മകനെ ഇസ്രായേൽ കൺമുമ്പിൽ വെടിവെച്ച് കൊന്നിട്ട് 23 ആണ്ട്; ജമാൽ അൽ ദുർറയ്ക്ക് വീണ്ടും ഉറ്റവരുടെ നഷ്ടം
രണ്ടാം ഇൻതിഫാദയുടെ നടുക്കുന്ന ചിത്രമാണ് ജമാൽ അൽ ദുർറ 11 കാരനായ മകൻ മുഹമ്മദ് അൽ ദുർറയെ ചേർത്തുപിടിച്ച് നിന്നത്
ജറുസലേം: 2000ത്തിൽ നടന്ന രണ്ടാം ഇൻതിഫാദയുടെ( ഫലസ്തീൻ പ്രക്ഷോഭം) നടുക്കുന്ന ചിത്രമാണ് ജമാൽ അൽ ദുർറ 11 കാരനായ മകൻ മുഹമ്മദ് അൽ ദുർറയെ ചേർത്തുപിടിച്ച് നിന്നത്. സംഘർഷത്തിനിടയിൽപ്പെട്ടപ്പോഴാണ് ഈ ദൃശ്യം പകർത്തപ്പെട്ടത്. തുടർന്ന് പിതാവിന്റെ കൺമുമ്പിൽ വെച്ച് മകനെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നു. വെടിയേറ്റ 11 കാരൻ പിതാവിന്റെ മടിയിലേക്ക് വീണുപിടഞ്ഞു. 2000 സെപ്തംബർ 30ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഫ്രാൻസ് 2 ജേണലിസ്റ്റാണ് പകർത്തിയത്.
രണ്ട് വിഭാഗങ്ങൾക്കിടയിൽ നടന്ന വെടിവെപ്പിനിടെ ജമാലും മകനും കുടുങ്ങുകയായിരുന്നു. തുടർന്ന് ഇരുവരും ഒരു കോൺക്രീറ്റ് സിലിണ്ടറിന് പിറകിലൊളിച്ചു. ഈ ദൃശ്യങ്ങളാണ് പിന്നീട് ഫലസ്തീനിൽ സാധാരണക്കാർ അനുഭവിച്ച പ്രശ്‌നങ്ങളുടെ തീവ്രത വെളിപ്പെടുത്തിയത്. വെടിവെക്കുന്നത് നിർത്താൻ ഒരു വിഭാഗത്തോട് ജമാൽ അപേക്ഷിച്ചു, അതിനിടെ മകൻ കരഞ്ഞു. സെക്കൻഡുകൾക്കകം വെടി ശബ്ദം മുഴങ്ങി, മുഹമ്മദ് ജമാലിന്റെ മടിയിലേക്ക് വീണു, പിന്നീട് കണ്ണടച്ചു. ഈ സംഭവം നടന്ന് 23 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. പക്ഷേ ജമാലിന്റെ കണ്ണീരിന് ഇപ്പോഴും അറുതിയില്ല. ഈ പ്രാവശ്യ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാലു കുടുംബാംഗങ്ങളെയാണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് സഹോദരങ്ങളും സഹോദര ഭാര്യയും ഏക മകളുമാണ് ജമാലിന് നഷ്ടപ്പെട്ടത്. നിരവധി കുട്ടികളടക്കം അയൽവാസികളും കൊല്ലപ്പെട്ടു.
'അധിനിവേശകർ മനപ്പൂർവം കുട്ടികളെ കൊല്ലുകയാണ്. എല്ലാ ദിവസവും ഒരു കുട്ടിയെ കൊല്ലുന്നു. 23 വർഷത്തിനിപ്പുറവും മുഹമ്മിനെ കൊന്നത് ആവർത്തിക്കുന്നു. മുഹമ്മദിന്റെ രക്തം ഇപ്പോഴും ഒഴുകുന്നു, ഇസ്രായേൽ സൈനിക സംവിധാനങ്ങളെ ലക്ഷ്യമിടുന്നില്ല. പാശ്ചാത്യ ആയുധങ്ങളുമായി അവർ സാധാരണക്കാരെ കൊല്ലുന്നു' ജമാൽ കുറ്റപ്പെടുത്തി.
ഹമാസിനെ തുടച്ചുനീക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഗസ്സയിൽ സമ്പൂർണ കര ആക്രമണം നടത്താനാണ് ഇസ്രായേൽ പദ്ധതി. ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് വടക്കൻ ഗസ്സയിലെ സിവിലിയന്മാരോട് തെക്കോട്ട് പലായനം ചെയ്യാൻ ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അങ്ങനെ നീങ്ങിയ സംഘത്തെ വരെ ആക്രമിക്കുകയും ചെയ്തു.
ഗസ്സ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലാണ് 2000ത്തിൽ സംഘർഷം നടന്നത്. 2005 വരെ നീണ്ട സംഘർഷത്തിൽ 3000ത്തിലേറെ ഫലസ്തീനികളും ആയിരം ഇസ്രായേലികളും കൊല്ലപ്പെട്ടു.
Jamal al-Dura lost his loved ones again in the Israeli attack
Adjust Story Font
16