽ ആളുകളെ താമസിപ്പിക്കാനായി സൈന്യം ടെന്‍റുകള്‍ പണിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.ഇസ്രായേൽ അതിർത്തിയോട് ചേർന്ന് ഇസ്രായേൽ സൈനികരും സൈനിക വാഹനങ്ങളും കൂട്ടമായി ഒരുങ്ങിനിൽക്കുന്നതായും പുതിയ താവളം സജ്ജമായതായും റിപ്പോർട്ടുകളുണ്ട്. രണ്ടു താവളങ്ങളിലായി 800ലേറെ സൈനിക വാഹനങ്ങൾ സജ്ജമായതായി അൽജസീറ റിപ്പോർട്ട് ചെയ്തു. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ ആക്രമണം പാടില്ലെന്ന യു.എസ്, യൂറോപ്യൻ അഭ്യർഥന തള്ളിയാണ് ഇസ്രായേൽ നീക്കം. റഫ ആക്രമണത്തിന് തങ്ങളുടെതായ പദ്ധതിയൊന്നും ഇസ്രായേലിന് കൈമാറിയിട്ടില്ലെന്ന് പെന്‍റഗണ്‍ അറിയിച്ചു.
എന്നാൽ ഇസ്രായേൽ കവർന്ന ഓരോ ഇഞ്ച് ഭൂമിയും തിരിച്ചുപിടിക്കും വരെ ഫലസ്തീൻ പോരാട്ടം തുടരുമെന്ന് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്സ് മുന്നറിയിപ്പ് നൽകി. ഗസ്സയിലെ അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് യു.എൻ നേതൃത്വം ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം വേണമെന്നും മനുഷ്യാവകാശങ്ങൾക്കായുള്ള യു.എൻ നേതൃത്വം ആവശ്യപ്പെട്ടു. വാർത്തയുടെ നിജസ്ഥിതി അറിയില്ലെന്നും ഇസ്രായേലിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയതായും വൈറ്റ് ഹൗസ് പ്രതികരിച്ചു.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ കൊളംബിയ സർവകലാശാലയിൽ തുടക്കമിട്ട വിദ്യാർഥി പ്രക്ഷോഭം യു.എസിലെ ഒട്ടുമിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പിടിച്ചുലക്കുകയാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധവുമായി തമ്പടിച്ച വിദ്യാർഥികളെ കൂട്ടമായി പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ 100ലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി.
Adjust Story Font
16