ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു
ഇവാന മഹത്തായ, പ്രചോദനാത്മകമായ ജീവിതം നയിച്ച വ്യക്തിയെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.
"മികച്ച, സുന്ദരിയായ, ആശ്ചര്യപ്പെടുത്തിയ സ്ത്രീയായിരുന്നു ഇവാന. മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം നയിച്ചു. അവളുടെ അഭിമാനവും സന്തോഷവും മൂന്ന് മക്കളായിരുന്നു- ഡൊണാൾഡ് ജൂനിയർ, ഇവാന്‍ക, എറിക്. ഞങ്ങൾ എല്ലാവരും അവളെക്കുറിച്ച് അഭിമാനിക്കുന്നതുപോലെ അവൾ അവരെക്കുറിച്ച് അഭിമാനിച്ചു"- ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 1977ലായിരുന്നു ഇരുവരും തമ്മിലെ വിവാഹം.
മുൻ ചെക്കോസ്ലോവാക്യയിൽ വളർന്ന ഇവാന മോഡലായിരുന്നു. കുട്ടിക്കാലത്ത് സ്കീയിങ് ചെയ്യുമായിരുന്ന അമ്മയെ കുറിച്ച് എറിക് ട്രംപ് കുറിച്ചതിങ്ങനെ- "ഞങ്ങളുടെ അമ്മ അസാധ്യ സ്ത്രീയായിരുന്നു - ബിസിനസ്സില്‍ ശക്ത, ലോകോത്തര അത്‌ലറ്റ്, തിളങ്ങുന്ന സൗന്ദര്യം, കരുതലുള്ള അമ്മയും സുഹൃത്തും. മൂന്ന് മക്കളും 10 പേരക്കുട്ടികളും മിസ് ചെയ്യും" .
വസ്ത്രങ്ങൾ, ആഭരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ ബിസിനസിലൂടെയും നിരവധി പുസ്തകങ്ങൾ എഴുതിയും സജീവമായിരുന്നു ഇവാന.
നടി മാർല മാപ്പിൾസുമായുള്ള ഡൊണാൾഡ് ട്രംപിന്റെ ബന്ധമാണ് ഇവാന അകലാന്‍ കാരണമെന്ന തരത്തില്‍ ഗോസിപ്പുകളുണ്ടായിരുന്നു. 90കളുടെ തുടക്കത്തിലാണ് ട്രംപും ഇവാനയും വിവാഹമോചനം നേടിയത്. 1993ൽ ട്രംപ് മാപ്പിൾസിനെ വിവാഹം കഴിച്ചു.1999ല്‍ ട്രംപും മാപ്പിള്‍സും പിരിഞ്ഞു. 2005ല്‍ ട്രംപ് മെലാനിയയെ വിവാഹം ചെയ്തു.
Adjust Story Font
16